ഗൂഡല്ലൂർ ∙ കനത്ത മഴയിൽ ഓവാലി പഞ്ചായത്തിൽ രണ്ടു വീടുകൾ തകർന്നു. ഭാരതി നഗറിലെ കനകരാജ്, മരപ്പാലത്തിലെ മുരുകേശ് എന്നിവരുടെ വീടുകളാണു മഴയിൽ തകർന്നത്. വീടുകളിലുള്ളവർ പുറത്തു ജോലിയിലായതു കൊണ്ട് ആളപായമുണ്ടായില്ല. ജില്ലയിലെ ഊട്ടി ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിൽ കനത്ത മഴ തുടരുകയാണ്. നടുവട്ടം ടിആർ ബസാർ ഭാഗങ്ങളിൽ മഴ ശക്തമായതോടെ ചെറിയ തോതിൽ മണ്ണിടിച്ചിലുണ്ടായി.

അണക്കെട്ടുകളിൽ സംഭരണ ശേഷിയിൽ കൂടുതൽ ജലം എത്തിയതോടെ ജില്ലയിലെ 8 അണക്കെട്ടുകൾ തുറന്നു വിട്ടു. പൈക്കാറ അണക്കെട്ട് തുറന്നതിനാൽ മായർ പുഴയിൽ വെള്ളം വർധിച്ചു. മസിനഗുഡിയിലേക്കുള്ള താൽക്കാലിക പാലം വെള്ളത്തിനടിയിലായതിൽ മസിനഗുഡിയിലേക്കുള്ള ഗതാഗതം രണ്ടാം ദിവസമായ ഇന്നലെയും സ്തംഭിച്ചു. തൊറപ്പള്ളി ഭാഗത്ത് വൈകുന്നേരത്തോടെ മരം വീണു ഗതാഗതം നിലച്ചു.

ഊട്ടിക്കടുത്ത് കല്ലക്കൊറയിൽ നിന്നും മണിഹട്ടിയിലേക്കു പോകുന്ന റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായി റോഡ് ഗതാഗതം സ്തംഭിച്ചു. കൂനൂർ റോഡിൽ വേൽവ്യൂവിൽ സ്വകാര്യ റിസോർട്ടിന്റെ കൂറ്റൻ പാർശ്വ ഭിത്തി തകർന്നു വീണു. മഴ ശക്തമായതിനാൽ ജില്ലയിൽ രാത്രി യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു. ജില്ലയിൽ ഒട്ടേറെ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. മഴ ശക്തമായതിനാൽ ഉരുൾപൊട്ടൽ ഭീഷണിയിലാണു മിക്ക പ്രദേശങ്ങളും.