കൽപറ്റ ∙ ജില്ലയിലെ വന്യമൃഗശല്യം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കിഫ്ബിയിൽനിന്ന് 22.5 കോടി രൂപ ഉപയോഗിച്ച് ക്രാഷ് ഗാർഡ് ഫെൻസിങ്ങിന് അനുമതിയായി. പുൽപള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ദാസനക്കര - പാതിരിയമ്പം, പാത്രമൂല കക്കാടൻ ബ്ലോക്ക് ( 15 കിലോമീറ്റർ)
വൈത്തിരി സെക്‌ഷൻ പരിധിയിൽ കൊമ്മഞ്ചേരി (3.5 കിലോമീറ്റർ) വേങ്ങോട് മുതൽ ചെമ്പ്ര വരെ (5 കിലോമീറ്റർ) സുഗന്ധഗിരി സെക്‌ഷൻ പരിധിയിൽ കുന്നുംപുറം പത്താം മൈൽ (3 കിലോമീറ്റർ), വടക്കനാട് (4.5 കിലോമീറ്റർ) പാഴൂർ തോട്ടമൂല (6.5 കിലോമീറ്റർ) എന്നിവയുൾപ്പെടെ 48 കിലോമീറ്റർ ദൂരമാണ് ക്രാഷ് ഗാർഡ് ഫെൻസിങ് ചെയ്യുന്നത്.
നിർമാണ പ്രവൃത്തി വേഗത്തിലാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തെ വനംവകുപ്പ് ആസ്ഥാനത്ത് പിസിസിഎഫ് ഡി. ജയപ്രസാദുമായി എംഎൽഎമാരായ ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണൻ എന്നിവർ ചർച്ച നടത്തി. ജില്ലയിൽ ജനകീയ കമ്മിറ്റി രൂപീകരിച്ച് ജനപ്രതിനിധികളുടെയും ജനങ്ങളുടെയും നിർദേശങ്ങളും
അഭിപ്രായങ്ങളും സ്വീകരിച്ചു തുടർ പ്രവർത്തനങ്ങൾ മുന്നോട്ടു പോകണമെന്ന് എംഎൽഎമാർ നിർദേശിച്ചു. ഇത് ഡിഎഫ്ഒമാരെ അറിയിക്കുമെനും സ്റ്റേറ്റ് ഫോറസ്റ്റ് ഡവലപ്മെന്റ് എജൻസിക്കു നിർവഹണ ചുമതല നൽകിയിട്ടുണ്ടെന്നും പിസിസിഎഫ് ഉറപ്പുനൽകിയതായും എംഎൽഎമാർ അറിയിച്ചു.