ADVERTISEMENT

കൽപറ്റ ∙ കുരങ്ങു പനിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കാൻ ആരോഗ്യവകുപ്പ്. വനത്തിനോടു ചേർന്നുകിടക്കുന്ന കോളനികളിൽ പട്ടികവർഗ വകുപ്പ് പ്രത്യേക പരിശോധന നടത്തണം. വനവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരും വനത്തിൽ പോകുന്നവരും പ്രത്യേക മുൻകരുതലെടുക്കണമെന്നും വനംവകുപ്പ് ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും അധികൃതർ നിർദേശിച്ചു. വനത്തിൽ മേയാൻ കൊണ്ടു പോകുന്ന കന്നുകാലികളിൽ ഫ്ലൂ മെത്രിൻ പോലുള്ള പ്രതിരോധ മരുന്നുകൾ ഉപയോഗിക്കണം. പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ കലക്ടർ എ. ഗീതയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ജില്ലയിൽ വേനൽ കനക്കുന്ന സാഹചര്യത്തിൽ വനാതിർത്തി ഗ്രാമങ്ങളിലുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം.

വനത്തിനുള്ളിലും വനത്തോടു ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും കുരങ്ങുകൾ ചത്തു കിടക്കുന്നതു കണ്ടാൽ സ്വീകരിക്കേണ്ട മുൻകരുതലുകളും വാക്സിനേഷൻ അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങളും യോഗം വിലയിരുത്തി. ഡിസംബർ മുതൽ ജൂൺ വരെയാണു സാധാരണയായി രോഗവ്യാപനം കൂടുതലുള്ളത്. കുരങ്ങുകളിലൂടെയാണു രോഗവാഹകരായ ചെള്ളുകൾ വളർത്തു മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പടരുന്നത്.

വനത്തിൽ പോകുന്ന കന്നുകാലികളുടെ ദേഹത്ത് ചെള്ള് പിടിക്കാതിരിക്കാനുള്ള മരുന്ന് മൃഗാശുപത്രികളിൽ ലഭ്യമാണ്. ലക്ഷണങ്ങളുള്ളവർ സ്വയം ചികിത്സയ്ക്കു മുതിരാതെ തുടക്കത്തിൽ തന്നെ ഡോക്ടറുടെ ഉപദേശം തേടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.ഡിഎംഒ ഇൻ ചാർജ് ഡോ. പി. ദിനീഷ്, ഡപ്യൂട്ടി ഡിഎംഒ ഡോ. ആൻസി ജേക്കബ്, ഡിപിഎം ഡോ. സമീഹ സെയ്തലവി, ആർദ്രം നോഡൽ ഓഫിസർ ഡോ. പി.എസ്. സുഷമ, ജില്ലാ ടിബി ഓഫിസർ ഡോ. കെ.വി. സിന്ധു, ജില്ലാ മലേറിയ ഓഫിസർ ഡോ. സി.സി. ബാലൻ, ജില്ലാ മാസ് മീഡിയ ഓഫിസർ ഹംസ ഇസ്മാലി എന്നിവർ പ്രസംഗിച്ചു.

രോഗലക്ഷണങ്ങൾ

ശക്തമായ പനി അല്ലെങ്കിൽ വിറയലോടു കൂടിയ പനി ശരീരവേദന അല്ലെങ്കിൽ പേശീവേദന തലവേദന ഛർദി കടുത്ത ക്ഷീണം രോമകൂപങ്ങളിൽ നിന്ന് രക്തസ്രാവം അപസ്മാരത്തോടു കൂടിയോ അല്ലാതെയോ ഉള്ള തലകറക്കം സ്ഥലകാല ബോധമില്ലായ്മ.

പ്രതിരോധ മാർഗങ്ങൾ 

കുരങ്ങുപനി കാണപ്പെട്ട പ്രദേശങ്ങളിലെ വനത്തിനുള്ളിൽ കഴിവതും പോകാതിരിക്കുക.വനത്തിൽ പോകേണ്ടിവരുന്നവർ ചെള്ളു കടിയേൽക്കാതിരിക്കാൻ കട്ടിയുള്ള ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കണം. വസ്ത്രത്തിന് പുറമേയുള്ള ശരീരഭാഗങ്ങളിൽ ചെള്ളിനെ അകറ്റുന്ന ലേപനങ്ങൾ പുരട്ടണം.വനത്തിൽ നിന്ന് തിരിച്ചുവരുന്നവർ ശരീരത്തിൽ ചെള്ള് കടിച്ചിരിക്കുന്നില്ലെന്നു വിശദമായി പരിശോധിച്ച് ഉറപ്പുവരുത്തണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com