ADVERTISEMENT

ഗൂഡല്ലൂർ ∙ സംസ്ഥാന പാതകളിൽ പൊതുമരാമത്ത് വിഭാഗം നിർമിക്കുന്ന വേഗത്തട മരണക്കെണിയാകുന്നു. പാടന്തുറയ്ക്കു സമീപം പുഴുക്കൊല്ലിയിൽ പുതിയതായി നിർമിക്കുന്ന വേഗത്തടയിൽ ഇടിച്ചു മറിഞ്ഞാണു തൊണ്ടർനാട് സ്വദേശി ജിബിനു ജീവൻ നഷ്ടമായത്. ഞായർ രാത്രി 10.30 നാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന ജിബിന്റെ സഹോദരൻ ജോബിനു ഗുരുതര പരുക്കേറ്റു. ജിബിന്റെ പാടന്തുറയിലെ ഭാര്യവീട്ടിൽ പോയി മടങ്ങുന്ന വഴിയിലാണ് അപകടം ഉണ്ടായത്. വേഗത്തട നിർമിക്കുന്ന സ്ഥലത്ത് മുന്നറിയിപ്പു ഫലകങ്ങൾ ഉണ്ടായിരുന്നില്ല. റോഡ് നിറയെ ജല്ലി നിരത്തിയിട്ട നിലയിലായിരുന്നു.

ഗൂഡല്ലൂർ – ചേരമ്പാടി റോഡില്‍ നീര്‍മട്ടത്തില്‍ നിര്‍മിച്ച വേഗത്തട. ഇവിടെ യാതൊരു മുന്നറിയിപ്പ് ഫലകങ്ങളും സ്ഥാപിച്ചിട്ടില്ല.

ഗൂഡല്ലൂർ - പാട്ടവയൽ റോഡിൽ 7 സ്ഥലങ്ങളിലാണ് ഇത്തരത്തിലുള്ള വേഗത്തടകൾ നിർമിക്കുന്നത്. ഗൂഡല്ലൂർ ചേരമ്പാടി റോഡിൽ ദേവലയിലും നീർമട്ടത്തിലുമായി 2 സ്ഥലങ്ങളിൽ ഇത്തരം വേഗത്തടകൾ നിർമിച്ചിട്ടുണ്ട്. കാറുകൾ അടക്കമുള്ള വാഹനങ്ങളുടെ അടി ഭാഗം വേഗത്തടയിൽ ഉരഞ്ഞാണു പോകുന്നത്. വേഗത്തടയിൽ വാഹനം കയറി ഇറങ്ങുമ്പോഴാണ് ഈ ഭാഗത്ത് വേഗത്തട ഉണ്ടെന്ന് അറിയുന്നതു പോലും. റോഡ് നിരപ്പിൽ നിന്ന് ഒന്നര അടി ഉയരത്തിലാണു വേഗത്തട നിർമിക്കുന്നത്. വേഗത്തടയുടെ മുകളിൽ പൂട്ടുകട്ടകൾ നിരത്തി ഉയരം കൂട്ടുകയും ചെയ്യുന്നു.

ഇരുചക്രവാഹനങ്ങളാണ് ഇവിടെ കൂടുതലും അപകടത്തിൽ പെടുന്നത്. സാധാരണയായി ഈ റോഡുകളിൽ വേഗ കൂടുതൽ കൊണ്ട് അപകടങ്ങൾ ഉണ്ടാകാറില്ല. വേഗത്തട നിർമാണം തീർത്തും അശാസ്ത്രീയമായ രീതിയിലാണു നാട്ടുകാർ പറയുന്നു. ദേശീയപാതയിൽ കൂനൂർ മുതൽ മേട്ടുപ്പാളയം വരെ ഇത്തരത്തിലുള്ള വേഗത്തടകൾ നിർമിച്ചിട്ടുണ്ട്. കുത്തനെയുള്ള കയറ്റത്തിലാണ് വേഗത്തട. മേട്ടുപ്പാളയത്തിൽ നിന്നു കയറ്റംകയറി വരുന്ന വാഹനങ്ങൾ ഉയരം കൂടിയ വേഗത്തടകളിൽ നിർത്തി ഫസ്റ്റ് ഗിയർ ഇട്ടാണു കയറ്റം കയറുന്നത്. സഞ്ചാരികളുമായി എത്തുന്ന ലോ ഫ്ലോർ ബസുകളുടെ അടി ഭാഗം ഉരയുന്നുമുണ്ട്.

ഗൂഡല്ലൂർ - പാട്ടവയല്‍ റോഡില്‍ പാടംന്തുറയ്ക്ക് സമീപം വേഗത്തടയില്‍ തട്ടി ഇരു ചക്രവാഹനം മറിഞ്ഞ് യുവാവ് മരിച്ചതിനെ തുടര്‍ന്നു വേഗത്തട പൊളിച്ചു നീക്കുന്നു.

ലോഡുമായി എത്തുന്ന ലോറികൾ വേഗത്തടയിൽ കുരുങ്ങി നിന്നു പോകും. ഇതുമൂലം വലിയ ഗതാഗതക്കുരുക്കും ഈ റോഡിൽ ഉണ്ടാകാറുണ്ട്. ടേബിൾ ടോപ്പ് എന്നറിയപ്പെടുന്ന വേഗത്തടകളാണ് ഇവിടെ നിർമിക്കുന്നത്. ഇത്തരം വേഗത്തടകൾ സമതല പ്രദേശങ്ങളിലെ റോഡുകളിലാണു സാധാരണ നിർമിക്കുന്നതെന്നു വിദഗ്ധർ പറയുന്നു. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ സംസ്ഥാന റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന വേഗത്തടകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഡിഎംകെ പാർട്ടികളിലെ എൻ.എ. അഷറഫ്, ലിയാക്കത്തലി, കെ. ഹംസ, രവി, അവറാച്ചൻ, അണ്ണാമണി എന്നിവരുടെ നേതൃത്വത്തിൽ ഹൈവേ വകുപ്പിനു പരാതി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com