പനമരം ∙ വേനൽച്ചൂട് ശക്തമായതോടെ ചെറുനാരങ്ങയുടെ വില കത്തിക്കയറുന്നു. ഒരു കിലോ ചെറുനാരങ്ങയ്ക്ക് ജില്ലയിലെ ചില്ലറവിൽപന ശാലയിൽ 160–180 രൂപ വരെയാണു വില. 4 ആഴ്ച വില കൊണ്ടാണ് ഇരട്ടിയിലേറെയായത്. കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിൽ 25 രൂപയായിരുന്നു ഒരു കിലോയുടെ വില. കോവിഡ് കാലത്ത് ചെറുനാരങ്ങയുടെ വില കിലോയ്ക്ക് 200 രൂപ വരെ എത്തിയെങ്കിലും പിന്നീട് കുറഞ്ഞിരുന്നു.
അയൽസംസ്ഥാനങ്ങളിൽ നിന്നാണു പ്രധാനമായും നാരങ്ങ ജില്ലയിലേക്ക് എത്തുന്നത്. വേനലിൽ ആവശ്യക്കാർ ഏറിയപ്പോൾ നാരങ്ങ വരവ് കുറഞ്ഞതാണു വിലകൂടാൻ കാരണമെന്നു വ്യാപാരികൾ പറയുന്നു. റംസാൻ വ്രതാനുഷ്ഠാനം എത്തുന്നതിനൊപ്പം ഇന്ധന വില 2 രൂപ വർധിക്കുന്നതു നാരങ്ങ വില ഇനിയും കുത്തനെ കൂട്ടുമെന്നു കച്ചവടക്കാർ പറയുന്നു. ചെറുനാരങ്ങയുടെ ഒപ്പം തണ്ണിമത്തന്റെ വിലയും വർധിച്ചിട്ടുണ്ട്.