വഴിനവീകരണം മുടങ്ങിയിട്ട് ഒരുമാസം: കാൽനടയാത്ര പോലും അസാധ്യം

HIGHLIGHTS
  • നഗരസഭയുടെ 30 ലക്ഷം രൂപയും ടി.സിദ്ദീഖ് എംഎൽഎ അനുവദിച്ച 10 ലക്ഷം രൂപയും ഉൾപ്പെടെ 40 ലക്ഷം രൂപയാണു നവീകരണത്തിനായി നീക്കിവച്ചത്
കൽപറ്റ നഗരത്തിൽ നിന്നു എച്ച്ഐഎംയുപി സ്കൂളിനു മുന്നിലൂടെ പള്ളിത്താഴെ റോഡിലേക്ക് പ്രവേശിക്കുന്ന ഇടവഴിയുടെ നവീകരണം മുടങ്ങിയപ്പോൾ. സമീപത്തായി മാലിന്യങ്ങളും കാണാം. ചിത്രം:മനോരമ
SHARE

കൽപറ്റ ∙ നഗരത്തിൽ നിന്നു എച്ച്ഐഎംയുപി സ്കൂളിനു മുന്നിലൂടെ പള്ളിത്താഴെ റോഡിലേക്ക് പ്രവേശിക്കുന്ന ഇടവഴിയുടെ നവീകരണം മുടങ്ങിയിട്ട് ഒരുമാസം പിന്നിട്ടു. നവീകരണം മുടങ്ങിയതോടെ ഇതുവഴിയുള്ള കാൽനടയാത്ര പോലും അസാധ്യമായി. 2022 ഡിസംബർ 23നാണു നവീകരണം ആരംഭിച്ചത്. ഇടവഴിക്ക് കഷ്ടിച്ച് 100 മീറ്റർ നീളവും ഒരടി വീതിയുമുള്ളു. വീതി കൂട്ടി നവീകരിക്കണമെന്ന നാട്ടുകാരുടെ ഏറെനാളത്തെ ആവശ്യങ്ങൾക്കൊടുവിലാണ് നഗരസഭ നടപടികളുമായി രംഗത്തിറങ്ങിയത്.

തുടർന്നു നുസ്രത്തുദീൻ മുസ്‌ലിം സംഘം മഹല്ല് കമ്മിറ്റിയുടെ തീരുമാന പ്രകാരം  നവീകരണത്തിനായി കൽപറ്റ വലിയ പള്ളി സൗജന്യമായി ഭൂമി നഗരസഭയ്ക്കു വിട്ടുനൽകുകയും ചെയ്തു. നഗരസഭയുടെ 30 ലക്ഷം രൂപയും ടി. സിദ്ദീഖ് എംഎൽഎ അനുവദിച്ച 10 ലക്ഷം രൂപയും ഉൾപ്പെടെ 40 ലക്ഷം രൂപയാണു നവീകരണത്തിനായി നീക്കിവച്ചത്. ഇന്റർലോക്ക് ടൈലുകൾ പതിച്ച് നവീകരിക്കാനായിരുന്നു പദ്ധതി. ഇടവഴിയുടെ ഒരു ഭാഗത്ത് അലങ്കാര ലൈറ്റുകളും സ്ഥാപിക്കുമെന്നും നഗരസഭാ അധികൃതർ അറിയിച്ചിരുന്നു.

പ്രവൃത്തികളുടെ ആദ്യഘട്ടമായി ഇടവഴിയുടെ ഒരുഭാഗം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചുനികത്തുകയും ചെയ്തു. പിന്നാലെ ചില സ്വകാര്യ വ്യക്തികൾ തടസ്സവാദവുമായി രംഗത്തെത്തി. വഖഫ് ബോർഡിന്റെ അനുമതിയില്ലാതെയാണു പള്ളിയുടെ സ്ഥലം നഗരസഭയ്ക്ക് വിട്ടുകൊടുത്തതെന്നു കാണിച്ച് ഇവർ വഖഫ് ബോർഡിനു പരാതി നൽകുകയും ചെയ്തു. ഇതോടെ നവീകരണം മുടങ്ങി. ദിവസവും ഇതുവഴി കടന്നുപോയിരുന്ന വിദ്യാർഥികൾ അടക്കം നിലവിൽ ദുരിതത്തിലായി. നേരത്തെ ഇരുചക്രവാഹനങ്ങൾ അടക്കം കടന്നുപോയിക്കൊണ്ടിരുന്ന ഇടവഴിയിൽ നവീകരണത്തിനായി ഒരുഭാഗം പൊളിച്ചിട്ടതോടെ കാൽനടയാത്രക്കാർക്കു പോലും ഇതുവഴി കടന്നുപോകാൻ സാധിക്കാതെയായി. സാമൂഹികവിരുദ്ധർ ഇടവഴിയിൽ മലമൂത്ര വിസർജനം നടത്തുന്നതും പതിവായി.

നഗരത്തിനോടു ചേർന്ന് ഇടവഴിയിൽ മാലിന്യങ്ങളും കുമിഞ്ഞു കൂടി. പ്രധാന റോഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ബസ് കാത്തുനിൽക്കുന്നവരും ഇവിടെ നിന്നുള്ള ദുർഗന്ധം സഹിക്കണം. നവീകരണം യാഥാർഥ്യമാവുകയാണെങ്കിൽ, ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോൾ ചെറുവാഹനങ്ങളെ ഇതിലൂടെ ടൗണിനു പുറത്തേക്ക് കടത്തിവിടാം. സാങ്കേതിക തടസ്സങ്ങളെല്ലാം പരിഹരിച്ച് വേഗത്തിൽ ഇടവഴിയുടെ നവീകരണം പൂർത്തിയാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS