ബത്തേരി ∙ ഇടുക്കി ചിന്നക്കലാലിൽ ‘അരിക്കൊമ്പനെ’ മയക്കുവെടിവച്ചു പിടികൂടുന്നതിനായി മുത്തങ്ങ ആന ക്യാംപിലെ രണ്ടാം കുങ്കി സംഘം ഇന്നു വൈകിട്ട് പുറപ്പെടും. കുഞ്ചു, സുരേന്ദ്രൻ എന്നീ കുങ്കിയാനകളാണ് ഇന്നു ചിന്നക്കനാലിലേക്കു തിരിക്കുക. ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയ, ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ.അജേഷ് മോഹൻദാസ് എന്നിവർ ഉൾപ്പെടെ ഇരുപതംഗ വനപാലക സംഘവും കുങ്കികൾക്കൊപ്പമുണ്ടാകും.
2 ലോറിആംബുലൻസുകളിലാണു കുഞ്ചുവും സുരേന്ദ്രനും യാത്ര തിരിക്കുക. ആർആർടി റേഞ്ച് ഓഫിസർ എൻ. രൂപേഷിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം ചിന്നക്കനാലിൽ ക്യാംപ് ചെയ്യുന്നുണ്ട്. പ്രശ്നബാധിത സ്ഥലത്തേക്ക് ആദ്യ കുങ്കി സംഘം വിക്രമും സൂര്യയും ചിന്നക്കനാലിൽ നേരത്തെ എത്തിയിരുന്നു. വിക്രമിനെ ചിന്നക്കനാലിൽ എത്തിച്ച ലോറി തിരികെയെത്തിയാണ് സൂര്യയെയും കൊണ്ടു പോയത്.
ആർആർടിയുടെ കൈവശമുള്ള 2 ലോറിആംബുലൻസുകളിൽ ഒന്ന് കഴിഞ്ഞയാഴ്ച അപകടത്തിൽ പെട്ടതാണ് 4 കുങ്കിയാനകളെയും വേഗത്തിൽ ചിന്നക്കനാലിൽ എത്തിക്കുന്നതിനു തടസ്സമായത്. കേടായ ലോറി ആംബുലൻസ് അറ്റകുറ്റപ്പണി നടത്തി എത്തിയതോടെയാണ് 2 ആനകളെയും ചിന്നക്കനാലിലേക്ക് കൊണ്ടുപോകാൻ സജ്ജമാക്കിയത്. അരിക്കൊമ്പനെ 26ന് പിടികൂടാനാണ് ഇപ്പോഴത്തെ തീരുമാനം. അരിക്കൊമ്പനെ പാർപ്പിക്കുന്നതിനും മെരുക്കുന്നതിനുമുള്ള കൂട് കോടനാട് ആനക്യാംപിൽ ഒരുങ്ങിക്കഴിഞ്ഞു.