ADVERTISEMENT

 

പനമരം∙ പതിറ്റാണ്ടുകൾ പഴക്കമുള്ള വെണ്ണിയോട് ചെറിയ പുഴയിലെ പാലം അപകടാവസ്ഥയിലായിട്ടു വർഷങ്ങളായെങ്കിലും പുതുക്കി പണിയുന്നതിനു നടപടിയില്ല. 1987 ൽ നിർമിച്ച പാലത്തിന്റെ ഇരുവശത്തെയും കൈവരികൾ തകർന്നത് ഭീഷണി ഉയർത്തുന്നു. പാലത്തിന്റെ പകുതിയോളം ഭാഗത്തെ കൈവരികൾ പൂർണമായി തകരുകയും ശേഷിക്കുന്നവ തുരുമ്പെടുത്ത് ഏതു നിമിഷവും നിലംപൊത്തുമെന്ന സ്ഥിതിയിലുമാണ്. പാലത്തിന്റെ ബീമുകൾക്കു ബലക്ഷയവും സംരക്ഷണഭിത്തികൾ തകർച്ചയിലാണെന്നും നാട്ടുകാർ പറയുന്നു.

വർഷകാലത്ത് ചെറുപുഴ കവിഞ്ഞ് പാലത്തിനു മുകളിൽ വെള്ളം കയറാറുണ്ട്. കൈവരി തകർന്നതിനാൽ വെള്ളം ഉയരുമ്പോൾ പാലവും പുഴയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതും മറ്റും രാത്രികാലങ്ങളിൽ അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്. പ്രസിദ്ധമായ ജൈനക്ഷേത്രത്തിലേക്കും കുറുമ്പാലക്കോട്ട മലമുകളിലെ ക്ഷേത്രത്തിലേക്കും അനവധി തീർഥാടകർ ഈ പാലം കടന്നാണ് എത്തുന്നത്. 

പുലർച്ചെ സൂര്യോദയം കാണാനായി കുറുമ്പാലക്കോട്ട ലക്ഷ്യമാക്കി എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വലിയ വർധനയുണ്ട്. ഈ പാലം കടന്നു വേണം ഇവരെല്ലാം ലക്ഷ്യസ്ഥാനത്തെത്താൻ. ബസുകളടക്കം നൂറു കണക്കിനു വാഹനങ്ങളും യാത്രക്കാരും ഈ പാലത്തെ ആശ്രയിക്കുന്നുണ്ടെങ്കിലും കൈവരികൾ പോലും നന്നാക്കാനുള്ള നടപടി അധികൃതർ കൈകൊള്ളുന്നില്ല. 10 വർഷം മുൻപു പാലത്തിന്റെ കൈവരി തകർന്നു തുടങ്ങിയതോടെ അധികൃതരെ സമീപിച്ചെങ്കിലും നടപടികൾ ഉണ്ടായിട്ടില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു. വലിയ അപകടങ്ങൾ ഉണ്ടാകുന്നതിനു മുൻപു പാലത്തിന്റെ ശോചനീയാവസ്ഥയ്ക്കു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com