മാനന്തവാടി ∙ മലയോര ഹൈവേ നിർമാണം ആരംഭിച്ചതോടെ പായോട് മുതൽ പച്ചിലക്കാട് വരെയുള്ള പ്രദേശങ്ങളിലെ ജലനിധി ശുദ്ധജല വിതരണം അവതാളത്തിൽ. ഒട്ടേറെ ഇടങ്ങളിലെ ജലനിധി പൈപ്പുകൾ റോഡ് നവീകരണത്തിനിടെ തകർന്നതാണു കാരണം. പനമരം പഞ്ചായത്തിലെ അഞ്ചുകുന്ന് ശുദ്ധജല വിതരണ പദ്ധതി
പനമരം പദ്ധതി, കൈതയ്ക്കൽ പദ്ധതി, വെള്ളമുണ്ട പഞ്ചായത്തിലെ മഴുവന്നൂർ പദ്ധതി, എടവക പഞ്ചായത്തിലെ തോണിച്ചാൽ പദ്ധതി, സാന്ത്വനം കുടിവെള്ള പദ്ധതി എന്നീ 6 സമിതികളിലായി 7,000 കുടുംബങ്ങളാണ് ജലനിധി പദ്ധതിയെ ആശ്രയിക്കുന്നത്. റോഡ് വീതി കൂട്ടി ടാർ ചെയ്യുമ്പോൾ നിലവിലെ പൈപ്പുകൾ ടാറിങ്ങിന്റെ നടുക്കായി വരും.
പിന്നീട് അറ്റകുറ്റപണി നടക്കാത്ത സ്ഥിതിയാകും. ഈ പൈപ്പുകൾ മാറ്റാൻ എസ്റ്റിമേറ്റ് തയാറായെങ്കിലും നിയമ തടസ്സങ്ങളും ടെൻഡർ നടപടിയിലെ നൂലാമാലകളും കാരണം നടപടി വൈകുകയാണ്. ഇതിനു സമിതി ഭാരവാഹികൾക്ക് പഴി കേൾക്കേണ്ടി വരുന്നു.ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ജലനിധി നടത്തിപ്പു സമിതിക്ക്
റോഡ് പണി തുടങ്ങിയപ്പോൾ മുതൽ ജലവിതരണം നിലച്ചതു വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വേനൽ കടുത്തതോടെ ജലക്ഷാമം രൂക്ഷമാണ്. നിയമ തടസ്സം ഒഴിവാക്കി ശാശ്വതപരിഹാരം കാണാൻ തയാറാകണം. നടത്തിപ്പ് കമ്മിറ്റിക്കാരുടെ മേൽനോട്ടത്തിൽ, ജലനിധി കണ്ണൂർ ഓഫിസിന്റെ മോണിറ്ററിങ്ങിൽ, എത്രയും പെട്ടെന്ന് പണി പൂർത്തീകരിക്കണമെന്ന് ശുദ്ധജലവിതരണ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ജോസ് വെമ്പള്ളി, കുര്യൻ കരിപ്പായിൽ, വിനോദ് തോട്ടത്തിൽ എന്നിവർ ആവശ്യപ്പെട്ടു.