ADVERTISEMENT

മേപ്പാടി ∙ ഗവ. പോളിടെക്നിക് കോളജിലെ ഇതര ജില്ലകളിൽ നിന്നുള്ള വിദ്യാർഥികളുടെ താമസ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന തുടങ്ങി. ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദിന്റെ നിർദേശ പ്രകാരം ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എൻ.ഒ. സിബിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കോളജ് ഹോസ്റ്റലും കോളജിനു സമീപത്തായി വിദ്യാർഥികൾ വാടകയ്ക്കു താമസിക്കുന്ന 5 വീടുകളിലും റെയ്ഡ് നടത്തി. ലഹരി ഉപയോഗത്തിനെന്നു കരുതുന്ന ചില ഉപകരണങ്ങൾ ഇവിടങ്ങളിൽ നിന്നായി പൊലീസ് സംഘം കണ്ടെടുത്തു.

അതേസമയം, ഇൗ ഉപകരണങ്ങൾ കോളജ് ലാബിൽ നിന്നു മോഷ്ടിച്ചതാണെന്നും പൊലീസിനു സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവിക്ക് കീഴിലെ ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫ് സംഘവും മേപ്പാടി പൊലീസും റെയ്ഡിൽ പങ്കെടുത്തു. റെയ്ഡ് ഇന്നും തുടരുമെന്നും സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ വിദ്യാർഥികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ് അറിയിച്ചു.കോളജിലെ ചില വിദ്യാർഥികൾ ലഹരിമരുന്ന് ഉപയോഗിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതിന്റെ അടിസ്ഥാനത്തിലാണു പൊലീസ് റെയ്ഡ് നടത്തിയത്.

സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർഥിയെ കഴിഞ്ഞദിവസം മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോളജിലെ മൂന്നാംവർഷ കംപ്യൂട്ടർ ഹാർഡ്‌വെയർ വിദ്യാർഥി കെ.ടി. അതുലിനെയാണ് (20) അറസ്റ്റ് ചെയ്തത്. ഇതര ജില്ലകളിൽ നിന്നുള്ള വിദ്യാർഥികളുടെ താമസ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണു ലഹരിമരുന്ന് ഉപയോഗമെന്നും ജില്ലയ്‌ക്കു പുറത്തുനിന്നാണു കോളജിലേക്ക്‌ ലഹരിമരുന്ന്‌ എത്തുന്നതെന്നും പൊലീസിനു വിവരം ലഭിച്ചിരുന്നു.ക്യാംപസിനകത്ത് എത്തുന്ന ലഹരിമരുന്ന്‌ ചെറിയ പൊതികളാക്കി ക്യാംപസിനകത്ത് വിൽക്കുന്ന ഗ്യാങ്ങിനെ കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിനിടെ, കോളജിലെ സംഘർഷവുമായി ബന്ധപ്പെട്ട് വിവിധ കേസുകളിലായി 4 പേരാണ് ഇതുവരെ അറസ്റ്റിലായത്.

തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി കോളജിലെത്തിയ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അപർണ ഗൗരിയെ മർദിച്ച കേസിൽ 3 പേരെയും മേപ്പാടി സിഐ എ.ബി. വിപിനെ മർദിച്ച കേസിൽ ഒരാളുമാണ് ഇതുവരെ അറസ്റ്റിലായത്. അപർണയെയും പൊലീസിനെയും ആക്രമിച്ച മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ഒളിവിൽ കഴിയുന്ന ഇവർക്കായി പൊലീസ് അന്വേഷണം ഉൗർജിതമാക്കി. അതേസമയം, സംഘർഷത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന അപർണ ഇന്നലെ വൈകിട്ടോടെ ആശുപത്രി വിട്ടു. അപർണയുടെ മൊഴി ഞായറാഴ്ച പൊലീസ് രേഖപ്പെടുത്തിയിരുന്നു. 

എസ്എഫ്ഐ നേതാവ് അപർണാ ഗൗരിയെ ലഹരിമാഫിയ വധിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചു  സിപിഎം സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ മേപ്പാടിയിൽ ജില്ലാ സെക്രട്ടറി പി. ഗഗാറിൻ ഉദ്ഘാടനം ചെയ്യുന്നു.
എസ്എഫ്ഐ നേതാവ് അപർണാ ഗൗരിയെ ലഹരിമാഫിയ വധിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചു സിപിഎം സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ മേപ്പാടിയിൽ ജില്ലാ സെക്രട്ടറി പി. ഗഗാറിൻ ഉദ്ഘാടനം ചെയ്യുന്നു.

സിപിഎം പ്രതിഷേധ കൂട്ടായ്മ നടത്തി

മേപ്പാടി ∙ എസ്എഫ്ഐ നേതാവ് അപർണാ ഗൗരിയെ ലഹരിമാഫിയ വധിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് സിപിഎം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മേപ്പാടി പോളിടെക്നിക് കോളജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണു യുഡിഎസ്എഫിന്റെ നേതൃത്വത്തിലുള്ള ലഹരിസംഘം അപർണയെ ആക്രമിച്ചതെന്നും ലഹരി സംഘത്തെ തള്ളിപ്പറയുന്നതിനു പകരം അവർക്ക് പിന്തുണ നൽകുകയാണ് യുഡിഎഫും കൽപറ്റ എംഎൽഎയും ചെയ്യുന്നതെന്നും യോഗം ആരോപിച്ചു. പൊതുയോഗം സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ ഉദ്ഘാടനം ചെയ്തു. കെ.കെ. സഹദ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി വി. ഹാരിസ്, ജോബിൻസൺ ജയിംസ്, കെ. വിനോദ്, കെ. ബൈജു എന്നിവർ പ്രസംഗിച്ചു.

തോൽവി മറയ്ക്കാൻ എസ്എഫ്ഐയുടെ വ്യാജ പ്രചാരണം: യുഡിഎസ്എഫ്

കൽപറ്റ ∙ മേപ്പാടി പോളിടെക്‌നിക് കോളജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നടത്തുന്നതു തോൽവി മറച്ചു പിടിക്കാനുള്ള വ്യാജപ്രചാരണങ്ങളാണെന്ന് കെഎസ്‌യു ജില്ലാ സെക്രട്ടറി ഗൗതം ഗോകുൽദാസ്, എംഎസ്എഫ് ജില്ലാ ജനറൽ സെക്രട്ടറി പി.എം. റിൻഷാദ് എന്നിവർ പറഞ്ഞു. എസ്എഫ്ഐയുടെ ലഹരി ബന്ധങ്ങൾക്കും ഏകാധിപത്യ അക്രമരാഷ്ട്രീയത്തിനും വിദ്യാർഥികൾ നൽകിയ മറുപടിയാണ് പോളിടെക്നിക് ക്യാംപസിലെ തിരഞ്ഞെടുപ്പിന്റെ വിധി. എന്നാൽ, തങ്ങളുടെ കുത്തകയായിരുന്ന ക്യാംപസ് നഷ്ടപ്പെട്ടതിന്റെ മറച്ചു വയ്ക്കുന്നതിനായി എസ്എഫ്ഐയുടെ തന്നെ 2 സംഘങ്ങൾ തമ്മിലുണ്ടായ തർക്കവും അതിന്റെ ഭാഗമായി ഉടലെടുത്ത സംഘർഷവും ഇല്ലാ കഥകളും മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കുന്നതിന്റെ തിരക്കിലാണു നേതാക്കൾ.

ക്യാംപസിൽ ലഹരിയുടെ കണ്ണികൾക്കു നേതൃത്വം നൽകുന്നത് എസ്എഫ്ഐയുടെ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ള നേതൃത്വത്തിലുള്ള സംഘമാണെന്നു കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെ വന്ന വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. ദീർഘകാലമായി എസ്എഫ്ഐ ഭരിച്ച ക്യാംപസിൽ ലഹരിയുമായി ബന്ധപ്പെട്ട നിൽക്കുന്ന ആളുകൾക്ക് സ്വൈരവിഹാരത്തിനുള്ള എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുത്തത് എസ്എഫ്ഐ തന്നെയാണ്. ഇപ്പോൾ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങളിലുള്ളവർ അടക്കം കോളജിൽ എംഎസ്എഫ് കൊടിമരം പിഴുതെറിയുകയും അതു സ്ഥാപിച്ച പ്രവർത്തകരെ മർദിക്കുകയും ചെയ്ത സംഘം തന്നെയാണ്.

എസ്എഫ്ഐയുടെ വനിതാ നേതാവിന് മർദനമേറ്റ സംഭവത്തിലും എംഎസ്എഫ്-കെഎസ്‌യു പ്രവർത്തകർക്ക് പങ്കില്ല. തിരഞ്ഞെടുപ്പ് ദിവസം ഓരോ സംഘടനയെയും പ്രതിനിധീകരിച്ച് പുറമേ നിന്നു 3 പേർക്ക് മാത്രം ക്യാംപസിനു പുറത്തു നിൽക്കാമെന്നും അവർക്കു ക്യാംപസിനകത്തേക്ക് പ്രവേശനമില്ലെന്നും പൊലീസിന്റെ അധ്യക്ഷതയിൽ നേരത്തെ ചേർന്നിട്ടുള്ള സർവകക്ഷി യോഗത്തിൽ തീരുമാനിച്ചതാണ്. എന്നാൽ, ഇത് ലംഘിച്ചുകൊണ്ട് 50ലധികം എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകർ ആയുധങ്ങളുമായി ക്യാംപസിന് പുറത്ത് സംഘടിക്കുകയും ചില എസ്എഫ്ഐ നേതാക്കൾ ക്യാംപസിനകത്തു കയറി പ്രശ്‌നമുണ്ടാക്കുകയും ചെയ്തതാണു സംഘർഷങ്ങൾക്ക് കാരണമെന്നും ഇവർ ആരോപിച്ചു.

പൊലീസ് ഏകപക്ഷീയമായി എംഎസ്എഫ്-കെഎസ്‌യു പ്രവർത്തകരെ മർദിച്ചു. പൊലീസ് മർദനത്തിൽ പരുക്കേറ്റ ചെയർമാൻ സ്ഥാനാർഥി മുഹമ്മദ് സാലിമിനെയും ആശുപത്രിയിൽ കൂടെയുണ്ടായിരുന്ന മൂപ്പൈനാട് പഞ്ചായത്ത് അംഗം അഷ്‌കറിനെയും ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ആശുപത്രിയിൽ വച്ച് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചു. ഈ സംഭവത്തിൽ ഇതുവരെ ഒരാളെ പോലും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലന്നും ഇവർ ആരോപിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com