ADVERTISEMENT

കൽപറ്റ ∙ നെന്മേനി പാടിപറമ്പിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്ഥലം ഉടമയ്ക്കെതിരെ കേസ് എടുത്ത വനംവകുപ്പിന്റെ നടപടിയിൽ വ്യാപക പ്രതിഷേധം. വിവിധ സംഘടനകളും നേതാക്കളും വനംവകുപ്പിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. വന്യജീവി ശല്യം രൂക്ഷമാകുമ്പോഴും വനംവകുപ്പ് പ്രതിരോധനടപടികള്‍ സ്വീകരിക്കാതെ വരുമ്പോഴാണു കര്‍ഷകര്‍ സ്വന്തം കൃഷിയിടത്തില്‍ സുരക്ഷയൊരുക്കാന്‍ നിര്‍ബന്ധിതരാകുന്നതെന്നു കര്‍ഷകസംഘടനകളും ചൂണ്ടിക്കാട്ടുന്നു. വനംവകുപ്പ് അനാസ്ഥ മൂലമാണ് വന്യജീവികള്‍ കൂടുതലായി ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങുന്നത്.

കര്‍ഷകന്റെ കൃഷിഭൂമിയില്‍ വന്യജീവികള്‍ അപകടത്തില്‍പെട്ടാലും കർഷകര്‍ നിയമനടപടി നേരിടേണ്ടിവരുന്നു. ഇതു പ്രതിഷേധാര്‍ഹമാണെന്നു കര്‍ഷകര്‍ പറയുന്നു. എന്നാല്‍, വന്യജീവികള്‍ക്ക് അപകടമുണ്ടാക്കുന്ന കെണികള്‍ കൃഷിയിടത്തില്‍ സ്ഥാപിക്കുന്നതു നിയമവിരുദ്ധമാണെന്നതിനാല്‍ കേസ് എടുക്കേണ്ടിവരുമെന്നാണു വനംവകുപ്പ് വാദം. മാസങ്ങളോളം പൊന്മുടിക്കോട്ടയിലും പരിസരങ്ങളിലും ഭീതി സൃഷ്ടിച്ച കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ പ്രതികാര നടപടികളിലേക്ക് വനംവകുപ്പ് കടക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു. 

പ്രദേശത്തൊയൊന്നാകെ ഭീതിയിലാഴ്ത്തിയ കടുവയെ കൂടുവെച്ച് പിടികൂടാൻ നിരവധി ദിവസങ്ങൾ ഉണ്ടായിട്ടും വനംവകുപ്പ് നടപടികൾ സ്വീകരിക്കാത്തത് പ്രദേശത്തെ ജനങ്ങളുടെ വളർത്തുമൃഗങ്ങൾ അടക്കമുള്ള സമ്പത്ത് നശിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ നാട്ടുകാർ വനംവകുപ്പിനെ സമീപിച്ചെങ്കിലും ഉദാസീന നിലപാടായിരുന്നു വകുപ്പിന്റേത്. ഒടുവിൽ നാട്ടുകാർ പ്രത്യക്ഷ സമരത്തിന് ഇറങ്ങിയതോടെയാണ് കൂട് സ്ഥാപിക്കാനും കടുവക്കായി തിരച്ചിൽ നടത്താനും വനംവകുപ്പ് തയ്യാറായത്. ജനങ്ങളെ പ്രതിഷേധത്തിലേക്ക് തള്ളിവിട്ടത് വകുപ്പിന്റെ അലംഭാവമാണ്.

തങ്ങളുടെ വീഴ്ചകൾ മറച്ചുവെക്കാനാണ് നിലവിൽ കർഷകനെതിരെ കേസെടുത്ത് മുന്നോട്ട് പോകാനുള്ള വനംവകുപ്പിന്റെ തീരുമാനം. ഒപ്പം ജില്ലയിൽ ഇനിയുണ്ടാകുന്ന പ്രതിഷേധങ്ങളെ ഭയപ്പെടുത്തുകയെന്ന ലക്ഷ്യവുമുണ്ട്. വകുപ്പിന്റെ ഇത്തരം നിലപാടുകൾ അംഗീകരിക്കാനാവില്ല. ഇതിൽ നിന്നും വകുപ്പ് പിൻമാറണം. വന്യജീവികൾക്കൊപ്പം മനുഷ്യനു കൂടി പരിഗണന നൽകുന്ന തരത്തിലേക്ക് വനംവകുപ്പിന്റെ നിലപാടുകൾ മാറണമെന്നും  സംഷാദ് മരക്കാർ ആവശ്യപ്പെട്ടു. വനംവകുപ്പ് കേസ് എടുത്ത സ്ഥലം ഉടമയ്ക്ക് എല്ലാവിധ നിയമ സഹായങ്ങളും സിപിഐ നൽകുമെന്നും അന്യായമായി കൃഷിക്കാരെ ഉപദ്രവിച്ചാൽ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്നും സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com