കൽപറ്റ ∙ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ആശ്വാസവുമായി വീടുകളിൽ സന്ദർശനം നടത്തി രാഹുൽ ഗാന്ധി എംപി. മുട്ടിൽ വാര്യാട് റോഡിലേക്ക് അലക്ഷ്യമായി കയറിയ കാറിടിച്ചു നിയന്ത്രണം വിട്ട ഓട്ടോറിക്ഷ കെഎസ്ആർടിസി ബസുമായി ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച ഡ്രൈവർ എടപ്പെട്ടി വക്കൻവളപ്പിൽ ഷെരീഫി (50) ന്റെയും, കാട്ടുപന്നി കുറുകെ ചാടി ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞു,
മരിച്ച ഓടത്തോട് നാലര വയസ്സുകാരൻ മുഹമ്മദ് യാമിന്റെ വീടുകൾ രാഹുൽ ഗാന്ധി സന്ദർശിച്ചു. ഒരു വർഷം മുൻപ് വയനാട് സന്ദർശനത്തിനിടയിൽ രാഹുൽഗാന്ധി ഷെരീഫിന്റെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്തത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഫെബ്രുവരി 25നാണ് ഷെരീഫിന്റെയും ഒാട്ടോയിലെ യാത്രക്കാരി എടപ്പെട്ടി ചുള്ളിമൂല കോളനിയിലെ അമ്മിണിയുടെയും മരണത്തിന് ഇടയാക്കിയ അപകടമുണ്ടായത്.
അപകട മരണം അറിഞ്ഞപ്പോൾ രാഹുൽ ഗാന്ധി കുടുംബത്തെ അനുശോചനം അറിയിച്ചിരുന്നു. അന്നത്തെ അപകടത്തിൽ പരുക്കേറ്റ ശാരദയുടെയും മരിച്ച അമ്മിണിയുടെയും ബന്ധുക്കളും ഷെരീഫിന്റെ വീട്ടിൽ രാഹുൽ ഗാന്ധിയെ കാണാൻ എത്തിയിരുന്നു. ഇന്നലെ തിരക്കിട്ട പരിപാടികൾക്കിടയിലും സമയം കണ്ടെത്തിയാണ് രാഹുൽ ഗാന്ധി ഇവരുടെ വീടുകൾ സന്ദർശിച്ചത്.
ഓടത്തോട് ഷമീർ–സുബൈറ ദമ്പതികളുടെ മകനാണ് മുഹമ്മദ് യാമിൻ. ബന്ധുവീട്ടിൽ നിന്നു മടങ്ങുമ്പോൾ മേപ്പാടി– വടുവൻചാൽ റോഡിൽ നെടുങ്കരണയിൽ ആയിരുന്നു അപകടം. കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ ലക്കിടി നവേദിയ വിദ്യാലയത്തിലും രാഹുൽ സന്ദർശനം നടത്തി.