ADVERTISEMENT

ബത്തേരി ∙ വിരൽത്തുമ്പുകൊണ്ട് വെള്ളക്കടലാസിൽ ജീവിതവിജയത്തിന്റെ മഷി പുരട്ടി ഏലിയാമ്മ മാത്യൂസ് തോൽപിക്കുന്നത് ഇടയ്ക്കെത്തിയ അർബുദരോഗത്തെക്കൂടിയാണ്. ടൈപ് റൈറ്റിങ് പരിശീലന കേന്ദ്രങ്ങൾ ഓരോന്നായി പൂട്ടിപ്പോകുമ്പോഴും കഴിഞ്ഞ 52 വർഷമായി ബത്തേരിയിൽ സെന്റ് മേരീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് എന്ന സ്ഥാപനം നടത്തുകയാണ് ഈ 76കാരി. ഇപ്പോൾ 35 പേരാണ് ഏലിയാമ്മയുടെ ശിക്ഷണത്തിൽ പരീക്ഷയ്ക്കൊരുങ്ങുന്നത്.

ആദ്യമായി അംഗീകൃത ടൈപ്പ് റൈറ്റിങ് പഠന കേന്ദ്രം വയനാട്ടിൽ തുടങ്ങിയ വനിതയാണ് ഏലിയാമ്മ മാത്യു. 1970 സെപ്റ്റംബർ 14നാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തുടക്കം. 3 ടൈപ്പ് റൈറ്ററുകളും 5 വിദ്യാർഥികളുമായി തുടങ്ങിയ സ്ഥാപനത്തിൽ 1985 ആകുമ്പോഴേക്കും ഒരേ സമയം 140 പഠിതാക്കളായി. 2001 മുതൽ പഠിക്കാനെത്തുന്നവരുടെ എണ്ണം കുറഞ്ഞു. 30 മെഷീനുകൾ ഉണ്ടായിരുന്നിടത്ത് ഇന്ന് 11 എണ്ണം മാത്രം.

പ്രമുഖ കമ്പനികളെല്ലാം ടൈപ്പ് റൈറ്ററുകളുടെ നിർമാണം നിർത്തിയതിനാൽ 10 വർഷമായി പുതിയത് ലഭ്യമല്ലെന്ന് ഏലിയാമ്മ പറയുന്നു. പിതാവ് ഇ.എം. തൊമ്മനാണ് ഏലിയാമ്മയെ ടൈപ്റൈറ്റിങ് പഠിക്കാൻ പറഞ്ഞയച്ചത്. അന്ന് ടൈപ്റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഇല്ലാതിരുന്നതിനാൽ പിതാവിന്റെ സുഹൃത്തും വിമുക്തഭടനുമായിരുന്ന എൻ.ഐ. ഏബ്രഹാമിന്റെ ശിക്ഷണത്തിലായിരുന്നു ആദ്യപഠനം.

വയനാട്ടിൽ പരീക്ഷാ സെന്റർ ഇല്ലാതിരുന്നതിനാൽ കോഴിക്കോട് പോയി എഴുതി ലോവറും ഷോർട് ഹാൻഡും പാസായി. കോഴിക്കോട്ടെ ഇൻസ്റ്റിറ്റ്യൂട്ടിലും പഠിക്കേണ്ടി വന്നു. പിന്നീട് വടകര കോടതിയിൽ ടൈപ്പിസ്റ്റായി താൽക്കാലിക ജോലിയും കിട്ടി. കാലാവധി കഴിഞ്ഞപ്പോൾ വയനാട്ടിലെത്തി ടൈപ്റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി. 1974 ൽ വിവാഹിതയായെങ്കിലും ഭർത്താവ് മാത്യു 1976 ൽ മരിച്ചു.

അന്ന് ഏക മകൻ ജെയ്സന് 3 മാസം മാത്രമായിരുന്നു പ്രായം. പിന്നീടിത്രയും കാലം ജെയ്സനൊപ്പം ടൈപ്റൈറ്ററുകളും ഏലിയാമ്മയ്ക്ക് മക്കളായി. കഴിഞ്ഞ വർഷം ജൂലൈയിൽ അർബുദവും ഏലിയാമ്മയെ തളർത്താൻ ശ്രമം നടത്തി. 6 ഡോസ് കീമോ ചെയ്യേണ്ടി വന്നു. ഇപ്പോഴും പഴയതിലും ഊർജ്വസ്വലതയായി ദിവസവും ക്ലാസ്മുറിയിലെത്തും.

അര നൂറ്റാണ്ടിനിടെ 8000 പേർ ഏലിയാമ്മയുടെ ശിക്ഷണത്തിൽ ടൈപ്പ് റൈറ്റിങ് പരീക്ഷകൾ പാസായി. പതിനായിരത്തിലധികം പേർ പഠിതാക്കളായി. ഇന്നും എൽഡി ടൈപ്പിസ്റ്റ് പരീക്ഷ പിഎസ്‌സി നടത്തുന്നുണ്ടെങ്കിലും പഠിക്കാനെത്തുന്നവർ നന്നേ കുറവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com