കൽപറ്റ ∙ രാത്രികാലങ്ങളിൽ നഗരത്തിലെ ബസ് സ്റ്റാൻഡുകളിൽ പ്രവേശിക്കാത്ത ദീർഘദൂര ബസുകൾക്കു ഇന്നുമുതൽ പൊലീസിന്റെ പിടിവീഴും. നഗരസഭാ ട്രാഫിക് ക്രമീകരണ കമ്മിറ്റിയുടേതാണു തീരുമാനം. പഴയ ബസ് സ്റ്റാൻഡ്, പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ രാത്രി 7 കഴിഞ്ഞാൽ ബസുകൾ പ്രവേശിക്കുന്നില്ലെന്നു വ്യാപക പരാതികളുയർന്നിരുന്നു. ഇതേത്തുടർന്നാണു നഗരസഭാ അധികൃതരുടെ ഇടപെടൽ.
ഇന്നു മുതൽ രാത്രി 7നു ശേഷവും കെഎസ്ആർടിസി, സ്കാനിയ അടക്കമുള്ള ദീർഘദൂര ബസുകൾ നിർബന്ധമായും സ്റ്റാൻഡുകൾക്കുള്ളിൽ പ്രവേശിക്കണം. ബസുകളുടെ നിയമലംഘനം കണ്ടെത്താൻ എഎസ്പി തപോഷ് ബസുമതാരിയുടെ നേതൃത്വത്തിലുള്ള 3 സ്ക്വാഡുകളും ആർടിഒ സ്ക്വാഡുകളും ദിവസവും പരിശോധന നടത്തും.
രാത്രി 7നു ശേഷം, കൽപറ്റ നഗരത്തിലൂടെ കടന്നുപോകുന്ന ദീർഘദൂര ബസുകൾ സ്റ്റാൻഡുകളിൽ പ്രവേശിക്കാറില്ല. സ്റ്റാൻഡുകൾക്കു പുറത്ത് പ്രധാന റോഡിൽ നിർത്തിയാണു യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. ഇതുകാരണം രാത്രികാലങ്ങളിൽ നഗരത്തിൽ ഗതാഗതക്കുരുക്കും പതിവായിരുന്നു. കൂടാതെ, ബസുകൾ റോഡരികിൽ നിർത്തുന്നതിനാൽ ദീർഘദൂര യാത്ര കഴിഞ്ഞു നഗരത്തിൽ വന്നിറങ്ങുന്ന സ്ത്രീകൾ അടക്കമുള്ള യാത്രക്കാർക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനും ബുദ്ധിമുട്ടു നേരിട്ടിരുന്നു.
പഴയ ബസ് സ്റ്റാൻഡ്, പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ശുചിമുറി സൗകര്യങ്ങളുണ്ടെന്നിരിക്കെ രാത്രി 7നു ശേഷം യാത്രക്കാർക്ക് റോഡരികിൽ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കേണ്ട ഗതികേടായിരുന്നു. പുതിയ ഉത്തരവിറങ്ങിയതോടെ ഇതിനെല്ലാം പരിഹാരമാകുമെന്ന പ്രതീക്ഷയിലാണു യാത്രക്കാർ. യോഗത്തിൽ നഗരസഭാ അധ്യക്ഷൻ കേയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു.