കൽപറ്റ ∙ യുവാവിനെ തട്ടിക്കൊണ്ടുപോയി ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ 2 പേർ പൊലീസിന്റെ പിടിയിലായി. കണ്ണൂർ മമ്പറം കൊളാലൂർ കുളിച്ചാൽ വീട്ടിൽ നിധിൻ (33), കൂത്തുപറമ്പ് എരിവട്ടി സീമ നിവാസിൽ ദേവദാസ് (46) എന്നിവരാണ് പിടിയിലായത്. കൊടുവള്ളി സ്വദേശി അബൂബക്കറിന്റെ പരാതിയിലാണ് അറസ്റ്റ്.
ജനുവരി 28നു ഉച്ചയ്ക്ക് 12ന് കൽപറ്റ പഴയ ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസി ബസിൽ വന്നിറങ്ങിയ അബൂബക്കറിനെ തട്ടിക്കൊണ്ടുപോയി 3.92 ലക്ഷം രൂപ തട്ടിയെടുത്ത ശേഷം കൽപറ്റ–പടിഞ്ഞാറത്തറ റോഡിലെ വെങ്ങപ്പള്ളിയിൽ ഇറക്കി വിട്ടെന്നാണ് പരാതി. യാത്രയ്ക്കിടെ സംഘം സഞ്ചരിച്ച കാർ മാനന്തവാടി ഹൈസ്കൂളിന് സമീപത്ത് കെഎസ്ആർടിസി ബസിനും ക്രെയിനിനും ഇടിച്ച് അപകടവുമുണ്ടായി. തുടർന്ന് കാറിലുണ്ടായിരുന്നവർ കടന്നുകളയുകയായിരുന്നു.
എഎസ്പി തപോഷ് ബസുമതാരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് കേസ് അന്വേഷിക്കുന്നത്. കൽപറ്റ ഇൻസ്പെക്ടർ പി.എൽ. ഷൈജു, എസ്ഐ ബിജു ആന്റണി എന്നിവർ ചേർന്ന് കണ്ണൂരിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.