ADVERTISEMENT

കൽപറ്റ ∙ പാൽ വില  ലീറ്ററിന് 6 രൂപ വർധിപ്പിക്കാൻ മിൽമ തീരുമാനമായെങ്കിലും എല്ലാ കര്‍ഷകര്‍ക്കും ഗുണം ലഭിച്ചേക്കില്ല. വർധിക്കുന്ന വിലയുടെ 82 ശതമാനം ക്ഷീര കർഷകനും 18 ശതമാനം സംഘത്തിനും മേഖലാ യൂണിയനും ഏജൻസി കമ്മിഷനുമായാണ് വിഭജിക്കപ്പെടുക. പാലിന്റെ കൊഴുപ്പനുസരിച്ചു വില നിശ്ചയിച്ച് മിൽമ 2019 ൽ തയാറാക്കിയ ചാർട്ടിൽ മാറ്റം വരുത്തിയാലേ വിലവർധനയുടെ യഥാർഥ ഗുണം ലഭിക്കൂ. ഇല്ലെങ്കിൽ, കൊഴുപ്പിന്റെ തോതനുസരിച്ച്, വിലവർധനവിന്റെ ഗുണം ചുരുക്കം കർഷകർക്കു മാത്രമാകും. 

2016–2017 വർഷത്തിൽ മിൽമ നിയോഗിച്ച എൻ.ആർ. ഉണ്ണിത്താൻ കമ്മിറ്റി റിപ്പോർട്ട് പ്രകാരം ഒരു ലീറ്റർ പാലിന്റെ ഉൽപാദനച്ചെലവ് കണക്കാക്കിയത് 42.67 രൂപയാണ്. എന്നാൽ പാലിന്റെ ഗുണമേൻമ നോക്കിയുള്ള വിൽപനയിൽ കർഷകർക്ക് ഇപ്പോഴും ശരാശരി ലഭിക്കുന്നത് 38–39 രൂപയാണ്. പാലിനു വിലകൂട്ടിയാലും അതിന്റെ ഒരു വിഹിതം മാത്രമേ കർഷകർക്ക് ലഭിക്കൂ. പാലിനു വില കൂട്ടുന്നതിനു പിന്നാലെ  കാലിത്തീറ്റയുടെ വിലയും കൂടും. പലപ്പോഴും പാലിന്റെ വില കൂടുന്നതിന് ആനുപാതികമായി കാലിത്തീറ്റയ്ക്കും വിലയുയരുന്നു. 

പരിപാലന ചെലവേറി

മിൽമയുടെ കണക്ക് പ്രകാരം കൊഴുപ്പിന്റെ അളവ് 3.7 മില്ലി ലീറ്ററും കൊഴുപ്പിതര ഘടകങ്ങളുടെ അളവ് (എസ്എൻഎഫ്) 8.5 മില്ലീലീറ്ററുമുളള പാലിന് 37.21 പൈസയാണു കൊടുക്കുക. ഇതുപ്രകാരം പരമാവധി ലഭിക്കുന്ന ശരാശരി വില 38 രൂപയാണ്. 10 ലീറ്റർ പാൽ കറക്കുന്ന ഒരു കർഷകന് ശരാശരി 38 രൂപ വച്ചു ലഭിക്കുന്ന വരുമാനം 380 രൂപയാണ്. ഈ തുകയിൽ നിന്നു വേണം പശുവിന്റെ പിണ്ണാക്ക്, പുല്ല്, വൈക്കോൽ, കാലിത്തീറ്റ, ചികിത്സ, വൈദ്യുതി ചെലവ്, പാല് സൊസൈറ്റിയിലെത്തിക്കാനുള്ള ചെലവ് എന്നിവ .

ക്ഷീര സംഘങ്ങളിൽ കിട്ടുന്നതിനെക്കാൾ കുറഞ്ഞത് 10 രൂപയെങ്കിലും സ്വന്തമായി നാട്ടിലൂടെയുള്ള വിൽപനയിലൂടെ കൂടുതൽ ലഭിക്കുമെങ്കിലും സ്ഥിരം ഉപഭോക്താക്കളെ കണ്ടെത്തുക പ്രയാസം. പശുവിന്റെ ശരീരസംരക്ഷണത്തിന് ഒന്നരക്കിലോ കാലിത്തീറ്റ അധികം നൽകണം. ശരാശരി പച്ചപ്പുല്ലോ വയ്ക്കോലോ 20 കിലോഗ്രാം വേണം. ഗുണമേൻമയുള്ള പാൽ ലഭിക്കാൻ കൃത്യമായ ഭക്ഷണരീതി അവലംബിക്കണം. കറവയില്ലാതെ സമയത്ത് നല്ല തീറ്റ കൊടുത്തില്ലെങ്കിൽ കറവക്കാലത്ത് പാൽ ചുരത്തില്ല. പശുക്കളുടെ ആരോഗ്യം നിലനിർത്തുന്നതിനും കൂടുതൽ പാൽ ലഭിക്കുന്നതിനും കാലിത്തീറ്റമാത്രം  നൽകിയാൽ പോര. 

പിണ്ണാക്ക്, പൊടിയരിക്കഞ്ഞി, ചോളപ്പൊടി, ബിയർവെയ്‌സ്‌റ്റ് തുടങ്ങിയവയും കർഷകർ പശുക്കൾക്കു നൽകുന്നു. പച്ചപ്പുല്ല്, ശുദ്ധജലം എന്നിവയും സമൃദ്ധമായി നൽകണം. എത്ര മെച്ചപ്പെട്ട തീറ്റ നൽകിയാലും പശുവിനു രോഗങ്ങൾ വന്നാൽ പാലു കുറയും.  ഒട്ടേറെ ബാക്ടീരിയൽ, വൈറസ് രോഗങ്ങൾ പശുവിനെ ബാധിക്കുന്നുണ്ട്. ഉൽപാദനം കുറയുന്നതു മുതൽ പശുക്കളുടെ മരണം വരെ സംഭവിക്കാവുന്നതാണ് രോഗങ്ങൾ. 

പിടിവിട്ട് കാലിത്തീറ്റ വില വർധന

 

ഉൽപാദന ചെലവും വരുമാനവും തമ്മിൽ കൂട്ടിമുട്ടിക്കാൻ ക്ഷീര കർഷകർ പാടുപ്പെടുമ്പോഴാണ് ഇരുട്ടടിയായി കാലിത്തീറ്റയുടെ വില വർധന. ജില്ലയിലെ ഭൂരിഭാഗം കർഷകരും കാലിത്തീറ്റയെ ആശ്രയിച്ചാണ് കന്നുകാലികളെ വളർത്തുന്നത്. പരുത്തിപ്പിണ്ണാക്ക്, തേങ്ങപ്പിണ്ണാക്ക്, തവിട്, പരുത്തിക്കുരു എന്നിവയുടെയെല്ലാം വില വർധിക്കുകയാണ്. പശുക്കൾക്കുള്ള മരുന്നുകളുടെ വിലയിലും വർധനയുണ്ടായി.  2019നു ശേഷം പാലിനു ലീറ്ററിന് ഒരുപൈസ പോലും വർധിപ്പിക്കാതെ 4 തവണയാണു കാലിത്തീറ്റ വില വർധിപ്പിച്ചത്. സർക്കാർ സംരംഭമായ കേരള ഫീഡ്സിന് അടക്കം വില വർധിച്ചു. 

മിൽമയുടെ കാലിത്തീറ്റയ്ക്കും വില വർധനയുണ്ടായി. കഴിഞ്ഞ 4 മാസത്തിനിടെ, 50 കിലോഗ്രാമിന്റെ ചാക്കിന് 300 രൂപയിലധികമാണ് വർധന ഉണ്ടായതെന്നു ക്ഷീരകർഷകർ പറയുന്നു. കേരളപ്പിറവി ദിനത്തിലാണ് ഏറ്റവുമൊടുവിലായി വില വർധിപ്പിച്ചത്. മിൽമയുടെ ഗോമതി ഗോൾഡ് എന്ന കാലിത്തീറ്റയുടെ വില 1370ൽ നിന്ന് 1550 ആയും ഗോമതി റിച്ചിന്റെ വില 1240ൽ നിന്ന് 1400 രൂപയായും കുത്തനെ വർധിപ്പിച്ചതായി ക്ഷീരകർഷകർ പറയുന്നു.160 രൂപ മുതൽ 180 രൂപവരെയാണ് മിൽമയുടെ കാലിത്തീറ്റയുടെ വില ഒറ്റയടിക്ക് വർധിപ്പിച്ചത്.

ആനുകൂല്യങ്ങൾ മുടങ്ങി

പാൽ ഉൽപാദനത്തിലെ നഷ്ടം കുറയ്ക്കാൻ ലീറ്ററിന് 4 രൂപ വീതം ഇൻസെന്റീവായി കർഷകർക്കു നൽകുന്ന സർക്കാർ പദ്ധതി മുടങ്ങി കിടക്കുകയാണ്. കഴിഞ്ഞ മേയിൽ ഇതിനായി 28 കോടി രൂപ മാറ്റിവച്ചിരുന്നു. ജൂണിൽ മാത്രമാണ് തുക ലഭിച്ചത്. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ ഇൻസെന്റീവ് ലഭിച്ചില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ക്ഷീരകർഷകനു ലഭിച്ചു കൊണ്ടിരുന്ന സബ്സിഡികളും നിർത്തിവച്ചിരിക്കുകയാണ്. 

ദിവസം 2.63 ലക്ഷം ലീറ്റർ പാൽ

2.63 ലക്ഷം ലീറ്ററാണു നിലവിൽ ജില്ലയിലെ ഒരുദിവസത്തെ പാൽ ഉൽപാദനം. ഒരുവർഷം 9.46 കോടി ലീറ്ററും. കോവിഡ് കാലത്തു പോലും ജില്ലയിലെ പാൽ ഉൽപാദനം താഴേക്കു പോയിട്ടില്ലെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. കടുത്ത വേനലിൽ പാൽ ഉൽപാദനം ചെറിയ തോതിൽ കുറയാറുണ്ടെങ്കിലും ക്ഷീരമേഖലയെ ഇതുവരെയായിട്ടും ബാധിച്ചിട്ടില്ല. 2018-19 വർഷത്തിൽ ജില്ലയിൽ 7.15 കോടി ലീറ്റർ പാൽ ഉൽപാദനമാണ് നടന്നത്. 2015-16 ൽ 7.21 കോടി ലീറ്ററും 2016-17 ൽ 7.44 കോടി ലീറ്ററും  2017-18 ൽ 7.95 കോടി ലീറ്ററുമായിരുന്നു പാൽ ഉൽപാദനം.

കർഷകർക്കു ഗുണം ലഭിക്കുമോ

2019 സെപ്റ്റംബറിൽ പാലിനു 4 രൂപ വില കൂട്ടിയപ്പോൾ അധികവിലയുടെ 83.75 ശതമാനവും ക്ഷീരകർഷകർക്കു നൽകുമെന്നാണു പ്രഖ്യാപിച്ചത്. അതുപ്രകാരം കർഷകന് അധികം ലഭിച്ചത് 3.35 രൂപയാണ്. എന്നാൽ അക്കാലവുമായി കണക്കാക്കുമ്പോൾ  50 കിലോയുള്ള ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 200–250 രൂപ വർധിച്ചു. ഒരു ലീറ്റർ പാൽ ഉൽപാദിപ്പിക്കാൻ 400 ഗ്രാം കാലിത്തീറ്റയാണു വേണ്ടത്.

2017ൽ പാൽ വില  5 രൂപ വർധിപ്പിച്ചപ്പോൾ ഇതിൽ നിന്നു മിൽമ, സൊസൈറ്റി എന്നിവയുടെ വിഹിതം കിഴിച്ച് ക്ഷീര കർഷകർക്ക് ലഭ്യമായത് 2 രൂപയിൽ താഴെ മാത്രമാണ്. 2017ൽ 50 കിലോഗ്രാം വരുന്ന കാലിത്തീറ്റ ചാക്കിന് 800 രൂപയായിരുന്നെങ്കിൽ നിലവിൽ 1500 രൂപയാണ്. ക്ഷീരമേഖലയിലെ ഉൽപാദനച്ചെലവ് വളരെ ഉയർന്നതാണെന്നു വിഷയം പഠിച്ച പുതിയ സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നു ക്ഷീരകർഷകർ പറയുന്നു. ലീറ്ററിന് 50 രൂപയാണ് കർഷകനു ഉൽപാദനച്ചെലവ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com