മാനന്തവാടി ∙ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ആദ്യദിനം 454 പോയിന്റുമായി മാനന്തവാടി ഉപജില്ലയുടെ മുന്നേറ്റം. 449 പോയിൻറുമായി ബത്തേരി തൊട്ടുപിന്നിലുണ്ട്. 445 പോയിന്റുമായി വൈത്തിരിയും ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്. സ്കൂളുകളിൽ യുപി, എച്ച്എസ്, എച്ച്എസ്എസ് (ജനറൽ) വിഭാഗങ്ങളിൽ 104 പോയിൻറുമായി ജിവിഎച്ച്എസ്എസ് മാനന്തവാടി മുന്നേറുന്നു. 90 പോയിൻറുമായി കൽപറ്റ എസ്കെഎംജെഎച്ച്എസ്എസ് ആണു തൊട്ടുപിന്നിൽ. 71 പോയിൻറുമായി ഡബ്ല്യുഒഎച്ച്എസ്എസ് പിണങ്ങോട് മൂന്നാം സ്ഥാനത്തുണ്ട്.
ഫൈവ് സ്റ്റാർ നിരഞ്ജൻ ഇരട്ടിമധുരത്തിൽ ഷെറിൻ

ഏകാഭിനയത്തിൽ അഞ്ചാം തവണയും നിരഞ്ജ്, രണ്ടാം തവണ സഹപാഠി ഷെറിൻ. മീനങ്ങാടി ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയായ നിരഞ്ജൻ കെ. ഇന്ദ്രൻ ഹയർസെക്കൻഡറി വിഭാഗം മോണോ ആക്ടിൽ തുടർച്ചയായ അഞ്ചാം തവണയും സംസ്ഥാന സ്കൂൾ കലോത്സവത്തിനു യോഗ്യത നേടി. ഇതേ സ്കൂളിലെ ഷാരോൺ സാറ സാബു ഹയർസെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മോണോ ആക്ടിലും ഒന്നാമതെത്തി. കോഴിക്കോട് അരിയല്ലൂർ എംവിഎച്ച്എസ്എസ് അധ്യാപകനും ബത്തേരി സ്വദേശിയുമായ ഹരിലാൽ ബത്തേരിയാണ് ഇരുവരുടെയും പരിശീലകൻ.
നരേന്ദ്രമോദിയുടെ പ്രസംഗം ഉമ്മൻചാണ്ടി തർജമ ചെയ്തു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹിന്ദി പ്രസംഗം തർജമ ചെയ്യാൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കൗതുകമുള്ള ഈ ആശയം അവതരിപ്പിച്ചാണു ഹൈസ്കൂൾ വിഭാഗം മിമിക്രിയിൽ ബെൻസിൽ ഇമ്മാനുവൽ വിൽസൺ ഒന്നാം സ്ഥാനം നേടിയത്. യുവാക്കളുടെ ബൈക്ക് റൈസിനിടെയുള്ള അപകടങ്ങളും നോട്ടുനിരോധനവുമെല്ലാം കൂട്ടിചേർത്ത് സാമൂഹിക പ്രശ്നങ്ങളിലേക്കുമെത്തി മിമിക്രി. അതിന് അംഗീകാരം കിട്ടിയതിന്റെ സന്തോഷത്തിൽ ഇനി സംസ്ഥാന മൽസരത്തിന് ‘പുതിയ’ സ്ക്രിപ്റ്റ് കണ്ടെത്താനുള്ള തിരക്കിലാണു ബെൻസിൽ.
കന്നഡ പ്രസംഗം: പാർവതിയുടെ അമ്മയ്ക്കൊരുമ്മ
പടിഞ്ഞാറത്തറ എയുപിഎസിലെ പാർവതി മാരാരുടെ ‘അമ്മമൊഴി’യാണു കന്നഡ. മൈസൂരൂവിൽ ജനിച്ച് വയനാട്ടിലേക്കു ജീവിതം പറിച്ചു നട്ട അമ്മ സീമ ശ്രീകുമാറിൽനിന്ന് ചെറുപ്പത്തിലേ പാർവതി കന്നഡ പഠിച്ചു. അങ്ങനെ യുപി വിഭാഗം കന്നഡ പ്രസംഗത്തിൽ പാർവതി ഒന്നാമതെത്തി. ഉപജില്ലാ കലോത്സവത്തിൽ ബി ഗ്രേഡ് മാത്രമേയുണ്ടായിരുന്നുള്ളൂ. അപ്പീലിലൂടെ നേടിയെടുത്ത അവസരം ഒന്നാം സ്ഥാനം നേടിത്തന്നതിന്റെ ഇരട്ടിമധുരവും പാർവതിക്കുണ്ട്. പടിഞ്ഞാറത്തറ കൃഷ്ണവിലാസം ശ്രീകുമാർ ആണു പിതാവ്.
കലോത്സവം, ശാസ്ത്രമേള, വനം വന്യജീവി വാരാഘോഷം... പ്രസംഗത്തിൽ അഭിനന്ദ്
കലോത്സവം, ശാസ്ത്രമേള, വനം വന്യജീവി വാരാഘോഷം എന്നിവയിലെ പ്രസംഗമത്സരത്തിൽ ജില്ലയിലെ ഒന്നാം സ്ഥാനം അഭിനന്ദ് എസ്. ദേവിന്. ഹൈസ്കൂൾ വിഭാഗം പ്രസംഗ മത്സരത്തിൽ ഒന്നാമതെത്തിയ അഭിനന്ദ്, കഴിഞ്ഞ ശാസ്ത്രമേളയിലും ഹൈസ്കൂൾ വിഭാഗം പ്രസംഗത്തിൽ ഒന്നാമതെത്തിയിരുന്നു. വനം വന്യജീവി വാരാഘോഷത്തോട് അനുബന്ധിച്ചു നടത്തിയ പ്രസംഗമത്സരത്തിലും ജേതാവായി. മൂന്നാം തവണയാണ് ജില്ലാ കലോത്സവത്തിൽ പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടുന്നത്. മോണോ ആക്ടിൽ എ ഗ്രേഡുമുണ്ട്. മാനന്തവാടി ജിവിഎച്ച്എസിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. വെള്ളമുണ്ട സ്വദേശി എം. സഹദേവൻ- മഞ്ജുഷ മ്പതികളുടെ മകൻ.
ചോരപൊടിഞ്ഞ് ഭരതനാട്യ മത്സരം
ആ ആണി എവിടെ നിന്ന് ?
ഭരതനാട്യ മത്സരത്തിനിടെ കണിയാമ്പറ്റ ഗവ. എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാർഥിനി അനന്യ ദിപീഷിന്റെ കാലിൽ ആണി തറച്ചു. ഇടതുകാലിൽ ചോര വാർന്നത് അവഗണിച്ചും അനന്യ കളി പൂർത്തിയാക്കി. പിന്നീട് പൊലീസ് വാഹനത്തിൽ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. കാലിൽ തറച്ചത് സ്റ്റേജിലെ ആണിയാണെന്ന് അനന്യയും മാതാപിതാക്കളും പറഞ്ഞു. എന്നാൽ, കുട്ടിയുടെ ചമയവുമായി ബന്ധപ്പെട്ട ആണിയാകാം തറച്ചതെന്നും വേദിയിൽ നിന്ന് ആണി തറയ്ക്കാൻ സാധ്യതയില്ലെന്നുമാണ് സംഘാടകരുടെ വാദം. മുറിവേറ്റ കുട്ടിക്ക് പ്രഥമ ശുശ്രൂഷ നൽകാനോ ആശുപത്രിയിൽ എത്തിക്കാനോ മെഡിക്കൽ സംഘം ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.
മദ്ദളത്തിൽ ചരിത്രംകൊട്ടി നിവേദ്യ
ഇതാദ്യമായി ഒരു പെൺകുട്ടി മദ്ദളത്തിൽ വയനാടിനു വേണ്ടി സംസ്ഥാന കലോത്സവത്തിനിറങ്ങും – പത്താം ക്ലാസുകാരി ഇ.വി. നിവേദ്യ. ജില്ലയിൽ ഇതേവരെ ആൺകുട്ടികൾ മാത്രം മത്സരിച്ചിരുന്ന മദ്ദളത്തിലാണ് നിവേദ്യ കൈവച്ചത്. ഹൈസ്കൂൾ വിഭാഗത്തിൽ എ ഗ്രേഡോടെ സംസ്ഥാന തല മത്സരത്തിന് യോഗ്യതയും നേടി. ഒപ്പം പക്കമേളക്കാരായ ഗൗതം കൃഷ്ണ, സിദ്ദാർഥ്. സി. സന്തോഷ്, ദിവിൽ വിനോദ് എന്നിവരുമുണ്ട്. എല്ലാവരും കല്ലോടി ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ. 24 കിലോ തൂക്കമുള്ള മദ്ദളം എടുത്ത് ഉപയോഗിക്കുന്നത് പെൺകുട്ടികൾക്ക് പൊതുവെ ബുദ്ധിമുട്ടാണ്. അവിടെയാണ് നിവേദ്യയുടെ വിജയം.