ADVERTISEMENT

കൽപറ്റ ∙ നാ‌ളികേരത്തിന്റെ വില കുത്തനെ ഇടിഞ്ഞതോടെ കർഷകർ ആശങ്കയിൽ. ഒരു കിലോ പൊളിച്ച നാളികേരത്തിന് നിലവിൽ 23 രൂപയാണു കർഷകർക്കു ലഭിക്കുന്നത്. എന്നാൽ, വെളിച്ചെണ്ണയുടെ വില കുറഞ്ഞിട്ടുമില്ല. അതേസമയം, വിപണിയിൽ ഒരുകിലോ നാളികേരത്തിനു 38–40 രൂപ വരെയാണ് വ്യാപാരികൾ ഇൗടാക്കുന്നത്.

ഇതര സംസ്ഥാന ലോബികൾ നാളികേര വിപണിയിൽ പിടിമുറുക്കിയതാണു വില കുറയാൻ കാരണമായി കർഷകർ പറയുന്നത്. മുഖ്യവിളയായി നാളികേരം കൃഷി ചെയ്യുന്ന കർഷകർ വയനാട്ടിൽ കുറവാണെങ്കിലും മിക്കത്തോട്ടങ്ങളിലും ഇടവിളയായി കൃഷി ചെയ്യുന്നുണ്ട്. ജില്ലയിൽ മുള്ളൻകൊല്ലി, പുൽപള്ളി, പനമരം പഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലുമാണു നാളികേര കർഷകർ കൂടുതലായുള്ളത്.

ജില്ലയിൽ പ്രതിദിനം 10 ടൺ വരെ ഉൽപാദനമുണ്ട്. നിലവിൽ ഇൗ മേഖലയിൽ പിടിച്ചുനിൽക്കാൻ പറ്റാത്ത സാഹചര്യമാണെന്ന് കർഷകർ പറയുന്നു. തെങ്ങുകയറ്റം, കയറ്റുകൂലി, വാരിക്കൂട്ടൽ, പൊതിക്കൽ എന്നീ ജോലികൾക്കു മുൻവർഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയലധികം കൂലിവർധനയുണ്ടായി. ഇതിനു പുറമേ മഞ്ഞളിപ്പ്, മണ്ഡരി രോഗബാധയും തോട്ടങ്ങളിൽ പടർന്നു. ഇത്തരം പ്രതിസന്ധികളെല്ലാം അതിജീവിച്ച് നാളികേരം വിപണിയിലെത്തിച്ചാൽ ഉൽപാദന ചെലവു പോലും ലഭിക്കാത്ത അവസ്ഥയാണെന്ന് കർഷകർ പറയുന്നു. അധികൃതരുടെ ഭാഗത്തു നിന്നു കാര്യക്ഷമമായ ഇടപെടലുകളുണ്ടാകാത്തതിനാൽ നാളികേര കർഷകർക്ക് ലഭിക്കേണ്ട പണം മുഴുവൻ ഇടനിലക്കാരുടെ കയ്യിലെത്തുന്ന സ്ഥിതിയാണ്.

പച്ചത്തേങ്ങ സംഭരണം നടപ്പായില്ല

വിലത്തകർച്ചയിൽ നിന്നു നാളികേര കർഷകരെ സംരക്ഷിക്കാൻ വയനാട്ടിൽ പച്ചത്തേങ്ങ സംഭരിക്കണമെന്ന് കർഷകർ ആവശ്യപ്പെടാൻ തുടങ്ങിയിട്ടു വർഷങ്ങളായി. ജില്ലയിലെ നാളികേര കർഷകർ പൊതുവിപണിയിൽ പ്രാദേശിക വ്യാപാരികൾക്കും ഇതര ജില്ലകളിൽ നിന്നെത്തുന്ന വ്യാപാരികൾക്കുമാണ് തേങ്ങ വിൽക്കുന്നത്. കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിൽ നിന്നാണ് വ്യാപാരികൾ കൂടുതലായി ജില്ലയിലെത്തുന്നത്. പുൽപള്ളി, മാനന്തവാടി എന്നിവിടങ്ങളിൽ തേങ്ങ സംഭരിക്കുന്ന സ്വകാര്യ വ്യാപാരികളുമുണ്ട്. 2016ൽ അധികാരമേറ്റെടുത്ത ശേഷം ആദ്യമായി വയനാട്ടിലെത്തിയപ്പോൾ വയനാട്ടിൽ നിന്നു പച്ചത്തേങ്ങ സംഭരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു.

പ്രാഥമിക കാർഷിക വിപണന സഹകരണ സംഘങ്ങൾ മുഖേന സ്വതന്ത്രവും സുതാര്യവുമായ സംവിധാനത്തിലൂടെ പച്ചത്തേങ്ങ സംഭരണ പദ്ധതി നടപ്പിലാക്കുമെന്നായിരുന്നു പ്രഖ്യാപനം. കേരഫെഡിൽ അംഗങ്ങളായ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ, മാർക്കറ്റിങ് സഹകരണ സംഘങ്ങൾ, കേന്ദ്ര നാളികേര വികസന ബോർഡിനു കീഴിലെ നാളികേര ഉൽപാദക സൊസൈറ്റികൾ, ഫെഡറേഷനുകൾ, ഡ്രയർ സൗകര്യമുളള മറ്റു സൊസൈറ്റികൾ എന്നിവർ കർഷകരിൽ നിന്നു നേരിട്ട് ഗുണനിലവാരമുളള പച്ചത്തേങ്ങ സംഭരിച്ച് ഗുണനിലവാരത്തിലുളള കൊപ്രയാക്കി കേരഫെഡിന് നൽകണമെന്നായിരുന്നു ഉത്തരവ്.

പച്ചത്തേങ്ങ സംഭരണത്തിനുളള സംസ്ഥാനതല ഏജൻസിയായി കേരഫെഡിനെയും കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം കേരഫെഡ് വഴി കൊപ്ര സംഭരിക്കുന്നതിനായി നാഫെഡിനെയും ചുമതലപ്പെടുത്തി ഉത്തരവിട്ടിരുന്നു. മറ്റു ജില്ലകളിൽ മാസങ്ങൾക്കുള്ളിൽ സംഭരണം ആരംഭിച്ചപ്പോൾ വയനാട്ടിൽ മാത്രം തുടർനടപടി മുടങ്ങി. ജില്ലയിൽ ഡ്രയർ സൗകര്യമുള്ള സഹകരണ സംഘങ്ങൾ ഇല്ലാത്തതാണു പദ്ധതി നടപ്പാക്കാൻ വൈകുന്നതിനു കാരണമായി അധികൃതർ പറയുന്നത്. പരീക്ഷണാടിസ്ഥാനത്തിലെങ്കിലും തേങ്ങ സംഭരണം ജില്ലയിൽ ആരംഭിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

നാളികേര വിപണിയിൽ സർക്കാർ ഉടൻ ഇടപെടൽ നടത്തണം. ഇതര സംസ്ഥാന ലോബികളെ നിയന്ത്രിക്കണം. കർഷകർക്കു ഉയർന്ന വില ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കണം. ജില്ലയിൽ നാളികേര സംഭരണം ആരംഭിക്കണമെന്നതു കർഷകരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. നിലവിൽ നഷ്ടം സഹിച്ച് കുറഞ്ഞ വിലയ്ക്കു ഇതര ജില്ലകളിൽ നിന്നെത്തുന്ന വ്യാപാരികൾക്കു നാളികേരം വിൽക്കേണ്ട ഗതികേടിലാണ് കർഷകർ. ജോർജ് തട്ടാംപറമ്പിൽ നാളികേര കർഷകൻ ചേലൂർ, മുള്ളൻകൊല്ലി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com