പൊലീസ് സ്റ്റേഷനിൽ പ്രതിയുടെ പരാക്രമം: തല കൊണ്ട് അലമാരച്ചില്ല് തകർത്തു
Mail This Article
ബത്തേരി∙കസ്റ്റഡിയിലുള്ള പ്രതി പൊലീസ് സ്റ്റേഷനിലെ അലമാരച്ചില്ല് തല കൊണ്ട് ഇടിച്ചു തകർത്തു. കൊലപാതകക്കേസിലും പീഡനക്കേസിലും പ്രതിയായ മീനങ്ങാടി മൈലമ്പാടി മാളിയേക്കൽ ലെനിൻ (36) ആണ് ബത്തേരി പൊലീസ് സ്റ്റേഷനിൽ അതിക്രമം കാട്ടിയത്.ഇന്നലെ ഉച്ചയ്ക്കു മറ്റൊരു കേസുമായി ബന്ധപ്പെട്ട് എത്തിയ ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദും ഡിവൈഎസ്പി കെ.കെ.അബ്ദുൽ ഷെരീഫുമടക്കമുള്ള ഉദ്യോഗസ്ഥർ തൊട്ടടുത്ത മുറിയിലും മാധ്യമപ്രവർത്തകർ മുറ്റത്തും നിൽക്കുമ്പോഴാണു സംഭവം.
തലയും നെറ്റിയും മുഖവും മുറിഞ്ഞ് ചോരയൊലിപ്പിച്ച നിലയിൽ ലെനിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അമ്പലവയലിലെ സ്വകാര്യ റിസോർട്ടിലെ പീഡനക്കേസിൽ പതിനഞ്ചാം പ്രതിയായ ലെനിനെ ചോദ്യം ചെയ്യാൻ കൊണ്ടു വന്നതായിരുന്നു.
2014 ജൂൺ 21 ന് തമിഴ്നാട് ഗൂഡല്ലൂർ താലൂക്കിലെ ഓവാലി പഞ്ചായത്തിൽ ആറാട്ടുപാറ വാളിയാങ്കൽ ജോയി, ഭാര്യ ഗിരിജ, അമ്മ ചിന്നമ്മ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും പ്രതിയാണു ലെനിൻ.
ആ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിയുന്നതിനിടെ കർണാടകയിൽ നിന്നു തമിഴ്നാട് പൊലീസ് പിടികൂടി കോയമ്പത്തൂർ ജയിലിൽ അടച്ചിരുന്നു. അവിടെ നിന്നാണ് പീഡനക്കേസിൽ ചോദ്യം ചെയ്യാൻ കേരള പൊലീസ് കസ്റ്റഡിയിലെടുത്തത്.