ADVERTISEMENT

കൽപറ്റ ∙ കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ ഏറ്റവും മികച്ച മെഡിക്കൽ കോളജ് വയനാട്ടിലേതായിരിക്കുമെന്നു രാഹുൽ ഗാന്ധി എംപി. ആരോഗ്യ രംഗമുൾപ്പെടെ എല്ലാ മേഖലയിലും വയനാടിനെ മുൻനിരയിലെത്തിക്കാൻ പ്രയത്നിക്കും. വയനാട് ജില്ലയിലെ യുഡിഎഫ് തദ്ദേശ ജനപ്രതിനിധികളുടെ സംഗമത്തിലെ ചർച്ചകൾക്കു മറുപടി നൽകുകയായിരുന്നു അദ്ദേഹം. വയനാട് മെഡിക്കൽ കോളജിന്റെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.

എന്നാൽ സംസ്ഥാന സർക്കാർ ഈ കാര്യത്തിൽ വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല. വയനാട് മെഡിക്കൽ കോളജിന്റെ വികസനത്തിനായി സമ്മർദം തുടരും. വന്യമൃഗശല്യം, രാത്രിയാത്ര നിരോധനം, ബഫർസോൺ തുടങ്ങി വയനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കിട്ടാത്ത ഫണ്ട് മുതൽ ഇല്ലാത്ത ശമ്പളം വരെ

വയനാടിന്റെ പൊതുവായ വികസന പ്രശ്നങ്ങൾക്കൊപ്പം തദ്ദേശ സ്ഥാപനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും യോഗത്തിൽ ചർച്ചയായി. സംസ്ഥാന സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിക്കുന്ന പദ്ധതിവിഹിതത്തിന്റെ മൂന്നാം ഗഡു ഇതുവരെ ലഭിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറാണു ചർച്ചയ്ക്കു തുടക്കമിട്ടത്. സാമ്പത്തിക വർഷം തീരാൻ 10 ദിവസം മാത്രമാണ് ബാക്കി. രണ്ടു വർഷമായി വീടുകൾ അനുവദിക്കാൻ കഴിയുന്നില്ല.

ഗോത്രസാരഥി പദ്ധതിക്കുള്ള പണം തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തണമെന്നാണു സർക്കാർ പറയുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ കൂലി കുടിശികയാണ്. വന്യമൃഗശല്യം പരിഹരിക്കാൻ കേന്ദ്രം അനുവദിച്ച പണ്ട് അപര്യാപ്തമാണെന്നും സംഷാദ് ചൂണ്ടിക്കാട്ടി. കൽപറ്റ ബ്ലോക്കിനു കീഴിലുള്ള 3 ആശുപത്രികൾക്കു വാഹനങ്ങൾ ആവശ്യമാണെന്നു പ്രസിഡന്റ് ടി.കെ.നസീമ പറഞ്ഞു.

ശുദ്ധജലക്ഷാമത്തെക്കുറിച്ചു പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണനും മാലിന്യ നിർമാജന പദ്ധതികൾക്കു ആവശ്യമായ ഫണ്ട് തദ്ദേശ സ്ഥാപനങ്ങൾക്കില്ലാത്തതു കൽപറ്റ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ ടി.ജെ.ഐസക്കും ചൂണ്ടിക്കാട്ടി. വന്യമൃഗശല്യം രൂക്ഷമാണെന്നു പറഞ്ഞ മേപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റംല ഹംസ ഒരു കാര്യം കൂടി പറഞ്ഞു–തദ്ദേശ ജനപ്രതിനിധികളുടെ ഓണറേറിയം വളരെ കുറവാണ്. അതു രാഹുൽ ഗാന്ധിയും ശരിവച്ചു.

ആരോഗ്യമേഖലയിൽ പഠനം: ചുരത്തിന് ബദലും

വയനാട്ടിലെ ആരോഗ്യപ്രശ്നങ്ങൾക്കു കാരണം അശാസ്ത്രീയമായ കൃഷിരീതിയും വളപ്രയോഗവും മൂലമാണോയെന്നു കണ്ടെത്താൻ ശാസ്ത്രീയ പഠനം വേണമെന്നു എം.ജി.ബിജു ആവശ്യപ്പെട്ടു. മണ്ണിന്റെ രാസപരിശോധന നടത്താനുള്ള സംവിധാനം വയനാട്ടിൽ ആരംഭിക്കണം.

പടിഞ്ഞാറത്തറ – പൂഴിത്തോട് ബദൽ റോഡിനായി ഇടപെടൽ വേണമെന്നു വി.ജി.ഷിബു ശകുന്തള ഷൺമുഖൻ എന്നിവർ ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പദ്ധതിയിൽ കാർഷിക മേഖലയിൽ ഫലപ്രദമായി നടപ്പാക്കുക, ഭവനപദ്ധതിയിൽ സച്ചാർ ശുപാർശകൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുമുയർന്നു.

രാഹുൽ ഗാന്ധിക്ക് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നൽകിയ കണിയാമ്പറ്റ പഞ്ചായത്തിൽ എംപി ഫണ്ട് കാര്യമായി അനുവദിക്കുന്നില്ലെന്ന പരാതി സദസ്സിൽ ചിരിപടർത്തി. എച്ച്.ബി.പ്രദീപ്, ജേക്കബ് സെബാസ്റ്റ്യൻ, വി.വി.ജോർജ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.

നമ്മൾ ചെയ്യുന്നത് ഒരേ ജോലി

എംപിമാരും പഞ്ചായത്ത് അംഗങ്ങളും ചെയ്യുന്നത് ഒരേ ജോലി തന്നെയാണെന്നു മറുപടി പ്രസംഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. തദ്ദേശ ജനപ്രതിനിധികളാണ് യുഡിഎഫിന്റെ നട്ടെല്ല്. ജനങ്ങളും പാർട്ടിയും തമ്മിലുള്ള കണ്ണികൾ. ജനങ്ങളുമായി വൈകാരിക ബന്ധം നിലനിർത്തണം. രാഷ്ട്രീയക്കാരായല്ല, കുടുംബത്തിലെ അംഗങ്ങളായി ജനങ്ങൾ ജനപ്രതിനിധികളെ കണക്കാക്കുന്ന നിലയിലേക്കു പ്രവർത്തനം മാറണം.

യുഡിഎഫിന് ജയിക്കാൻ കഴിയാത്ത തദ്ദേശ സ്ഥാപനങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇതു പോലുള്ള ചർച്ചകൾ തുടർച്ചയായി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയർമാൻ കെ.കെ.അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖ് എംഎൽഎ,

ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കെപിസിസി ജനറൽ സെക്രട്ടറി കെ. കെ. ഏബ്രഹാം, കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന വർക്കിങ് ചെയർമാൻ എം. സി. സെബാസ്റ്റ്യൻ, എം. എ. ജോസഫ്, കെ.എൽ. പൗലോസ്, പി.ടി. മാത്യു എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com