മേപ്പാടി പോളിയിൽ വിദ്യാർഥികൾ ലഹരി ഉപയോഗിക്കുന്ന വിഡിയോ പുറത്ത് ; കർശന നടപടിയുമായി അധികൃതർ

HIGHLIGHTS
  • വിദ്യാർഥികളുടെ താമസ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു പരിശോധന തുടങ്ങി
  • ജില്ലയിലെ മറ്റു ക്യാംപസുകളിലും പൊലീസ് നിരീക്ഷണം ശക്തമാക്കി
alappuzha-drugs-skech
SHARE

കൽപറ്റ ∙ മേപ്പാടി ഗവ. പോളിടെക്നിക് കോളജിലെ ചില വിദ്യാർഥികൾ ലഹരിമരുന്ന് ഉപയോഗിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതിന്റെ അടിസ്ഥാനത്തിൽ കർശന നടപടികളുമായി പൊലീസ്. സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർഥിയെ കഴിഞ്ഞദിവസം മേപ്പാടി പൊലീസ് കോളജിലെ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. കോളജിലെ മൂന്നാംവർഷ കംപ്യൂട്ടർ ഹാർഡ്‌വെയർ വിദ്യാർഥി കെ.ടി. അതുൽ (20) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ വിദ്യാർഥികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ് അറിയിച്ചു. ഇതര ജില്ലകളിൽ നിന്നുള്ള വിദ്യാർഥികളുടെ താമസ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണു ലഹരിമരുന്ന് ഉപയോഗം.

ഇവിടങ്ങളിൽ പൊലീസ് സംഘങ്ങളായി തിരിഞ്ഞു പരിശോധന ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ജില്ലയിലെ മറ്റു ക്യാംപസുകളിലും പൊലീസിന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അതേസമയം, ജില്ലയ്‌ക്കു പുറത്തു നിന്നാണു കോളജിലേക്ക്‌ ലഹരിമരുന്ന്‌ എത്തുന്നതെന്നാണു പൊലീസിനു ലഭിച്ച സൂചന. പ്രധാനമായും താമരശ്ശേരിയിൽ നിന്നുള്ള സംഘമാണു ലഹരിമരുന്ന്‌ എത്തിക്കുന്നതെന്ന് ചില വിദ്യാർഥികൾ പറയുന്നു. കോഴിക്കോട്‌ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളിൽ ചില‍ർ ഏജന്റുമാരായി പ്രവർത്തിക്കുന്നതായും സൂചനയുണ്ട്. ക്യാംപസിന് അകത്തെത്തുന്ന ലഹരിമരുന്ന്‌ ചെറിയ പൊതികളാക്കി ക്യാംപസിനകത്തു വിൽക്കുന്നത്‌ ഒരു ഗ്യാങ്ങാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കോളജിന്‌ ഹോസ്‌റ്റൽ ഇല്ലാത്തതിനാൽ സമീപ പ്രദേശങ്ങളിലെ വീടുകൾ വാടകയ്‌ക്ക്‌ എടുത്താണു കുട്ടികൾ താമസിക്കുന്നത്‌. അതിനാൽ, എളുപ്പത്തിൽ ലഹരിമരുന്ന്‌ എത്തിക്കാൻ സംഘത്തിനു കഴിയുന്നതായും ആരോപണമുണ്ട്‌. കോളജിലെ ചില പൂർവ വിദ്യാർഥികളും ഇത്തരത്തിൽ ലഹരിമരുന്ന്‌ എത്തിക്കുന്നുണ്ടെന്നും പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. കോളജിലെ ലഹരിമരുന്ന് ഉപയോഗത്തിനെതിരെ കർശന നടപടികളുമായി എക്സൈസും രംഗത്തുണ്ട്. മേപ്പാടി ഗവ. പോളിടെക്നിക് കോളജും പരിസരവും കേന്ദ്രീകരിച്ച് ശക്തമായ പരിശോധനകൾ നടത്തുമെന്ന് വയനാട് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ കെ.എസ്. ഷാജി

പറഞ്ഞു. സംശയാസ്പദമായ സാഹചര്യത്തിൽ ആരെ കണ്ടാലും വിവരം അറിയിക്കണമെന്ന് നാട്ടുകാർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. വിദ്യാർഥികൾക്ക് ലഹരിമരുന്ന് ഉപയോഗത്തിനെതിരെ ബോധവൽക്കരണം നൽകും. ആവശ്യമെങ്കിൽ പൊലീസുമായി ചേർന്ന് സംയുക്ത പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, സംഘർഷവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലായി ഇതുവരെ 4 കേസുകളാണു മേപ്പാടി പൊലീസ് റജിസ്റ്റർ ചെയ്തത്. വിവിധ കേസുകളിലായി 4 പേരാണു ഇതുവരെ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി കോളജിലെത്തിയ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അപർണ ഗൗരിയെ മർദിച്ച കേസിൽ 3 പേരെയും മേപ്പാടി സിഐ എ.ബി. വിപിനെ മർദിച്ച കേസിൽ ഒരാളുമാണ് ഇതുവരെ അറസ്റ്റിലായത്.

ക്യാംപസുകളിലെ ലഹരി ഉപയോഗം തടയണം: ടി. സിദ്ദീഖ് 

കൽപറ്റ ∙ മേപ്പാടി ഗവ. പോളിടെക്നിക് കോളജിലെ ലഹരിമരുന്ന് ലഹരിമരുന്ന് ഉപയോഗത്തിനെതിരെ ക്യാംപസിൽ പരിശോധന നടത്തണമെന്നും ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന വിദ്യാർഥികളെ കണ്ടെത്തണമെന്നും ലഹരി വസ്തുക്കൾ എത്തിച്ച് നൽകുന്ന ആളുകളെ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നും ക്യാംപസിനെ ലഹരിമുക്തമാക്കാനുള്ള നടപടികൾക്ക് േനതൃത്വം നൽകണമെന്നും ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി, ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ, നർകോട്ടിക് സെൽ ഡിവൈഎസ്പി എന്നിവർക്ക് കത്ത് നൽകിയതായി ടി. സിദ്ദീഖ് എംഎൽഎ അറിയിച്ചു.

അടിയന്തരമായി കോളജ് പിടിഎയുടെ നേതൃത്വത്തിൽ രക്ഷിതാക്കളുടെയും അധ്യാപകരുടെയും യോഗങ്ങൾ വിളിച്ച് ചേർക്കാൻ കോളജ് പ്രിൻസിപ്പലിനു നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. കോളജിൽ കഴിഞ്ഞ ദിവസം യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ചില വിദ്യാർഥികൾ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നുവെന്നു ദൃശ്യമാധ്യമങ്ങളിൽ ഉൾപ്പെടെ വെളിപ്പെടുത്തലുകളുണ്ടായിരുന്നു. ഗുരുതര സാഹചര്യത്തിലേക്ക് ക്യാംപസിലേക്ക് ചിലർ കടന്നു വന്നിട്ടും ഇതുവരെ ബന്ധപ്പെട്ട അധികൃതർ നടപടികൾ സ്വീകരിച്ചിട്ടില്ല. ക്യാംപസുകളിലെ ലഹരി ഉപയോഗത്തിനെതിരെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎസ്എഫ് പ്രവർത്തകർക്ക് മർദനം; ഡിസിസി പ്രതിഷേധിച്ചു

കൽപറ്റ ∙ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിനിടെ യുഡിഎസ്എഫ് പ്രവർത്തകരെ ക്രൂരമായി മർദിച്ച നടപടിയിൽ കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സർക്കാരിന്റെ ഒത്താശയോടെ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർ കലാലയങ്ങളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. പൊലീസ് സഹായത്തോടെ ഇവർ യുഡിഎസ്എഫിന്റെ വിദ്യാർഥികളെ മർദിച്ചവശരാക്കിയിരിക്കുകയാണ്. മേപ്പാടി ഗവ. പോളിടെക്നിക് കോളജിലും യുഡിഎസ്എഫ് പ്രവർത്തകർക്കു നേരെ നടന്നത് സമാനമായ ആക്രമണമാണ്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ പേരിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്ത് റിമാൻഡിലാക്കാൻ പൊലീസും സിപിഎഎമ്മും ശ്രമിക്കുകയാണ്. 

കലാലയങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ എസ്എഫ്ഐയ്ക്കുണ്ടായ പരാജയം മറച്ചു വയ്ക്കാനാണ് അക്രമം അഴിച്ച് വിടുന്നത്. ഇതിനെതിരെ ജനാധിപത്യ രീതിയിൽ കോൺഗ്രസും യുഡിഎഫും നിയമപരമായി മുന്നോട്ടു പോകും. വിദ്യാർഥികളെ ക്രൂരമായി മർദിച്ചതിനു ശേഷം കള്ളക്കേസെടുക്കുന്നത് അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം കോൺഗ്രസും യുഡിഎഫും കയ്യുംകെട്ടി നോക്കി നിൽക്കില്ലെന്നും പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ പറഞ്ഞു.

aparna
മേപ്പാടി ഗവ. പോളി ടെക്നിക് കോളജിൽ ലഹരി മാഫിയയുടെ ആക്രമണത്തിൽ പരുക്കേറ്റ് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അപർണാ ഗൗരിയെ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ സന്ദർശിക്കുന്നു.

ക്യാംപസുകളിലെ ലഹരിമരുന്ന് സംഘങ്ങളെ തടയും: എസ്എഫ്ഐ

മേപ്പാടി ∙ ക്യാംപസുകളിൽ രൂപപ്പെട്ടു വരുന്ന ലഹരിമരുന്ന് ഗ്യാങ്ങുകളെ പ്രതിരോധിച്ചു എസ്എഫ്ഐ മുന്നോട്ടുപോകുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ. മേപ്പാടി ഗവ. പോളി ടെക്നിക് കോളജിൽ ലഹരി മാഫിയയുടെ ആക്രമണത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അപർണാ ഗൗരിയെ ആശുപത്രിയിലെത്തി സന്ദർശിക്കുകയായിരുന്നു അദ്ദേഹം. മേപ്പാടി ഗവ. പോളിടെക്നിക് കോളജ് കേന്ദ്രീകരിച്ചു ലഹരിമരുന്നു വിപണനവും ഉപയോഗവും ശ്രദ്ധയിൽപ്പെട്ട ഘട്ടം തൊട്ടേ എസ്എഫ്ഐ ഇതിനെതിരെ ശക്തമായ നടപടിയെടുത്തു മുന്നോട്ട് പോകുന്നുണ്ട്. 

പൊലീസ് സംവിധാനങ്ങളടക്കവുമായി ബന്ധപ്പെട്ടു നിരന്തര ഇടപെടലുകൾ എസ്എഫ്ഐ നടത്തുന്നുണ്ട്. അതിന്റെ തുടർച്ചയാണ് അപർണ ഗൗരി ഉൾപ്പെടെയുള്ളവർക്കു നേരെ നടന്ന ആക്രമണം. ക്യാംപസുകൾ കേന്ദ്രീകരിച്ച് ലഹരിമരുന്നു വിപണനം ലക്ഷ്യമാക്കി എത്തുന്ന അവസാനത്തെ ആളുടെയും പ്രവർത്തനം അവസാനിക്കുന്ന നിലയിലേക്കുള്ള ഇടപെടലുമായി എസ്എഫ്ഐ മുന്നോട്ടുപോകും. ഇതിന് ആവശ്യമായ സഹായ സഹകരണങ്ങളും ഇടപെടലുകളും നൽകി വരുന്നുണ്ടെന്നും ആർഷോ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS