ബത്തേരി ∙ വടക്കനാടും വള്ളുവാടിയും ഉൾപ്പെട്ട ഗ്രാമങ്ങളിലെ കൃഷിയിടങ്ങളിൽ നിത്യസന്ദർശകരായി കാട്ടാനകൾ വിലസുന്നു. പണയമ്പം, പച്ചാടി, പള്ളിവയൽ, വടക്കനാട്, കരിപ്പൂര്, വള്ളുവാടി എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിലെല്ലാം മാറി മാറി കാട്ടാനകളെത്തുകയാണ്. 3 കൊമ്പൻമാരുടെ നേതൃത്വത്തിലാണ് കാട്ടാനകളുടെ വിളയാട്ടം. അതിൽ ‘മുട്ടിക്കൊമ്പൻ’ എന്നു വിളിക്കുന്ന കാട്ടാനയാണ് പ്രധാനി. അധികം നീളമില്ലാതെ വണ്ണം കൂടി അറ്റം കൂർത്തിട്ടില്ലാത്ത കൊമ്പുള്ളതിനാലാണ് നാട്ടുകാർ മുട്ടിക്കൊമ്പൻ എന്നു വിളിക്കുന്നത്. വടക്കനാട്, പണയമ്പം മേഖലകളാണ് മുട്ടിക്കൊമ്പന്റെ ഇഷ്ടയിടങ്ങൾ.
നാട്ടിലിറങ്ങുന്ന മറ്റൊന്നു ചുള്ളിക്കൊമ്പനാണ്. മൂന്നാമത്തേതു വള്ളുവാടി മേഖലയിലിറങ്ങുന്ന കൊമ്പനാണ്. ഇവ മൂന്നിനെയും കൂടാതെ വേറെയും ആനകളെത്തുന്നുണ്ടെങ്കിലും അത്ര പ്രശ്നക്കാരല്ലെന്നാണ് നാട്ടുകാരുടെ പക്ഷം.നാട്ടിലിറങ്ങി പ്രശ്നമുണ്ടാക്കിയിപ്പോൾ മയക്കുവെടി വച്ച് പിടിക്കപ്പെട്ട് മുത്തങ്ങ പന്തിയിലെ കൂട്ടിലാവുകയും ഇപ്പോൾ കുങ്കിയാനയാവുകയും ചെയ്ത വടക്കനാട് കൊമ്പന്റെ കൂട്ടാളികളായിരുന്നു മുട്ടിക്കൊമ്പനും ചുള്ളിക്കൊമ്പനും.
അക്കാലത്ത് വടക്കനാട് കൊമ്പന്റെ ശിക്ഷണത്തിൽ കഴിഞ്ഞതു കൊണ്ടാവണം വളരെ ശ്രദ്ധിച്ച് വൈദ്യുത സുരക്ഷാ വേലിയിലൊന്നും തട്ടാതെയാണ് മുട്ടിക്കൊമ്പന്റെ വരവ്. മരങ്ങൾ പിഴുതിട്ട് വൈദ്യുത വേലി തകർക്കും. കിടങ്ങുകൾ ഇടിച്ചും ചവിട്ടും ചാലുകളാക്കി മാറ്റും. അങ്ങിനെ കൃഷിയിടങ്ങളിലേക്ക് കയറും.വടക്കനാട് പള്ളിവയൽ കുറുമ്പാലക്കാട്ടിൽ മെൽവിൻ ജോസഫിന്റെ കൃഷിയിടത്തിൽ കഴിഞ്ഞ ദിവസം രാത്രിയെത്തിയ കാട്ടാനകളിലൊന്ന് വൻ നാശമാണ് വരുത്തിയത്. തെങ്ങും കമുകുകളും പിഴുതെറിഞ്ഞ കാട്ടാന കാപ്പികളും ഒടിച്ചെറിഞ്ഞു.
കൈനിക്കൽ സണ്ണിയുടെ കൃഷിയിടത്തിലും വൻനാശമുണ്ടാക്കി. പിഴുതിട്ടയവയൊന്നും ആന ഭക്ഷിക്കുന്നില്ലെന്നും എല്ലാം വെറുതെ മറിച്ചിടുകയാണെന്നും മെൽവിൻ പറയുന്നു.മുൻ ദിവസങ്ങളിൽ വടക്കനാട്ടെയും വള്ളുവാടിയിലെയും നിരവധി പേരുടെ കൃഷിയിടങ്ങളിൽ കാട്ടാനകൾ ചില്ലറ നാശമല്ല വരുത്തിയത്. വള്ളുവാടി കവലയിൽ വനംവകുപ്പ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. തൊഴിലുറപ്പ് പ്രവൃത്തിയിലൂടെ മണ്ണ് കോരി നീക്കിയ പല ട്രഞ്ചുകളിലൂടെയും കാട്ടാനകൾ എത്തുന്നുണ്ട്. ആഴം കൂട്ടി മണ്ണുമാന്തി ഉപയോഗിച്ച് വൃത്തിയാക്കണമെന്ന ആവശ്യവുമുണ്ട്.