കഴുകൻ കണക്കെടുപ്പ്; 12 ഇടങ്ങളിൽ സാന്നിധ്യം
Mail This Article
ബത്തേരി∙ കേരളത്തിൽ കഴുകന്റെ സാന്നിധ്യമുള്ള ഏക പ്രദേശമായ വയനാടൻ കാടുകളിൽ കഴുകൻ കണക്കെടുപ്പ് പൂർത്തിയായി. വയനാട് വന്യജീവി സങ്കേതം, നോർത്ത് വയനാട് ഡിവിഷൻ, സൗത്ത് വയനാട് ഡിവിഷൻ എന്നിങ്ങനെ 3 വനമേഖലകളിലായി നടന്ന കണക്കെടുപ്പിൽ 12 ഇടങ്ങളിൽ ഇപ്പോഴും കഴുകൻമാർ ഉള്ളതായി സ്ഥിരീകരിച്ചു. വനംവകുപ്പിന്റെ നേതൃത്വത്തിൽ പക്ഷി നിരീക്ഷകരെ ഉൾപ്പെടുത്തിക്കൊണ്ടാണ് കണക്കെടുപ്പ് നടന്നത്.
തമിഴ്നാട്ടിലെ മുതുമല, കർണാടകയിലെ ബന്ദിപ്പൂർ, നാഗർഹൊളെ, സത്യമംഗലം, എന്നിവയടങ്ങിയ നീലഗിരി ജൈവമണ്ഡലത്തിൽ പൊതുവായി നടത്തിയ കണക്കെടുപ്പിന്റെ ഭാഗമായാണ് വയനാട്ടിലും സർവേ നടത്തിയത്. വയനാട്ടിലെ വനം ഡിവിഷനുകളിൽ 18 ഇടങ്ങളാണ് കണക്കെടുപ്പിനായി തിരഞ്ഞെടുത്തത്. അതിൽ 12 സ്ഥലങ്ങളിലാണ് കഴുകൻമാരെ നേരിട്ടു കണ്ടത്. ഇന്ത്യൻ കഴുകൻ, ചുട്ടിക്കഴുകൻ, കാതില്ലാക്കഴുകൻ എന്നീ ഇനങ്ങളെയാണ് വയനാട്ടിൽ കണ്ടത്.
ചുട്ടിക്കഴുകൻമാരുടെ കൂടും കണ്ടെത്തി. വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ അബ്ദുൽ അസീസ്, എഡിസിഎഫ് ദിനേഷ്കുമാർ, ഡിഎഫ്ഒമാരായ എ.ഷജ്ന, മാർട്ടിൻ നോവൽ പക്ഷിനിരീക്ഷകനും ഐയുസിഎന് വൾച്ചർ കൺസർവേഷൻ അംഗവുമായ സി. ശശികുമാർ, സി.കെ. വിഷ്ണുദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കണക്കെടുപ്പ്.
കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ കോളജ് ഓഫ് ഫോറസ്ട്രി, പൂക്കോട് സെന്റർ ഫോർ വൈൽഡ് ലൈഫ് സ്റ്റഡീസ്, സർ സെയ്ദ് കോളജ് തളിപ്പറമ്പ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളടക്കം 80 പേരാണ് കണക്കെടുപ്പ് സംഘത്തിലുണ്ടായിരുന്നത്. ഡൈക്ലോഫെനാക്, കേറ്റോ പ്രോഫിൻ എന്നിവയുടെ ഉപയോഗമാണ് കേരളത്തിൽ കഴുകൻമാരെ ഇല്ലാതാക്കിയതെന്നാണ് പഠനങ്ങളിൽ കണ്ടെത്തിയത്.