ഇഞ്ചിമലക്കടവ് പാലം പുനർനിർമിക്കാൻ നടപടിയില്ല; ബാലാവകാശ കമ്മിഷന്റെ ഉത്തരവിനും പുല്ലുവില

HIGHLIGHTS
  • ഇഞ്ചിമലക്കടവ് പാലം തകർന്നത് 2019 ലെ കുത്തൊഴുക്കിൽ
wayanad-half-bridge
പ്രളയത്തിൽ തകർന്ന ഇഞ്ചിമലക്കടവ് പാലം.
SHARE

പനമരം ∙ ഇഞ്ചിമലക്കടവ് പാലം പുനർനിർമിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന ബാലാവകാശ കമ്മിഷന്റെ ഉത്തരവിനും പുല്ലുവില. തകർന്ന പാലം വർഷങ്ങൾ കഴിഞ്ഞും പുനർനിർമിക്കാൻ നടപടിയില്ലാത്തതിനാൽ വിദ്യാർഥികളടക്കമുള്ളവർ ദുരിതത്തിലാണ്. പാലം തകർന്നതിനെ തുടർന്നു ദുരിതത്തിലായ പയ്യംപള്ളി സെന്റ് കാതറൈൻസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ബാലാവകാശ സംരക്ഷണ കമ്മിഷനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2022 മേയിൽ പാലം വാഹന ഗതാഗതത്തിന് അനുയോജ്യമായ രീതിയിൽ പുനർനിർമിക്കാനുള്ള നടപടികൾ പൊതുമരാമത്ത് സ്വീകരിക്കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവിട്ട് ഒരു വർഷം ആകാറായിട്ടും നടപടിയില്ല. 

ചെറുകാട്ടൂർ പയ്യംപള്ളി പ്രദേശങ്ങളെ ബന്ധിപ്പിച്ചു മാനന്തവാടി പുഴയ്ക്കു കുറുകെ 120 മീറ്റർ നീളമുള്ള ഇഞ്ചിമലക്കടവ് കോൺക്രീറ്റ് പാലം തൂണുകളടക്കം 2019 ലെ കനത്ത മഴയെത്തുടർന്നുള്ള കുത്തൊഴുക്കിലാണു തകർന്നു വീണത്. പാലം തകർന്നു വീണതോടെ വിദ്യാർഥികളടക്കമുള്ളവരുടെ വഴിമുട്ടി.

ചങ്ങാടവും കോട്ടത്തോണിയും ഉപയോഗിച്ചാണു യാത്രക്കാർ അക്കരെയിക്കരെ കടക്കുന്നത്. മറുകര കടക്കുന്നതിനിടെ കോട്ടത്തോണി മറിഞ്ഞു 2 കുട്ടികൾ വെള്ളത്തിൽ വീണ സംഭവവും ഉണ്ടായിട്ടുണ്ട്. പ്രദേശത്തെ കുട്ടികൾക്ക് പുഴയ്ക്ക് അക്കരെയുള്ള സ്കൂളിൽ എത്തണമെങ്കിൽ 7 കിലോമീറ്റർ ചുറ്റി സഞ്ചരിക്കണം. 

പാലം നന്നാക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്തിലെ ചെറുകാട്ടൂർ അമലനഗർ ഇഞ്ചിമലക്കടവ് പ്രദേശത്തെ  വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് കഴിഞ്ഞ സ്കൂൾ തുറക്കൽ ദിനത്തിൽ പഠിപ്പുമുടക്കി തകർന്ന പാലത്തിനു സമീപം സമരം നടത്തിയിരുന്നു. ഇതിൽ 16 പേർക്കെതിരെ നിലവിൽ കേസെടുക്കുകയും ചെയ്തു.

പാലം പണിയാനോ നാട്ടുകാരുടെ യാത്ര ദുരിതം പരിഹരിക്കുന്നതിനോ നടപടിയില്ലാത്തതു നാട്ടുകാരെ വീണ്ടും സമരരംഗത്തിറങ്ങാൻ പ്രേരിപ്പിക്കുന്നുണ്ട്. കർഷകരുടെ ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കാനും കൃഷിയാവശ്യങ്ങൾക്കായി വളങ്ങൾ എത്തിക്കുന്നതിനും കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്. വിളകൾ ചന്തയിലെത്തിക്കുമ്പോൾ വാഹന ചെലവ് കഴിച്ചു ബാക്കിയൊന്നും ലഭിക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS