ADVERTISEMENT

കൽപറ്റ ∙ സംസ്ഥാനത്തെ ഏക ആസ്പിറേഷൻ ജില്ലയായ വയനാടിന് പിഎംജെവികെ (പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രമം) പദ്ധതിയിൽ അർഹമായ പരിഗണന നൽകണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി എംപി ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ജില്ലയിൽ നിന്ന് 111. 33 കോടിയുടെ 37 പദ്ധതികൾ സമർപ്പിച്ചപ്പോൾ 14.6 കോടിയുടെ 4 പദ്ധതികൾ മാത്രം സംസ്ഥാനതല കമ്മിറ്റിയുടെ അജൻഡ നോട്ടിൽ ഉൾപ്പെട്ട സാഹചര്യത്തിലാണു കത്ത്.

സംസ്ഥാനതല സമിതി (എസ്‌എൽസി) പിഎംജെവികെയ്ക്ക് കീഴിൽ പരിഗണിക്കുന്ന പദ്ധതികളുമായി ബന്ധപ്പെട്ട് 2022 ഒക്‌ടോബർ 28ന് മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. അതിനൊപ്പം വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലാതല കമ്മിറ്റികൾ വയനാട് പാർലമെന്റ് മണ്ഡലത്തിൽ നിന്ന് ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിലേക്ക് സമർപ്പിച്ച യഥാക്രമം 37, 17, 3 പദ്ധതികൾ കൈമാറുകയും വയനാട് മണ്ഡലത്തിൽ ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളും ആസ്തികളും സൃഷ്ടിക്കുന്നതിനു സാധ്യമായ എല്ലാ പിന്തുണയും നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു. എന്നാൽ ജനുവരി 20 ന് പിഎംജെവികെയുടെ സംസ്ഥാന തല കമ്മിറ്റി യോഗത്തിനായി അജൻഡ കുറിപ്പ് തയാറാക്കിയതിൽ വയനാട്‌ പാർലമെന്റ്‌ മണ്ഡലത്തിൽ നിന്ന് 6 പദ്ധതികൾ മാത്രമാണ്‌ ഉൾപ്പെടുത്തിയത്‌.  ജില്ലയിൽ നിന്ന് 4, മലപ്പുറം ജില്ലയിൽ നിന്ന് 2 എന്നിങ്ങനെയാണ്. 

കോഴിക്കോട്‌ ജില്ലയിൽ നിന്ന് ഒരു പദ്ധതി പോലുമില്ല.‌പിഎംജെവികെയുടെ പുതുക്കിയ മാർഗ നിർദേശങ്ങൾ, ആസ്പിറേഷൻ ജില്ലകളിൽ നിന്നുള്ള പദ്ധതികൾക്ക് സംസ്ഥാന സർക്കാർ മുൻഗണന നൽകാമെന്നു വ്യവസ്ഥ ചെയ്യുന്നു. എന്നാൽ ജില്ലാതല സമിതി സമർപ്പിച്ച പദ്ധതികളുടെ പട്ടികയും സംസ്ഥാന തല സമിതിയുടെ പരിഗണനയിലുള്ള പദ്ധതികളുടെ പട്ടികയും തമ്മിലുള്ള പ്രകടമായ വ്യത്യാസം ആശങ്ക ഉളവാക്കുന്നതാണ്‌. സംസ്ഥാനതല സമിതി ഇക്കാര്യം പരിശോധിച്ച് വയനാട് പാർലമെന്റ് മണ്ഡലത്തിൽ മതിയായ പദ്ധതികൾക്ക് അംഗീകാരം നൽകണമെന്നാവശ്യപ്പെട്ടാണ് കത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com