തോട്ടം തൊഴിലാളികളുടെ കൂലി; പിഎൽസി യോഗം പരാജയം

HIGHLIGHTS
  • പ്രതിദിനം 20 രൂപ വർധിപ്പിക്കാമെന്ന് തോട്ടം മാനേജ്ന്റുകൾ
  • പ്രതിദിന വേതനം 700 രൂപയാക്കണമെന്ന് യൂണിയനുകൾ
തേയില കൊളുന്ത് നുള്ളുന്ന തൊഴിലാളികൾ. മേപ്പാടി ചുളുക്കയിൽ നിന്നുള്ള കാഴ്ച. ചിത്രം: മനോരമ.
SHARE

കൽപറ്റ ∙ തോട്ടം തൊഴിലാളികളുടെ കൂലി വർധന ചർച്ച ചെയ്യാൻ ചേർന്ന പിഎൽസി (പ്ലാന്റേഷൻ ലേബർ കമ്മിറ്റി) യോഗം വീണ്ടും തീരുമാനമാകാതെ പിരിഞ്ഞു. കഴിഞ്ഞ 27നു തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ, 20 രൂപ വർധിപ്പിക്കാമെന്നായിരുന്നു തോട്ടം മാനേജ്‌മെന്റുകളുടെ നിലപാട്. തൊഴിലാളികളുടെ അധ്വാനഭാരം വർധിപ്പിക്കണമെന്നും മാനേജ്മെന്റുകൾ യോഗത്തിൽ ആവശ്യപ്പെട്ടു. സേവന വേതന പുതുക്കി നിശ്ചയിക്കുകയാണെങ്കിൽ മുൻകാല പ്രാബല്യം തരില്ലെന്നും മാനേജ്മെന്റുകൾ നിലപാടെടുത്തു.

തൊഴിലാളികളുടെ പ്രതിദിന വേതനം 700 രൂപയാക്കണമെന്നായിരുന്നു യൂണിയനുകൾ ആവശ്യപ്പെട്ടിരുന്നത്. യൂണിയനുകളുടെ ആവശ്യപ്രകാരമുള്ള വർധനയ്ക്കു 270 രൂപയാണു കൂട്ടേണ്ടി വരിക. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇതിന് മാനേജ്‌മെന്റ് തയാറാകില്ലെന്നാണു സൂചന. 100 രൂപയുടെ വർധന പോലും പ്രതീക്ഷിക്കേണ്ടെന്നാണു ഇൗ മേഖലയിലുള്ളവർ പറയുന്നത്. 2021 ഡിസംബറിന് ശേഷം 4 തവണയാണു പിഎൽസി യോഗങ്ങൾ ചേർന്നത്.

എന്നാൽ, ശമ്പള പരിഷ്‌കരണം മാത്രം ചർച്ചയായില്ലെന്നു തൊഴിലാളികൾ പറയുന്നു. കഴിഞ്ഞ ഒക്ടോബർ 23ന് ചേർന്ന പിഎൽസി യോഗത്തിൽ 15 രൂപ വർധിപ്പിക്കാമെന്നായിരുന്നു മാനേജ്മെന്റുകളുടെ നിലപാട്. വർധനയായി 52 രൂപയുടെ മുകളിലുള്ള സംഖ്യ പറയണമെന്ന് ലേബർ കമ്മിഷണർ നിർദേശിച്ചെങ്കിലും മുഖവിലക്കെടുക്കപ്പെട്ടില്ല. 2019ലാണു അവസാനമായി ശമ്പള പരിഷ്കരണം നടപ്പിലായത്. 50 രൂപയാണു അന്നു വർധിപ്പിച്ചത്. ജില്ലയിൽ 15ലധികം തേയിലത്തോട്ടങ്ങളുണ്ട്.

ഇതിൽ പല തോട്ടങ്ങളും പ്രതിസന്ധിയിലാണ്. ചിലതിൽ മാസങ്ങളായിട്ടു തൊഴിലാളികൾക്കു ശമ്പളം പോലും വിതരണം ചെയ്തിട്ടില്ല. വർഷങ്ങളായിട്ടു തൊഴിലാളികളുടെ പിഎഫ് അടയ്ക്കാത്ത മാനേജ്മെന്റുകളും ജില്ലയിലുണ്ട്. മാറിയ ജീവിത സാഹചര്യങ്ങളിൽ മേഖലയിൽ തുടരാനാകാതെ ഒട്ടേറെ തൊഴിലാളികൾ മറ്റു തൊഴിൽ മേഖലകളിലേക്കു തിരിഞ്ഞു. അതേസമയം, കാലാവസ്ഥാ വ്യതിയാനം മൂലം ഉൽപാദനം കുറഞ്ഞതും ഉൽപാദനച്ചെലവു ഗണ്യമായി വർധിച്ചതും കാരണം തോട്ടംമേഖല കടുത്ത പ്രതിസന്ധിയിലാണെന്നു തോട്ടമുടമകൾ പറയുന്നു.

വേതന കരാർ കാലാവധി കഴിഞ്ഞിട്ട് 13 മാസങ്ങൾ

2021 ഡിസംബർ 31നു തോട്ടം തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥയുടെ കാലാവധി കഴിഞ്ഞിരുന്നു. എന്നാൽ, 13 മാസമായിട്ടും ഇതെക്കുറിച്ച് സർക്കാർ ഒരക്ഷരം പോലും മിണ്ടുന്നില്ലെന്നു തോട്ടം തൊഴിലാളികൾ പറയുന്നു. ജീവിതച്ചെലവുകളും അവശ്യവസ്തുക്കളുടെയും വില കുത്തനെ ഉയർന്നിട്ടും തോട്ടം തൊഴിലാളികളുടെ പ്രതിദിന വേതനം ഇപ്പോഴും 500 രൂപയ്ക്ക് താഴെയാണ്. നിലവിൽ 430.42 രൂപയാണു തൊഴിലാളികൾക്ക് ലഭിക്കുന്നത്.

കഴിഞ്ഞതവണ കാലാവധി കഴിഞ്ഞ് ഒരു വർഷത്തിനു ശേഷമാണു സേവനവേതന വ്യവസ്ഥ പുതുക്കി നിശ്ചയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപു ഇടക്കാലാശ്വാസമായി 50 രൂപ പ്രഖ്യാപിക്കുകയും പിന്നീട് 2 രൂപ കൂടി കൂട്ടി 52 രൂപയുടെ വർധനയാണ് അന്ന് വരുത്തിയത്. ഇതിനു മുൻകാല പ്രാബല്യവും നൽകിയിരുന്നില്ല. ‌ഭൂരിഭാഗം തോട്ടങ്ങളിലെയും തൊഴിലാളികളുടെ ജീവിതം ദുരിത പൂർണമാണ്. ഏതു സമയത്തും ഇടിഞ്ഞു വീഴാവുന്ന ലയങ്ങളിൽ ജീവൻ പണയം വച്ച് അർധ പട്ടിണിയിലാണു തൊഴിലാളികൾ കഴിയുന്നത്. കുടിവെള്ളം, ശുചിമുറി, സഞ്ചാര യോഗ്യമായ റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളൊന്നും ഏർപ്പെടുത്താൻ മാനേജ്മെന്റുകൾക്കു കഴിയുന്നില്ല. തോട്ടം തൊഴിലാളികൾക്കായി സർക്കാർ പ്രഖ്യാപിച്ച ഭവനപദ്ധതിയും എങ്ങുമെത്തിയിട്ടില്ല.

ക്ഷാമബത്ത വർധിപ്പിക്കാൻ നടപടിയില്ല

തോട്ടം തൊഴിലാളികളുടെ ക്ഷാമബത്തയിൽ കാലാനുസൃതമായ പരിഷ്കാരം വരുത്താൻ പ്ലാന്റേഷൻ ലേബർ കമ്മിറ്റി തയാറാകണമെന്ന ആവശ്യവും നടപ്പിലായിട്ടില്ല. 30 വർഷത്തിനിടെ തോട്ടം തൊഴിലാളികളുടെ ക്ഷാമബത്തയിലുണ്ടായത് 2 പൈസയുടെ വർധന മാത്രമാണെന്നു തോട്ടം തൊഴിലാളികൾ പറയുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിപണിവില അടിസ്ഥാനമാക്കിയാണ് ക്ഷാമബത്ത നിശ്ചയിക്കുന്നത്.

സാധനങ്ങളുടെ വില ഇരട്ടിയിലധികം വർധിച്ചെങ്കിലും കാര്യമായ വിലക്കയറ്റമില്ലെന്ന വിചിത്രമായ വിലയിരുത്തലാണ് പ്ലാന്റേഷൻ ലേബർ കമ്മിറ്റിയുടേതെന്നും തൊഴിലാളികൾ പറയുന്നു. 3 വർഷം കൂടുമ്പോഴാണ് തൊഴിലാളികളുടെ ഡിഎയിൽ വർധനയുണ്ടാകുന്നത്. 1990 വരെ ആനുപാതികമായി വർധന ലഭിച്ചിരുന്നു. 1993ൽ വർധനയുണ്ടായില്ല. 1996 ൽ ഒരുപൈസ വർധിപ്പിച്ചു. 2008, 2016 വർഷങ്ങളിൽ അര പൈസ വീതം കൂട്ടി 7 പൈസയാക്കി. അതായത് 30 വർഷത്തിനിടെയുണ്ടായ വർധന 2 പൈസ മാത്രം. എന്നാൽ, സൂപ്പർവൈസർ വിഭാഗത്തിലുള്ള ജീവനക്കാരുടെ ഡിഎ ഇക്കാലയളവിൽ 60 പൈസയോളം വർധിച്ചതായി തൊഴിലാളികൾ പറയുന്നു.

സർക്കാർ നിലപാട് വെല്ലുവിളി

തോട്ടം തൊഴിലാളികളുടെ സേവന വേതന കരാറിന്റെ കാലാവധി 2021 ഡിസംബർ 30നു കഴിഞ്ഞിട്ട് 13 മാസമായിട്ടും കൂലി വർധിപ്പിക്കാൻ നടപടികൾ സ്വീകരിക്കാത്ത സംസ്ഥാന സർക്കാരിന്റെ നിലപാട് തൊഴിലാളികളോടുള്ള വെല്ലുവിളിയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ചേർന്ന പിഎൽസി യോഗങ്ങളിൽ 2 തവണ മാത്രമാണു കൂലി വർധന സംബന്ധിച്ച ചർച്ച നടന്നത്. തൊഴിലാളികളെ വഞ്ചിക്കുന്ന നിലപാട് അവസാനിപ്പിച്ച് അടിയന്തരമായി മുൻകാല പ്രാബല്യത്തോടെ, അധ്വാനഭാരം വർധിപ്പിക്കാതെ നോട്ടിഫിക്കേഷനിലൂടെ കൂലി വർധന നടപ്പിലാക്കാൻ സർക്കാർ തയാറാകണം. ബി. സുരേഷ്ബാബു പ്ലാന്റേഷൻ വർക്കേഴ്സ് ഫെഡറേഷൻ (ഐഎൻടിയുസി) ജില്ലാ പ്രസിഡന്റ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS