പുൽപള്ളി∙ പിതാവിന്റെ മൃതദേഹം സംസ്കരിക്കാൻ വനാതിർത്തിയിലെ ശ്മശാനത്തിൽ കുഴിയെടുക്കുന്നതിനിടെ മക്കളെ കാട്ടാന ആക്രമിച്ചു. ചേകാടി വനഗ്രാമത്തിലെ വിലങ്ങാടി കോളനിയിലെ ബാലന് (38) സാരമായി പരുക്കേറ്റു. ആനയെക്കണ്ടു ഭയന്നോടുന്നതിനിടെ വീണ് സഹോദരൻ സുകുമാരനും (42) പരുക്കുണ്ട്.
കൊമ്പൻ തുമ്പിക്കയ്യിലെടുത്ത് എറിഞ്ഞതിനെ തുടർന്നു ബാലന്റെ ചെവികൾ മുറിയുകയും കയ്യൊടിയുകയും ചെയ്തു. ശരീരമാസകലം മുറിവേറ്റിട്ടുണ്ട്. മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു ബാലനെ വിദഗ്ധ ചികിത്സയ്ക്കു കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി.
ഇന്നലെ ഉച്ചയ്ക്ക് വെട്ടത്തൂർ വനമേഖലയിലാണു സംഭവം. അസുഖം ബാധിച്ചു വിലങ്ങാടി കോളനിയിൽ ഇന്നലെ പുലർച്ചെ അന്തരിച്ച സോമന്റെ (67) സംസ്കാരത്തിനാണു വെട്ടത്തൂർ വനത്തിലെ സമുദായ ശ്മശാനത്തിൽ കോളനിക്കാർ കുഴിയെടുത്തത്. അവിടത്തെ കാര്യങ്ങൾ അന്വേഷിക്കാനെത്തിയതായിരുന്നു ബാലനും സുകുമാരനും. വനത്തിനുള്ളിൽ അവർ ആനയുടെ മുന്നിലകപ്പെട്ടു.
അലറിയെത്തിയ കൊമ്പൻ ബാലനെ എടുത്തെറിഞ്ഞു. ഭയന്നുവിറച്ച സുകുമാരൻ വനത്തിലൂടെ ഓടി. ശ്മശാനത്തിൽ ജോലി ചെയ്തിരുന്ന കോളനിക്കാർ നിലവിളി കേട്ട് ഓടിയെത്തി ബഹളംവച്ച് ആനയെ തുരത്തുകയായിരുന്നു. തങ്ങളെത്തുമ്പോൾ ബാലൻ അബോധാവസ്ഥയിൽ ആനയുടെ കാൽക്കീഴിൽ കിടക്കുകയായിരുന്നെന്നു കോളനിക്കാർ പറയുന്നു.
ബാലനെ വനത്തിലെ റോഡിലെത്തിച്ച ശേഷം, മരണവീട്ടിലെത്തിയ ഒരു വാഹനം വനത്തിലേക്കു കൊണ്ടു വന്നാണ് ഇരുവരെയും ആശുപത്രിയിലേക്കു മാറ്റിയത്. സോമന്റെ മൃതദേഹം വൈകുന്നേരത്തോടെ സംസ്കരിച്ചു. വിവരമറിഞ്ഞ് വനപാലകർ ആശുപത്രിയിലെത്തി. ചേകാടി വനാതിർത്തി ഗ്രാമങ്ങളിൽ നിരന്തര ശല്യക്കാരനായി ഒരു ഒറ്റയാനുണ്ടെന്നു കോളനിക്കാർ പറയുന്നു.