പുൽപള്ളി ∙ ക്രിക്കറ്റ് താരം വീരാട് കോലിയോടു സാമ്യമുള്ള യുവാവ് കോലിയെ കാണാൻ തിരുവനന്തപുരത്തേക്ക്. പുൽപള്ളി താഴെയങ്ങാടിയിലെ ഓട്ടോവേൾഡ് സ്ഥാപനത്തിലെ ജീവനക്കാരൻ ചെറുകാട്ടൂർ സ്വദേശി രജീഷാണ്(30) കോലിയെ നേരിൽ കാണാൻ തലസ്ഥാനത്തേക്കു ബസ് കയറിയത്. കോലിയൊടൊപ്പം സെൽഫിയെടുക്കണമെന്നാണ് മോഹം.കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ ഇന്നാരംഭിക്കുന്ന ട്വന്റി 20 മത്സരത്തിൽ ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയെ നേരിടുന്നുണ്ട്.
2018 മുതലാണ് തനിക്കു കോലിയോടു സാമ്യമുണ്ടെന്നു രജിഷിനു തോന്നി തുടങ്ങിയത്.കൂട്ടുകാർ ഇക്കാര്യമുറപ്പിക്കുകയും ചെയ്തു. കോവിഡ് കാലത്ത് കോലിയുടെ വിഡിയോ കണ്ട് പെരുമാറ്റവും ചലനവും അനുകരിച്ചു. ഭാര്യ ആര്യാ സുരേഷ് മുൻകൈയെടുത്താണ് ഹെയർ സ്റ്റൈലും മേക്കപ്പുമെല്ലാം കോലിയുടേതുപോലെയാക്കിയത്. കോലിയെ നേരിൽ കാണണമെന്ന ആഗ്രഹം വയനാട് ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളെ അറിയിക്കുകയും ചിത്രങ്ങൾ അയച്ചുകൊടുക്കുകയും ചെയ്തു. തിരുവനന്തപുരത്ത് എത്താന്‍ അവരും നിര്‍ദേശിച്ചു. ക്രിക്കറ്റ് വേഷത്തില്‍ തന്നെയാണ് അപരതാരം തലസ്ഥാനത്തെ കാര്യവട്ടം സ്റ്റേഡിയത്തിലെത്തുന്നത്.