ADVERTISEMENT

കൽപറ്റ ∙ സംസ്ഥാന സ്കൂൾ കായികമേളയ്ക്കുള്ള ജില്ലാ ടീമിന്റെ പരിശീലന ക്യാംപ് മുണ്ടേരി മരവയലിലെ എം.കെ. ജിനചന്ദ്രൻ സ്മാരക സ്റ്റേഡിയത്തിൽ ആരംഭിച്ചു. ചരിത്രത്തിലാദ്യമായാണു കായികമേളയ്ക്കുള്ള ജില്ലാ ടീമിനു സിന്തറ്റിക് ട്രാക്കിൽ പരിശീലനം ലഭിക്കുന്നത്. 'വൺ സ്കൂൾ വൺ ഗെയിം' പദ്ധതി പ്രകാരം ജില്ലാ പഞ്ചായത്ത് അനുവദിച്ച 5ലക്ഷം രൂപ ഉപയോഗിച്ചാണ് ക്യാംപ് സംഘടിപ്പിക്കുന്നത്.

95 പെൺകുട്ടികൾ ഉൾപ്പെടെ 202 അംഗ സംഘത്തിനാണു പരിശീലനം നൽകുന്നത്.ഇവർക്കു റസിഡൻഷ്യൽ ക്യാംപാണു ക്രമീകരിച്ചിരിക്കുന്നത്. ദിവസവും 2 സെഷനുകളായിട്ടാണു പരിശീലനം. രാവിലെ 7 മുതൽ 9 വരെയും വൈകിട്ട് 4 മുതൽ 6.30 വരെയുമാണു പരിശീലന സെഷനുകൾ.

ജില്ലാ സ്പോർട്സ് ഹോസ്റ്റൽ മുഖ്യ പരിശീലകൻ ടി. ത്വാലിബിന്റെ നേതൃത്വത്തിലാണ് പരിശീലനം. 4 ദിവസങ്ങളിലായി നടക്കുന്ന ക്യാംപിൽ ജില്ലയിലെ മുഴുവൻ കായിക അധ്യാപകരുടെ സേവനവും ലഭ്യമാകും. ക്യാംപിനായി ജില്ലാ സ്റ്റേഡിയം സൗജന്യമായാണു ജില്ലാ സ്പോർട്സ് കൗൺസിൽ വിട്ടുനൽകിയത്.

ഇത്തരത്തിൽ പരിശീലന ക്യാംപ് നടത്തുന്നത് സിന്തറ്റിക് ട്രാക്കിൽ കൂടുതൽ മത്സര പരിചയം ലഭിക്കുന്നതിനും മികച്ച പ്രകടനം നടത്തുന്നതിനും സഹായകമാകുമെന്ന വിദഗ്ധരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ക്യാംപ് സംഘടിപ്പിക്കുന്നത്.  ക്യാംപ് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.

സ്ഥിരം സമിതി അധ്യക്ഷൻ എം. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എം. മധു മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഉഷാ തമ്പി, ബീനാ ജോസ്, അംഗങ്ങളായ കെ. വിജയൻ, സിന്ധു ശ്രീധർ, മീനാക്ഷി രാമൻ, ബിന്ദു പ്രകാശ്, പ്രഭാകരൻ, സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സലിം കടവൻ, റവന്യു ജില്ലാ ഗെയിംസ് ഓർഗനൈസിങ് സെക്രട്ടറി ബിജൂഷ് കെ. ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. 

ജില്ലയിലെ സ്കൂളുകളിൽ നിന്നു കായിക മേഖലയിൽ മികവുപുലർത്തുന്ന വിദ്യാർഥികൾക്ക് ജില്ലാ പഞ്ചായത്ത് പൂർണ പിന്തുണ നൽകും. 'വൺ സ്കൂൾ വൺ ഗെയിം' പദ്ധതി നടപ്പിലാക്കുന്നതോടെ ജില്ലയിലെ സ്കൂളുകളിൽ കായിക വിദ്യാഭ്യാസത്തിനു കൂടുതൽ സൗകര്യങ്ങൾ ലഭ്യമാകും.ജില്ലയെ പ്രതിനിധീകരിച്ചു സംസ്ഥാന കായിക മേളയിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും സംസ്ഥാനമേളയിലേക്കുള്ള ജഴ്സി കിറ്റുകൾ ജില്ലാ പഞ്ചായത്ത് സൗജന്യമായിനൽകും.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com