ADVERTISEMENT

മീനങ്ങാടി ∙ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ആധുനിക ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയനോട് രാഹുൽ ഗാന്ധി എംപി. പലതവണ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. വേണ്ടത്ര ചികിത്സ കിട്ടാതെയാണു കടുവയുടെ ആക്രമണത്തിൽ പരുക്കേറ്റ കർഷകൻ തോമസിനു ജീവൻ നഷ്ടമായതെന്നാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പറയുന്നത്. മെഡിക്കൽ കോളജ് ഒരു രാഷ്ട്രീയ പ്രശ്നമായല്ല, മാനുഷികമായ പ്രശ്നമായി മുഖ്യമന്ത്രി കാണണം.

മീനങ്ങാടിയില്‍ പൊതുസമ്മേളനത്തില്‍ പ്രസംഗത്തിനുശേഷം രാഹുലിനെ അഭിനന്ദിക്കുന്ന കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. താരീഖ് അന്‍വര്‍, കെ.സി. വേണുഗോപാല്‍, ടി. സിദ്ദീഖ്,  കെ.കെ. ഏബ്രഹാം, തിരുനാവുക്കരശ്, എന്‍.‍ഡി. അപ്പച്ചന്‍, ഐ.സി. ബാലകൃഷ്ണന്‍ എന്നിവര്‍ സമീപം.  ചിത്രം: മനോരമ
മീനങ്ങാടിയില്‍ പൊതുസമ്മേളനത്തില്‍ പ്രസംഗത്തിനുശേഷം രാഹുലിനെ അഭിനന്ദിക്കുന്ന കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. താരീഖ് അന്‍വര്‍, കെ.സി. വേണുഗോപാല്‍, ടി. സിദ്ദീഖ്, കെ.കെ. ഏബ്രഹാം, തിരുനാവുക്കരശ്, എന്‍.‍ഡി. അപ്പച്ചന്‍, ഐ.സി. ബാലകൃഷ്ണന്‍ എന്നിവര്‍ സമീപം. ചിത്രം: മനോരമ

വയനാട്ടിൽ വന്യമൃഗശല്യം രൂക്ഷമായി വരികയാണ്. ഇതിനു പരിഹാരം കാണാൻ സർക്കാർ തലത്തിൽ ഇടപെടൽ ഉണ്ടാകണമെന്നും മീനങ്ങാടി ശ്രീകണ്ഠപ്പ സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ രാഹുൽ പറഞ്ഞു. ബഫർസോൺ പ്രശ്നത്തിൽ സുപ്രീംകോടതിയുടെ ഇപ്പോഴത്തെ ഇടപെടൽ ആശാവഹമാണങ്കിലും എത്രയും വേഗം ശാശ്വതപരിഹാരം കാണണം. ബഫർസോൺ ഭീതിയിൽ കർഷകരുടെ ഭൂമി കൈമാറ്റം പോലും നടക്കുന്നില്ല. കർഷകരെ സഹായിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുടെ കൂട്ടായ ഇടപെടലുകൾ ആവശ്യമാണ്.

കശ്മീരിനെപ്പോലെ വയനാടും സ്വന്തം വീടു പോലെയാണ്. എത്രയും വേഗം അമ്മ സോണിയ ഗാന്ധിയെയും വയനാട്ടിലേക്കു വിളിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മണ്ഡലത്തിലെ കുടുംബങ്ങൾക്കു വീടുവച്ചു നൽകാനായതിൽ ഏറെ സന്തോഷമുണ്ട്. കൈത്താങ്ങ് പദ്ധതിയിൽ 25 വീടുകളുടെ കൂടി നിർമാണം നടന്നുവരികയാണ്. ഒരു വീടിന്റെ നിർമാണത്തിൽ നേരിട്ടു പങ്കെടുക്കാൻ ആഗ്രഹമുണ്ട്. വീടിനു വേണ്ടി ആഗ്രഹിക്കുന്ന എല്ലാവർക്കും അതു പൂർത്തീകരിച്ചു നൽകാൻ ജനങ്ങളുടെ സഹകരണം ആവശ്യപ്പെടുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

പൊരിവെയിലിലും ആയിരങ്ങളാണ് മീനങ്ങാടി ശ്രീകണ്ഠപ്പ സ്റ്റേഡിയത്തിൽ രാഹുൽ ഗാന്ധിയെ കാണാനെത്തിയത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷത വഹിച്ചു. കെ.സി. വേണുഗോപാൽ, താരിഖ് അൻവർ, ടി. സിദ്ദീഖ്, എൻ.ഡി. അപ്പച്ചൻ, ഐ.സി. ബാലകൃഷ്ണൻ, എ.പി. അനിൽകുമാർ, വിശ്വനാഥ പെരുമാൾ, തിരുനാവക്കരശ്, കെ.കെ. ഏബ്രഹാം, പി.കെ. ജ‍യലക്ഷ്മി, കെ.കെ. വിശ്വനാഥൻ, കെ.എൽ. പൗലോസ്, ചാണ്ടി ഉമ്മൻ, വി.എസ്. ജോയി, ആലിപ്പറ്റ ജമീല,ആര്യാടൻ ഷൗക്കത്ത്, സംഷാദ് മരക്കാർ, കെ.കെ. അഹമ്മദ് ഹാജി, മുഹമ്മദ് കുഞ്ഞി, പി.പി. ആലി, കെ.ഇ. വിനയൻ ‍എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com