ADVERTISEMENT

കൽപറ്റ ∙ വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായിരിക്കെ ജില്ലയിൽ പിടിമുറുക്കി ബ്ലേഡ് മാഫിയ. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെയുള്ള വട്ടിപ്പലിശ സംഘങ്ങളാണു വയനാട്ടിൽ സജീവമായത്. തോട്ടം മേഖലയിലും ആദിവാസി മേഖലകളിലുൾപ്പെടെ പിന്നാക്ക ഗ്രാമങ്ങളിലും ബൈക്കുകളിൽ കറങ്ങിയാണ് ബ്ലേഡ് മാഫിയയുടെ ‘ബിസിനസ് പിടിത്തം’.സാമ്പത്തിക പ്രതിസന്ധി മുതലെടുത്തു കൂടുതൽ പലിശയ്ക്കു പണം നൽകി കൊള്ളലാഭമുണ്ടാക്കാൻ നാട്ടിലെ ചെറുകിടക്കാരും വമ്പന്മാരുമെല്ലാം രംഗത്തുണ്ട്.

ബെനാമി ഇടപാടുകാരും ഏറെ. കർഷകരിൽ നിന്നു വായ്പത്തുക തിരിച്ചു പിടിക്കാൻ ബാങ്കുകൾ സർഫാസി നിയമപ്രകാരമുള്ള ജപ്തി നടപടികൾ ഊർജിതമാക്കുന്നതിനിടെയാണ് ബ്ലേഡ് മാഫിയയുടെയും പ്രഹരമെത്തുന്നത്. വിളകൾക്കു വിലയില്ലാത്തതും ഉൽപാദനക്കുറവും രോഗബാധയുമെല്ലാം കൃഷി മേഖലയിലുണ്ടാക്കിയ പ്രതിസന്ധിയും ബ്ലേഡുകാർക്കു വളമായി. സാധാരണക്കാരുടെ സഹായിയെന്നു നടിച്ചെത്തുന്നവർ മുതലിന്റെ ഇരട്ടിയിലധികം മാസത്തവണയായി കൈക്കലാക്കിയിട്ടും ഭീഷണി തുടരുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്.1000 രൂപയ്ക്ക് ഒരു മാസത്തേക്ക് 200 രൂപ വരെ പലിശ ഈടാക്കുന്നവരുണ്ട്. ഒരു ലക്ഷം രൂപ വായ്പ എടുക്കുന്നവർക്ക് മിക്ക പലിശക്കാരും 90,000 മാത്രമേ കൈയിൽ നൽകൂ.

ദിവസവും 1000 രൂപ വച്ചു 100 ദിവസം കൊണ്ട് ഒരു ലക്ഷം രൂപ തിരികെ നൽകണം. തുണിക്കച്ചവടത്തിന്റെയും ഗൃഹോപകരണങ്ങളുടെ ഇൻസ്റ്റാൾമെന്റ് കച്ചവടത്തിന്റെയും മറവിലാണ് അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പലിശ സംഘം ജില്ലയിൽ വിലസുന്നത്. കർഷകരും വ്യാപാരികളും മോട്ടർ തൊഴിലാളികളും വീട്ടമ്മമാരുമെല്ലാം ബ്ലേഡ് പലിശയുടെ ഇരകളാകുന്നു. ഭൂമിയുടെ ആധാരവും ചെക്കും പ്രോമിസറി നോട്ടുകളുമെല്ലാം വാങ്ങി ലക്ഷങ്ങൾ കടം കൊടുക്കുന്നവരുമുണ്ട്. തിരിച്ചടവു മുടങ്ങിയാൽ ഭീഷണിയും ആക്രമണവുമാണു പതിവുരീതി. മാസങ്ങൾക്കു മുൻപ്, ബ്ലേഡ് ഇടപാടുകാരന്റെ ഭീഷണിയെത്തുടർന്ന് മേപ്പാടിയിൽ ബേക്കറി ഉടമ ജീവനൊടുക്കിയിരുന്നു.

ഓപ്പറേഷൻ കുബേര സ്പെഷൽ ഡ്രൈവ്: 3 പേർക്കെതിരെ കേസ്

കൽപറ്റ ∙ ജില്ലയിൽ ബ്ലേഡ് മാഫിയയുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മേപ്പാടി, വൈത്തിരി, കമ്പളക്കാട്, മാനന്തവാടി, പനമരം, ബത്തേരി, അമ്പലവയൽ, മീനങ്ങാടി, പുൽപള്ളി സ്റ്റേഷൻ പരിധികളിൽ സ്പെഷൽ ഡ്രൈവുമായി പൊലീസ്. ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദിന്റെ നിർദേശപ്രകാരമുള്ള ഓപ്പറേഷൻ കുബേര സ്പെഷൽ ഡ്രൈവിൽ സ്വകാര്യ പണമിടപാടുകാരായ 18 പേരെ ചോദ്യം ചെയ്തു.

മാനന്തവാടി ആറാട്ടുതറ സ്വദേശി പ്രതീഷ് (47), പുൽപള്ളി പട്ടാണിക്കൂപ്പ് സ്വദേശി എം.ജെ. ജ്യോതിഷ് (35), തമിഴ്നാട് ഈറോഡ് സ്വദേശിയും ബത്തേരിയിലെ താമസക്കാരനുമായ സതീഷ് (39) എന്നിവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. അനുമതി പത്രമോ ലൈസൻസോ രേഖകളോ ഇല്ലാതെ അമിത ആദായത്തിനു വട്ടിപ്പലിശയ്ക്കു പണം കടം കൊടുത്തതിനാണു നടപടി. പണം വാങ്ങിയവരിൽ നിന്ന് ഈടായി വാങ്ങി സൂക്ഷിച്ച മുദ്രപ്പത്രങ്ങളും ആധാരങ്ങളും ആർസി ബുക്കുകളും ഇവരിൽനിന്നു പിടിച്ചെടുത്തു.

പ്രതീഷിന്റെ വീട്ടിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച 3,80,900 രൂപയും സ്റ്റാംപ് പേപ്പറും 6 ബ്ലാങ്ക് ചെക്ക് ലീഫും 3 ആർസി ബുക്കുകളും എം.ജെ. ജ്യോതിഷിന്റെ വീട്ടിൽനിന്ന് 54,000 രൂപയും 27 ആധാരങ്ങളും സതീഷിന്റെ ബത്തേരിയിലെ വാടക വീട്ടിൽനിന്ന് 3,39,500 രൂപയും 5 ഡയറികളും കണ്ടെത്തി. ബ്ലേഡ് മാഫിയയ്ക്കെതിരെ തുടർന്നു കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com