ജില്ലാ ജയിൽ: കൃഷ്ണഗിരിയിൽ 4 ഏക്കർ ഭൂമി അനുവദിച്ചു
Mail This Article
കൽപറ്റ ∙ വയനാട്ടിൽ കൂടുതൽ സൗകര്യങ്ങളോടെ ജില്ലാ ജയിൽ സ്ഥാപിക്കുന്നതിനു കൃഷ്ണഗിരി വില്ലേജിൽ 4 ഏക്കർ ഭൂമി അനുവദിച്ചു. കൃഷ്ണഗിരി കാട്ടിക്കുന്ന് റോഡിൽ സ്വകാര്യ വ്യക്തിയിൽ നിന്നു റവന്യുവകുപ്പ് പിടിച്ചെടുത്ത സ്ഥലത്താണു പുതിയ ജില്ലാ ജയിൽ ഉയരുക. ഒരുവർഷത്തിനകം നിർമാണം പൂർത്തിയാക്കണമെന്നാണു നിബന്ധനയോടെയാണ് ഭൂമി അനുവദിച്ച് റവന്യുവകുപ്പ് അഡിഷനൽ സെക്രട്ടറി കഴിഞ്ഞദിവസം ഉത്തരവിറക്കിയത്.
മാനന്തവാടിയിൽ നിലവിലുള്ള ജില്ലാ ജയിലിൽ 43 പേരെയും വൈത്തിരി സബ് ജയിലിൽ 16 പേരെയും പാർപ്പിക്കാനുള്ള സൗകര്യമേയുള്ളൂ. ലഹരിമരുന്ന് ഉൾപ്പെടെയുള്ള കേസുകളിൽ വൻ വർധനയുണ്ടായതോടെ ജില്ലയിലെ ജയിലുകളിൽ സ്ഥല പരിമിതിയുണ്ട്. നിലവിൽ മാനന്തവാടിയിൽ 72ഉം വൈത്തിരിയിൽ 40ഉം തടവുകാരുണ്ട്.
ലഹരിമരുന്നു കേസുകൾ വടകര എൻഡിപിഎസ് കോടതിയിൽനിന്നു കൽപറ്റ കോടതിയിലേക്കു മാറ്റിയതോടെ ദിവസേന കൂടുതൽ റിമാൻഡ് പ്രതികൾ ഇരു ജയിലുകളിലേക്കും എത്തുന്നു. എണ്ണം കൂടുമ്പോൾ ഇവരെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ജയിലുകളിലേക്കു മാറ്റുകയാണു ചെയ്യുന്നത്. കൃഷ്ണഗിരിയിൽ റവന്യുവകുപ്പിന്റെ 5 ഏക്കർ ഭൂമിയിൽ നിന്നാണു പുതിയ ജയിലിനു സ്ഥലം അനുവദിച്ചത്. ബാക്കി സ്ഥലത്ത് പിജി സ്റ്റഡി സെന്ററും ഭക്ഷ്യഗോഡൗണും നിർമിക്കണമെന്ന് ആവശ്യവുമുണ്ട്.