28 ആനകൾ സ്ഥിരമായി ജനവാസ മേഖലകളിൽ; 3 മുതൽ ശക്തമായ പ്രക്ഷോഭം

Wayanad News
SHARE

കൽപറ്റ ∙ വൈത്തിരി പഞ്ചായത്തിലെ രൂക്ഷമായ വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ച് ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ആദ്യപടിയായി 3ന് രാവിലെ 10ന് വൈത്തിരി പഞ്ചായത്ത് ഓഫിസിനു മുന്നിൽ ദേശീയപാത ഉപരോധിക്കും. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വൈത്തിരിയിലെയും ചുണ്ടേലിലെയും വ്യാപാരികൾ അന്നു രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12വരെ കടകൾ അടച്ച് ഹർത്താൽ ആചരിക്കും. ഒട്ടേറെത്തവണ പരാതിപ്പെട്ടിട്ടും നടപടികളുണ്ടാകാത്ത സാഹചര്യത്തിലാണു നാട്ടുകാർ സമരപരിപാടികളുമായി രംഗത്തെത്തിയത്. 

ജനം ചോദിക്കുന്നു: ജീവിക്കാൻ അനുവദിക്കുമോ?

ചുണ്ടേൽ, ഒലിവുമല, ചേലോട്, മുള്ളമ്പാറ, പഴയവൈത്തിരി, ചാരിറ്റി, അറമല, തളിമല, വട്ടക്കുണ്ട് തുടങ്ങിയ മേഖലകളിലാണ് കാട്ടാനശല്യം രൂക്ഷം. കഴിഞ്ഞ കുറേ മാസങ്ങളായിട്ട് ഇൗ മേഖലകളിൽ പതിവായി കാട്ടാനകൾ കൂട്ടത്തോടെ എത്തുന്നുണ്ട്. പകൽസമയങ്ങളിൽ പോലും കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിൽ തമ്പടിക്കുന്നതിനാൽ ആളുകൾ പുറത്തിറങ്ങാൻ ഭയക്കുകയാണ്. കൂട്ടത്തിലെ ചുള്ളിക്കൊമ്പനാണു കൂടുതൽ ആക്രമണകാരി. പകൽസമയങ്ങളിൽ പഴയവൈത്തിരി കെഎസ്ഇബി ഓഫിസിനു പിറകിലെ വനമേഖലയിൽ നിലയുറപ്പിക്കുന്ന കാട്ടാനക്കൂട്ടം സന്ധ്യയാവുന്നതോടെ നാലുസെന്റ് കോളനി വഴി പഴയവൈത്തിരി, ചാരിറ്റി മേഖലകളിലേക്കിറങ്ങുകയാണ്.  

രണ്ടാഴ്ചയ്ക്കിടെ പഴയവൈത്തിരി, തളിപ്പുഴ, മുള്ളമ്പാറ മേഖലകളിൽ മാത്രം ഏക്കറുക്കണക്കിന് സ്ഥലത്തെ കാർഷിക വിളകളാണ്       കാട്ടാനകൾ നശിപ്പിച്ചത്. മാസങ്ങൾക്കു മുൻപ് അറമല മേഖലയിലെത്തിയ കാട്ടാനകൾ പ്രദേശത്തു കുടിവെള്ളമെത്തിക്കുന്ന പൈപ്പുകളും കുടിവെള്ള ടാങ്കുകളും ഒട്ടേറെ കൃഷിയിടങ്ങളും നശിപ്പിച്ചാണ് തിരികെ കാടുകയറിയത്. 

കുട്ടിയാനകൾ അടക്കം 28 ആനകളാണ് സ്ഥിരമായി ജനവാസ മേഖലകളിലേക്കെത്തുന്നതെന്നു നാട്ടുകാർ പറയുന്നു. 2 വർഷം മുൻപു മുള്ളമ്പാറയിൽ ജനവാസകേന്ദ്രത്തിന് സമീപം കാട്ടാന പ്രസവിച്ചിരുന്നു. മാസങ്ങൾക്കു മുൻപ് ലക്കിടിയിൽ ദേശീയപാതയോരത്തെത്തിയ കാട്ടാന പരിഭ്രാന്തി പരത്തിയിരുന്നു. 

മണിക്കൂറുകളോളം റോഡരികിൽ നിലയുറപ്പിച്ചതിനു ശേഷം ദേശീയപാത മുറിച്ചു കടന്നാണു കാട്ടാന കാടുകയറിയത്. 2 മാസം മുൻപ് കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ ചേലോട് പള്ളിക്ക് സമീപമെത്തിയ കാട്ടാനകൾ 20 മിനിറ്റോളം ദേശീയപാതയോരത്തു ഭീതി പരത്തിയിരുന്നു. കാട്ടാനശല്യം രൂക്ഷമായിട്ടും വനംവകുപ്പ് അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. 

നടപടികളുമായി പഞ്ചായത്തും നാട്ടുകാരും

വന്യമൃഗങ്ങൾ കാടിറങ്ങുന്നത് തടയാൻ വനംവകുപ്പ് നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ ജനങ്ങളുടെ പങ്കാളിത്തത്തോടെ ധനസമാഹരണം നടത്തി വനാതിർത്തിയിൽ 15 കിലോമീറ്റർ ദൂരത്തിൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലൂടെ ജനകീയ ഫെൻസിങ് എന്ന പേരിൽ വൈദ്യുത വേലി സ്ഥാപിക്കാനൊരുങ്ങുകയാണ് പഞ്ചായത്തും നാട്ടുകാരും. ആദ്യഘട്ടത്തിൽ ആനപ്പാറ മുതൽ തളിമല തൈലക്കുന്ന് വരെ രണ്ടര കിലോമീറ്ററിലാണ് വാർഡ് വികസന സമിതിയുടെയും പഞ്ചായത്തിൻറെയും നേതൃത്വത്തിൽ വൈദ്യുത ഫെൻസിങ് സ്ഥാപിക്കുക. 

റോഡ് കടന്നുപോകുന്ന സ്ഥലത്ത് ഗേറ്റ് ഉൾപ്പെടെ സ്ഥാപിക്കും. ഓരോ സ്ഥലത്തെയും വാർഡ് വികസന സമിതിക്കായിരിക്കും ചുമതല. 30 കിലോമീറ്ററിലധികമാണ് വൈത്തിരിയിൽ വനാതിർത്തി വരുന്നത്. ഇതിൽ 15 കിലോമീറ്ററിലധികം അതിർത്തി പ്രദേശങ്ങളിലാണ് ഇപ്പോൾ ഫെൻസിങ് സ്ഥാപിക്കുന്നത്. നിലവിലെ വൈദ്യുത ഫെൻസിങ് അറ്റകുറ്റപണി നടത്താൻ പോലും അധികൃതർ അലംഭാവം കാണിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. 

വനംവകുപ്പ് തിരിഞ്ഞുനോക്കുന്നില്ലെന്ന്

കാട്ടാനശല്യം രൂക്ഷമായിട്ടും വനംവകുപ്പ് തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്‌ഷൻ കൗൺസിൽ ആരോപിക്കുന്നു.  കാട്ടാനകൾക്കു പുറമേ മനുഷ്യജീവൻ അപകടത്തിലാക്കുംവിധം കടുവ, പുലി, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിധ്യവും ജനവാസ മേഖലകളിൽ പതിവായെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ്, ആക്‌ഷൻ കൗൺസിൽ കൺവീനർ എൻ.ഒ. ദേവസി എന്നിവർ പറഞ്ഞു. തോട്ടം മേഖലകളിലും കൃഷിയിടങ്ങളിലും ജീവൻ ഭയന്നാണ് ആളുകൾ ജോലിയെടുക്കുന്നത്. 

കാട്ടാനക്കൂട്ടത്തിലെ ചുള്ളിക്കൊമ്പനെ ഭയന്ന് ആളുകൾ പുറത്തിറങ്ങാൻ ഭയക്കുകയാണ്. 2 മാസം മുൻപു തൈലക്കുന്നിൽ കുഞ്ഞിരാമൻ എന്നയാളെ ഈ കാട്ടാന വീട്ടിൽ കയറി ആക്രമിച്ചു. ഒളിഞ്ഞുനിന്ന് ആളുകളെ ആക്രമിക്കുന്ന രീതിയാണ് ചുള്ളിക്കൊമ്പന്റേത്. വനംവകുപ്പ് അധികൃതരോടു ഇതിനെ പിടികൂടണമെന്ന് ഒട്ടേറെത്തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും തുടർനടപടികളുണ്ടായില്ലെന്ന് ഇവർ ആരോപിക്കുന്നു. 

മാസങ്ങൾക്കു മുൻപ്, തോട്ടം തൊഴിലാളികളായ സ്ത്രീകൾക്കുനേരെ ചേലോട്, വെങ്ങക്കോട്ട്, തളിമല, വട്ടപ്പാറ എന്നിവിടങ്ങളിൽ കാട്ടാന ആക്രമണം ഉണ്ടായി. വന്യമൃഗശല്യം കാരണം ജനജീവിതം ദുസ്സഹമായിട്ടും നടപടികൾ സ്വീകരിക്കാൻ വനംവകുപ്പ് തയാറാകാത്ത സാഹചര്യത്തിലാണ് സമരപരിപാടികളുമായി രംഗത്തിറങ്ങുന്നതെന്നും ഇവർ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA