ADVERTISEMENT

പുല്‍പള്ളി ∙ മുള്ളന്‍കൊല്ലി റൂട്ടിലെ മത്സ്യ-മാംസ സ്റ്റാളില്‍ വില്‍പനയ്ക്കു വച്ച പോത്തിറച്ചിയില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ മണ്ണെണ്ണയൊഴിച്ചതു പ്രതിഷേധത്തിനിടയാക്കി. ഇന്നലെ രാവിലെയാണ് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥര്‍ കരിമം ചിക്കന്‍ ആൻഡ് ഫിഷ് സ്റ്റാളില്‍ ഇറച്ചി നശിപ്പിച്ചത്. കടയില്‍ തൂക്കിയിട്ടിരുന്നതും തട്ടിലിരുന്നതുമായ 50 കിലോയോളം മാംസം നശിപ്പിച്ചെന്ന് ഉടമ കുടകപ്പറമ്പില്‍ കെ.സി.ബിജു പറയുന്നു.

ഹൈക്കോടതി അനുമതിയോടെ പഞ്ചായത്ത് ലൈസന്‍സെടുത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ 6 അംഗ സംഘം അതിക്രമിച്ചുകയറി പോത്തിറച്ചിയിലും പരിസരത്തെ കോഴിക്കടയിലെ 20 കിലോ കോഴിയിറച്ചിയിലും രാസവസ്തുക്കളൊഴിച്ച് നശിപ്പിച്ചുവെന്നും ബിജു നല്‍കിയ പരാതിയില്‍ പറയുന്നു. കടയിലുണ്ടായിരുന്ന ജീവനക്കാരൻ മൊയ്തീനെ കയ്യേറ്റം ചെയ്യുകയുമുണ്ടായി. നാശനഷ്ടമുണ്ടാക്കിയവരുടെ പേരില്‍ നടപടി വേണമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

ഗുണനിലവാരമുള്ള ഭക്ഷ്യവസ്തു അകാരണമായി നശിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധമുണ്ടായി. ടൗണിലെ ഇതര മാംസവ്യാപാരികളുടെ പ്രേരണയിലാണ് പഞ്ചായത്ത് അധികൃതര്‍ ഈ സ്റ്റാളില്‍ അതിക്രമം നടത്തിയതെന്നും താഴെയങ്ങാടിയിലെ മാംസ വ്യാപാരികളും ലൈസന്‍സില്ലാതെയാണു പ്രവര്‍ത്തിക്കുന്നതെന്നു വിവരാവകാശ പ്രകാരം പഞ്ചായത്ത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും പറയുന്നു.

എന്നാല്‍ അനധികൃത മാംസ വില്‍പനയ്ക്കെതിനെതിരെ പലവട്ടം താക്കീതു നല്‍കിയിട്ടും പാലിക്കാത്തതിനാലാണു മാസം നശിപ്പിച്ചതെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. കോടതി അനുമതിയോടെ പ്രവര്‍ത്തനം തുടങ്ങിയ കോഴി-മല്‍സ്യ സ്റ്റാളിലാണു നിയമം ലംഘിച്ച് പോത്തിറച്ചി വ്യാപാരവും തുടങ്ങിയത്. പരാതിയുണ്ടായപ്പോള്‍ നോട്ടിസ് നല്‍കാനെത്തിയ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയുമുണ്ടായി.

താഴെയങ്ങാടിയില്‍ ബീഫ് സ്റ്റാള്‍ നടത്തുന്നയാളാണ് അനധികൃത സ്റ്റാളിലും ഇറച്ചിവില്‍പന നടത്തുന്നതെന്നും കണ്ടെത്തി. ടൗണിലും പരിസരങ്ങളിലും തലങ്ങും വിലങ്ങും പ്രവര്‍ത്തിച്ച മല്‍സ്യ-മാംസ മാര്‍ക്കറ്റുകള്‍ ജനജീവിതത്തിനു പ്രയാസമുണ്ടാക്കിയപ്പോള്‍ താഴെയങ്ങാടിയില്‍ മാര്‍ക്കറ്റ് നിര്‍മിച്ച് വ്യാപാരം അവിടേക്കു മാറ്റുകയായിരുന്നു. ടൗണിനു 3 കിലോമീറ്റര്‍ ചുറ്റളവില്‍ വേറെ മല്‍സ്യ-മാംസ മാര്‍ക്കറ്റുകള്‍ പാടില്ലെന്ന നിബന്ധനയോടെയാണ് അതിന്റെ പ്രവര്‍ത്തനം തുടങ്ങിയത്.

എന്നാല്‍ കോടതി ഉത്തരവുമായി പലഭാഗത്തും പുതിയ കോഴി-മാംസ സ്റ്റാളുകള്‍ തുടങ്ങി. ശാസ്ത്രീയ അറവുശാലയില്ലാത്തതിനാല്‍ ബീഫ് വ്യാപാരത്തിന് ആര്‍ക്കും ലൈസന്‍സ് നല്‍കുന്നില്ല. പൊതുധാരണയുടെ അടിസ്ഥാനത്തില്‍ ബീഫ് വ്യാപാരം തുടര്‍ന്നു വരുന്നതാണ്. അനധികൃതമായി ഇത്തരം സ്ഥാപനങ്ങള്‍ കൂടുന്നതിനാല്‍ ടൗണിലെ എല്ലാ പോത്തിറച്ചി വ്യാപാര സ്ഥാപനങ്ങളും അടച്ചുപൂട്ടാനും 10,000 രൂപവീതം പിഴയടയ്ക്കാനും നോട്ടിസ് നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ നടപടികള്‍ ശക്തമാക്കുമെന്നും സെക്രട്ടറി വി.ഡി.തോമസ് അറിയിച്ചു.

നടപടി വേണമെന്ന് കോഴി വ്യാപാരികൾ

പുല്‍പള്ളി ∙ വില്‍ക്കാന്‍ വച്ച മാംസത്തില്‍ മണ്ണെണ്ണയൊഴിച്ചു നശിപ്പിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് അഗ്രിക്കള്‍ച്ചറല്‍ പൗള്‍ട്രി ഫാര്‍മേഴ്സ് സൊസൈറ്റി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജീവിക്കാന്‍ യാതൊരു മാര്‍ഗവുമില്ലാതെ സ്വയം തൊഴില്‍ കണ്ടെത്തുമ്പോള്‍ അതില്‍ മണ്ണുവാരിയിടുന്ന സമീപനമാണ് ഉദ്യോഗസ്ഥരുടേതെന്നും ആരോപിച്ചു, അനധികൃത മല്‍സ്യ, മാംസ വ്യാപാരത്തിനെതിരെ നടപടി സ്വീകരിക്കാതെ അവരുടെ ചട്ടുകങ്ങളായി ഉദ്യോഗസ്ഥര്‍ മാറുന്നുവെന്നും ആരോപിച്ചു. കെ.എം.സിബി അധ്യക്ഷത വഹിച്ചു. പി.എന്‍.ബിനു, റെജി വാകേരി, അനില്‍കുമാര്‍, പി.പി.ബിജു, വിജീഷ്, കെ.എം.ഷിനോജ്, കെ.എസ്.ഷൈജു എന്നിവര്‍ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com