ADVERTISEMENT

മേപ്പാടി ∙ നെടുമ്പാല പള്ളിക്കവല കുഴിമുക്ക് പാറയ്ക്കൽ ജയപ്രകാശിന്റെ മകൻ ആദിദേവിനെ (4) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കിഴക്കേപറമ്പിൽ  ജിതേഷിനെ (45) സംഭവ സ്ഥലത്തെത്തിച്ചു പൊലീസ് സംഘം തെളിവെടുപ്പ് നടത്തി. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് കൽപറ്റ സിഐ സിജു, മേപ്പാടി എസ്ഐ വി.പി. സിറാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയുമായി കുഴിമുക്കിലെത്തിയത്.

പ്രതിയെ കണ്ടതോടെ സ്ത്രീകൾ അടക്കമുള്ള നാട്ടുകാർ രോഷം പൂണ്ടു പൊലീസ് ജീപ്പിനു ചുറ്റിലും കൂടി. പൊലീസ് ഏറെ പണിപ്പെട്ടാണു നാട്ടുകാരെ ശാന്തരാക്കിയത്. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിനിടയിലും, കൃത്യം നടത്തിയ രീതി പ്രതി പൊലീസിനോടു വിവരിച്ചു. കഴിഞ്ഞ 17നു രാവിലെ ഒൻപതോടെയായിരുന്നു നാടിനെ നടുക്കിയ ക്രൂരക്യത്യം.

ആക്രമണത്തിൽ ജയപ്രകാശിന്റെ ഭാര്യ അനിലയ്ക്കും (28) പരുക്കേറ്റിരുന്നു. ആദിദേവിനെ അങ്കണവാടിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇരുവരെയും പ്രതി ജിതേഷ് വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ആദിദേവിനെ ആദ്യം മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

ചികിത്സയിലിരിക്കെ 18നു പുലർച്ചെയോടെ കുട്ടി മരിച്ചു. അക്രമം നടന്ന ദിവസം തന്നെ പ്രതിയെ മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടി മരിച്ചതോടെ കൊലക്കുറ്റം കൂടി പ്രതിക്കെതിരെ ചുമത്തിയിരുന്നു.അറസ്റ്റിലായ അന്നും ‌പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ജയപ്രകാശും ജിതേഷും കച്ചവട പങ്കാളികളായിരുന്നു. കച്ചവടത്തിലെ തർക്കമാണ് ആക്രമണത്തിന്പിന്നിലെന്നാണപൊലീസ് ഭാഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com