പനമരം ∙ പുഴയോരത്തെ ഇരുമ്പകം മരത്തിനു പിടിച്ച തീ 4 ദിവസം കഴിഞ്ഞും അണഞ്ഞില്ല. മരം നീറി പുകഞ്ഞു തീരുകയാണ്. 4 ദിവസം മുൻപാണു പനമരം വലിയ പുഴയ്ക്ക് സമീപത്ത് കേളോംകടവിലെ ഉള്ളുപൊള്ളയായ വലിയ ഇരുമ്പകം മരത്തിനു തീപിടിച്ചത്. അഗ്നിരക്ഷാസേന തീ അണച്ചു മടങ്ങിയെങ്കിലും പിറ്റേ ദിവസം മരത്തിൽ നിന്നു വീണ്ടും തീയും പുകയും ഉയർന്നു.
കഴിഞ്ഞ 2 ദിവസം കൊണ്ടു മരം പകുതിയിലേറെയും കത്തിത്തീർന്നു. മരത്തിനുള്ളിലെ അണയാതെ കിടന്ന തീ, നീറിപ്പുകഞ്ഞാകാം വീണ്ടും തീ പിടിച്ചതെന്നു നാട്ടുകാർ പറയുന്നു. പുഴയോരത്തെ ഉള്ള് പൊള്ളയായ മരത്തിന് ആരോ തീയിട്ടതാകാമെന്നാണു നാട്ടുകാരുടെ സംശയം.