പടിഞ്ഞാറത്തറ ∙ കനാൽ നിർമാണം തുടങ്ങി നാളിതുവരെ വിവിധ തരം പ്രതിസന്ധികളാണു ഉടലെടുത്തത്. അവ യഥാസമയം തരണം ചെയ്യാത്തതാണു കനാൽ പൂർത്തീകരണം വൈകാൻ ഇടയാക്കിയത്. 2025ഓടെ കനാൽ പൂർണതോതിൽ പ്രവർത്തന സജ്ജമാകുമെന്ന് ആവർത്തിച്ചു പറയുമ്പോഴും പുതിയ ഒട്ടേറെ പ്രതിസന്ധികളാണു പ്രവൃത്തിയെ കാത്തിരിക്കുന്നത്.
ഘട്ടം ഘട്ടമായുള്ള നിർമാണ ജോലികളാണ് വിവിധ കരാറുകാരെ ഏൽപിക്കുന്നത്. കരാർ എടുത്തു പ്രവൃത്തി തുടങ്ങുകയും മെറ്റീരിയൽ കോസ്റ്റ് അധികമായി എന്ന കാരണം പറഞ്ഞ് അധിക തുക ആവശ്യപ്പെടുന്നതും ഇവിടെ പതിവായിരുന്നു. ഇതു കാരണം പല നിർമാണങ്ങളും പാതി വഴി മുടങ്ങിയതോടെയാണു കനാൽ നിർമാണം ഇഴയുന്ന അവസ്ഥയിലായത്.

പ്രവൃത്തികൾ പലതും പാതി വഴിക്കു നിലച്ചതോടെ പടിഞ്ഞാറത്തറ പഞ്ചായത്തിലെ പാടശേഖരങ്ങൾ നിറയെ കോൺക്രീറ്റ് തൂണുകൾ നിറഞ്ഞ നിലയിലായി. നിർമാണം പൂർത്തിയായ ഭാഗങ്ങളിൽ പൂർണമായും മണ്ണ് നിറഞ്ഞ് അടഞ്ഞിരിക്കുകയുമാണ്. പ്രവൃത്തി പൂർത്തീകരിക്കണമെങ്കിൽ പുതിയ നിർമാണങ്ങളോടൊപ്പം പഴയ നിർമാണങ്ങളിലെ അറ്റകുറ്റപ്പണികളും നടത്തണം. അതോടെ ഇരട്ടി ജോലികൾ ചെയ്യേണ്ട അവസ്ഥ ആയിട്ടുണ്ട്.

ബാണാസുര ഡാമിൽ നിന്ന് തുടങ്ങി 2.730 കിലോമീറ്റർ പ്രധാന കനാൽ, അതിൽ നിന്ന് 5.390 കിലോമീറ്റർ വെണ്ണിയോട് ബ്രാഞ്ച്‍, 2.690 കിലോമീറ്റർ പടിഞ്ഞാറത്തറ ബ്രാഞ്ച്‍, 3.629 കിലോമീറ്റർ കാപ്പുംകുന്ന്, 3.1 കിലോമീറ്റർ പേരാൽ, പേരാൽ കനാലിൽ നിന്ന് 0.82 കിലോമീറ്റർ ഇടതു കനാൽ, 2.28 കിലോമീറ്റർ വലതു കനാൽ എന്നിവയും വെണ്ണിയോട് ബ്രാഞ്ച് കനാലിൽ നിന്ന് വീട്ടിക്കാമൂല 1.3 കിലോമീറ്റർ, കുറുമ്പാല 1.68 കിലോമീറ്റർ, വെണ്ണിയോട് 3കിലോമീറ്റർ, കുപ്പാടിത്തറ 2.96 കിലോമീറ്റർ എന്നീ വിതരണ കനാലും ആണു പൂർത്തിയാക്കേണ്ടത്.

ഇതിൽ മിക്ക ഭാഗങ്ങളിലും തൂണുകൾ മാത്രവും ചുരുക്കം സ്ഥലങ്ങളിൽ കനാലും ആണു നിർമിച്ചിട്ടുള്ളത്.കനാൽ പൂർത്തിയാകണമെങ്കിൽ തൂണുകളുടെ മുകളിലെ നിർമാണവും കാലപ്പഴക്കം കാരണം ജീർണിച്ച നിലയിലായ ഭാഗങ്ങളുടെ അറ്റകുറ്റ പണികളും നടത്തണം. ലഭ്യമായ ഫണ്ടിന്റെ പ്രവൃത്തികളാണു ഇപ്പോൾ നടക്കുന്നത്.
ആദ്യ ഘട്ടം പൂർത്തീകരണത്തിന്റെ ഭാഗമായി പ്രധാന കനാൽ വഴി 2024 മേയിൽ വെള്ളം എത്തിക്കും എന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഭീമമായ അറ്റകുറ്റപ്പണികൾ ഇവിടെ നടത്തേണ്ടി വരും. ഡാമിൽ നിന്നു കനാൽ തുടങ്ങി ഡൈവേർഷൻ ചേംബർ വരെയുള്ള 2.730 കിലോമീറ്റർ ദൂരം വരുന്ന ഈ പ്രധാന കനാലിന്റെ പല ഭാഗങ്ങളും വൻ തോതിൽ മണ്ണടിഞ്ഞു മൂടിയിട്ടുണ്ട്. ഒട്ടേറെ ദൂരം നിർമാണ പ്രവർത്തനങ്ങളും അവശേഷിക്കുന്നുണ്ട്.
കനാൽ നിർമാണം പൂർത്തിയാക്കാൻ ആവശ്യമായ ഫണ്ട് യഥാസമയം ലഭിക്കുകയാണെങ്കിൽ മാത്രമേ പ്രവൃത്തി പൂർത്തീകരിക്കാൻ പറ്റുകയുള്ളൂ. പ്രധാന കനാലിന്റെ അറ്റകുറ്റ പണികൾക്കും ശേഷിക്കുന്ന ഭാഗം പൂർത്തീകരിക്കുന്നതിനും 6 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കനാൽ നിർമാണം പൂർത്തിയാക്കുന്നതിന് ബജറ്റിൽ 12 കോടി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ തുക ഉപയോഗിച്ചു നിർമാണം പൂർത്തീകരിക്കാൻ സാധ്യമല്ല.
ഇതിനു പുറമേ 30 കോടി രൂപ കൂടി വേണ്ടി വരും എന്നാണു പ്രാഥമിക കണക്കു കൂട്ടൽ. നിലവിലെ സാമ്പത്തിക പ്രതിസന്ധി ഫണ്ട് അനുവദിക്കുന്നതിനു വിലങ്ങു തടിയാകുമോയെന്ന ആശങ്കയും ഉണ്ട്.നിർമാണ പ്രവൃത്തികൾക്കു കാലാവസ്ഥ വില്ലനാകുന്നതു പതിവാണ്. നിലവിൽ തകൃതിയായി പ്രവൃത്തികൾ നടക്കുന്നുണ്ടെങ്കിലും മഴക്കാലം ആകുന്നതോടെ അതു മുടങ്ങും. മഴയ്ക്കു മുൻപു പരമാവധി ജോലികൾ ചെയ്തു തീർക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ജീവനക്കാരുടെ കുറവ് വൻ പ്രതിസന്ധിയാവുകയാണ്.
3 സെക്‌ഷനിലാണ് ഇപ്പോൾ പ്രവൃത്തി നടക്കുന്നത്. 2 സെക്‌ഷൻ കൂടി അനുവദിച്ചിട്ടുണ്ട്. അതോടെ രാത്രിയും പകലും ഒരേ പോലെ പ്രവൃത്തി നടത്തിയാൽ മാത്രമേ മഴയ്ക്കു മുൻപ് ജോലികൾ തീർക്കാൻ പറ്റുകയുള്ളൂ. ആവശ്യത്തിനു ജീവനക്കാരെ ഇവിടേക്ക് അനുവദിച്ചിട്ടുണ്ടെങ്കിലും ആരും ഇതുവരെ ചാർജ് ഏറ്റെടുത്തിട്ടില്ല.
നിശ്‍ചിത കാലാവധിക്കകം നിർമാണം പൂർത്തീകരിക്കണമെന്ന് സർക്കാരിന്റെ കർശന നിർദേശമുണ്ട്. അതിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ ദിവസവും വിളിച്ചു നിർമാണ പുരോഗതി വിലയിരുത്തുന്നുമുണ്ട്. പ്രവൃത്തികളുടെ മേൽനോട്ടം വഹിക്കുന്നതിനു പുറമേ കടലാസ് ജോലികളും നടത്തേണ്ടി വരുന്നതു ജീവനക്കാരുടെ കുറവു കാരണം വൻ പ്രതിസന്ധിയാകുകയാണ്.