മാനന്തവാടി ∙ കോവിഡ് വരുത്തിയ 2 വർഷത്തെ ഇടവേളയ്ക്കു ശേഷം നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് കണിയാരത്തു തുടക്കം. താലൂക്ക് ഓഫിസ് പരിസരത്ത് നിന്ന് തുടങ്ങിയ വിളംബര റാലി നഗരം ചുറ്റി ഗാന്ധിപാർക്കിൽ സമാപിച്ചു. മീഡിയ റൂം ഉദ്ഘാടനം കാരവൻ മാഗസിൻ എക്സിക്യൂട്ടീവ് എഡിറ്റർ ഡോ. വിനോദ് കെ. ജോസ് നിർവഹിച്ചു. പ്രിൻസിപ്പൽ എൻ.പി. മാർട്ടിൻ അധ്യക്ഷത വഹിച്ചു. ടിടിഐ പ്രിൻസിപ്പൽ അന്നമ്മ എം. ആന്റണി, പബ്ലിസിറ്റി കൺവീനർ നജീബ് മണ്ണാർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.ബി. സിമിൽ, സിസ്റ്റർ ലിൻസി, പ്രസ് ക്ലബ് പ്രസിഡന്റ് അബ്ദുല്ല പള്ളിയാൽ, ഇ.കെ. വർഗീസ് എന്നിവർ പ്രസംഗിച്ചു.

കണിയാരം ഫാ. ജികെഎം ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് ജോസഫ് ടിടിഐ, സാൻജോ പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലെ 14 വേദികളിലായാണു മത്സരങ്ങൾ നടക്കുക. ജില്ലയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെയും വയനാട്ടുകാരായ എഴുത്തുകാരുടെ പുസ്തകങ്ങളുടെയും പേരുകളാണു വേദികൾക്ക് നൽകിയിട്ടുള്ളത്. ഇന്ന് ഓഫ് സ്റ്റേജ് മത്സരങ്ങൾ മാത്രമാണു നടക്കുക. 4000 വിദ്യാർഥികൾ പങ്കെടുക്കുന്ന മേള നാളെ വൈകിട്ട് 4ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യും.