പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താൽ: അങ്ങിങ്ങ് അക്രമം; 21 പേർ അറസ്റ്റിൽ

Mail This Article
കല്‍പറ്റ ∙ എന്‍ഐഎ റെയ്ഡില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അങ്ങിങ്ങ് അക്രമം. പനമരം ആറാംമൈലില്‍ മുക്കത്തിനടുത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് എറിഞ്ഞു തകര്‍ത്തു. മാനന്തവാടി - കോഴിക്കോട് റൂട്ടിലോടുന്ന ബസിന്റെ ചില്ലാണു തകര്‍ത്തത്. പീച്ചങ്കോടിനടുത്ത് ലോറിക്കും കാറിനും കല്ലെറിഞ്ഞു. ഹര്‍ത്താല്‍ ദിനത്തില്‍ സ്വകാര്യബസുകള്‍ നിരത്തിലിറങ്ങിയില്ല. കോണ്‍വോയ് അടിസ്ഥാനത്തില്‍ പൊലീസ് കാവലില്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തി. കടകമ്പോളങ്ങള്‍ മിക്കയിടത്തും അടഞ്ഞുകിടന്നു.

ജില്ലയില്‍ ആകെ 21 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 19 പേരെ കരുതൽ തടങ്കലിലാക്കി. 4 കേസുകൾ റജിസ്റ്റർ ചെയ്തതായി ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ് പറഞ്ഞു. ജില്ലാ ആസ്ഥാനമായ കൽപറ്റയിലും വ്യാപാരസ്ഥാപനങ്ങളൊന്നും തുറന്നില്ല. സർക്കാർ ഓഫിസുകളും പൂർണതോതിൽ പ്രവർത്തിച്ചില്ല. ഹർത്താലനുകൂലികൾ രാവിലെ 6നു പനമരം–മാനന്തവാടി റോഡിൽ അഞ്ചുകുന്ന് ടൗണിൽ റോഡിനു നടുവിൽ ടയർ കൂട്ടിയിട്ടു കത്തിച്ചു.

പൊലീസ് എത്തിയാണ് ടയർ മാറ്റിയത്. ഇതിനിടെ ഹർത്താലനുകൂലികളായ 4 പേരെ 3 കേസുകളിലായി പനമരം പൊലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. ഈ റോഡിൽ മറ്റു പലയിടങ്ങളിലും വാഹനങ്ങൾ തടയുകയും കടകൾ ബലമായി അടപ്പിക്കുകയും ചെയ്തിട്ടുണ്ട്. കെഎസ്ആർടിസി ബസിന്റെ ചില്ല് എറിഞ്ഞുതകർത്ത 6 അംഗ സംഘത്തിലെ 3 പേരെ പനമരം പൊലീസ് അറസ്റ്റ് ചെയ്തു.

അഞ്ചുകുന്ന് കുണ്ടാല എഴുത്തൻ അഷറഫ് (46) അഞ്ചുകുന്ന് പിലക്കണ്ടി ഇടവലൻ അബ്ദുൽ റഷീദ് (30) കെല്ലൂർ മാനഞ്ചിറ പിലക്കണ്ടി മുഹമ്മദാലി (31) എന്നിവരാണു പിടിയിലായത്. മറ്റു പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.വഴി തടഞ്ഞ 12 പേരെ ബത്തേരിയിൽ അറസ്റ്റ് ചെയ്തു. രാവിലെ 6 മുതൽ വാഹനങ്ങൾ തടഞ്ഞ ഹർത്താൽ അനുകൂലികളെ 10 മണിയോടെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. ബത്തേരിയിൽ കടകളെല്ലാം അടഞ്ഞു കിടന്നു.

സർക്കാർ ഓഫിസുകളുടെ പ്രവർത്തനവും ഭാഗികമായിരുന്നു. ബത്തേരി ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി ഭാഗികമായി സർവീസ് നടത്തി. തമിഴ്നാട്ടിലെ ഗൂഡല്ലൂർ, അയ്യംകൊല്ലി എന്നിവിടങ്ങളിലേക്കും കർണാടകയിലെ ഗുണ്ടൽപേട്ടിലേക്കും ബസ് സർവീസ് നടത്തി. പ്രാദേശികമായി നടത്തിയ പല സർവീസുകളും ഉച്ചയോടെ തിരിച്ചു വിളിച്ചു. ദീർഘദൂര ബസുകൾ കോൺവോയ് ആയി സർവീസ് നടത്തി. ബത്തേരി ഡിപ്പോയിൽ നിന്ന് സർവീസ് നടത്തിയ ഗുരുവായൂർ ബസിന്റെ ചില്ലുകൾ അങ്ങാടിപ്പുറത്തു വച്ച് ഹർത്താലനുകൂലികൾ എറിഞ്ഞു തകർത്തു.

പുൽപള്ളി മേഖലയില്‍ വലിയ സ്ഥാപനങ്ങൾ, മത്സ്യ–മാംസ മാർക്കറ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ, ബാങ്കുകൾ, ബവ്റിജസ് ഔട്‌ലെറ്റ് എന്നിവയെല്ലാം തുറന്നു പ്രവർത്തിച്ചു. ബസ് സർവീസ് ഇല്ലാത്തതിനാൽ ഗ്രാമ പ്രദേശങ്ങളിലെ സാധാരണക്കാർക്ക് ടൗണിലെത്താനായില്ല. എന്നാൽ സ്വകാര്യ വാഹനങ്ങളും ഓട്ടോകളും കാര്യമായി ഓടി. ഉൾനാടൻ അങ്ങാടികൾ സാധാരണ പോലെ പ്രവർത്തിച്ചു. പുൽപള്ളി പ്രദേശത്ത് ഹർത്താൽ ആഹ്വാനമോ, പ്രകടനമോ, റോഡ് തടയലിനോ ആരുമുണ്ടായില്ല. മുൻകരുതലെന്ന നിലയിൽ പൊലീസ് പട്രോളിങ് ശക്തമാക്കിയിരുന്നു. ഹർത്താലുമായി ബന്ധപ്പെട്ട് പുൽപള്ളി സ്റ്റേഷനിൽ കേസുകളൊന്നുമുണ്ടായില്ല.
അമ്പലവയലിൽ കാര്യമായ കടകളെന്നും തുറന്നു പ്രവർത്തിച്ചില്ല. ഹെറിറ്റേജ് മ്യൂസിയം ഹർത്താൽ അനുകൂലികൾ അടപ്പിച്ചു. സ്വകാര്യ വാഹനങ്ങൾ കുറച്ചെല്ലാം ഓടിയിരുന്നു. മീനങ്ങാടിയിലും ഭൂരിഭാഗം കടകളെല്ലാം അടഞ്ഞു കിടന്നു. സ്വകാര്യ വാഹനങ്ങളൊഴിച്ച് മറ്റുള്ളവയെന്നും റോഡിലിറങ്ങിയില്ല. വലിയ ലോറികൾ തടസ്സമില്ലാതെ ചരക്കുനീക്കം നടത്തി. ദേശീയ പാതയിൽ വാഹനങ്ങൾ വളരെ കുറവായിരുന്നു. അത്യാവശ്യ സർവീസ് നടത്തുന്ന വാഹനങ്ങളും സ്വകാര്യ വാഹനങ്ങളുമാണു കൂടുതലായി റോഡിലുണ്ടായിരുന്നത്.