ബത്തേരി∙ ഇടുക്കി ചിന്നക്കനാലിൽ നാശനഷ്ടം വിതയ്ക്കുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ തളയ്ക്കാൻ രണ്ടാം ‘കുങ്കിപ്പട’ ഇന്നലെ രാത്രി എട്ടോടെ മുത്തങ്ങയിൽ നിന്നു പുറപ്പെട്ടു. 2 ലോറി ആംബുലൻസുകളിലായി സുരേന്ദ്രൻ, കുഞ്ചു എന്നീ കുങ്കിയാനകളാണു ചുരമിറങ്ങിയത്. മുത്തങ്ങയിൽ നിന്നു ചിന്നക്കനാൽ വരെ നിന്ന നിൽപിൽ 404 കിലോമീറ്ററാണ് ആനകൾ ലോറിയിൽ പിന്നിടേണ്ടത്. ലോറി ആംബുലൻസുകളിൽ മരത്തടികൾ കെട്ടി സുരക്ഷയൊരുക്കിയാണു കുങ്കിയാനകളെ നിർത്തിയിട്ടുള്ളത്. ഓരോ 50 കിലോമീറ്ററിലും ആവശ്യമെങ്കിൽ വിശ്രമം അനുവദിക്കും. ഗതാഗത തടസ്സങ്ങളുണ്ടായില്ലെങ്കിൽ കുറഞ്ഞത് 14 മണിക്കൂർ കൊണ്ട് ഇന്നു രാവിലെ പതിനൊന്നോടെ ചിന്നക്കനാലിൽ എത്തും.
വനപാലകരടങ്ങിയ ഒരു ക്യാംപർ ജീപ്പും സംഘത്തെ പിന്തുടരുന്നുണ്ട്. ഫോറസ്റ്റ് ചീഫ് വെറ്ററിനറി ഓഫിസർ ഡോ. അരുൺ സഖറിയ, വെറ്ററിനറി ഓഫിസർ ഡോ. അജേഷ് മോഹൻദാസ് എന്നിവരടങ്ങിയ പതിമൂന്നംഗ സംഘമാണ് ആനകൾക്കൊപ്പമുള്ളത്. ആർആർടി റേഞ്ച് ഓഫിസർ എൻ.രൂപേഷിന്റെ നേതൃത്വത്തിൽ മറ്റൊരു സംഘം ആദ്യ കുങ്കിപ്പടയോടൊപ്പം ചിന്നക്കനാലിൽ ക്യാംപ് ചെയ്യുന്നുണ്ട്.ചിന്നക്കനാലിൽ നാട്ടിലിറങ്ങി പ്രശ്നമുണ്ടാക്കുന്ന അരിക്കൊമ്പനെ 29 വരെ പിടികൂടരുതെന്നു ഹൈക്കോടതി ഉത്തരവുണ്ടെങ്കിലും അതിനു മുൻപായി അനുകൂല വിധിയുണ്ടായാൽ ഉടൻ മയക്കുവെടി വച്ച് പിടികൂടുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടാം കുങ്കി സംഘത്തിന്റെ യാത്ര.
മുത്തങ്ങ ആന പരിശീലന കേന്ദ്രത്തിൽ നിന്നു തന്നെയുള്ള വിക്രം, സൂര്യ എന്നീ കുങ്കിയാനകളെ നേരത്തേ ചിന്നക്കനാലിൽ എത്തിച്ചിരുന്നു. ചെരിഞ്ഞതും അപകടം നിറഞ്ഞതുമായ പ്രദേശത്തു നിന്ന് അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടുന്നതിനും ലോറിയിൽ കയറ്റി കോടനാട് നിർമിച്ചിട്ടുള്ള ആനക്കൂട്ടിൽ കയറ്റുന്നതിനും 4 കുങ്കിയാനകളുടെ സഹായം വേണമെന്നതിനാലാണു രണ്ടാം കുങ്കിപ്പടയും യാത്ര തിരിച്ചത്.
അതിനിടെയാണ് പീപ്പിൾ ഫോർ അനിമൽസ്, വോക്കിങ‌് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി എന്നീ സംഘടനകളുടെ ഹർജിയിൽ കൊമ്പനെ പിടികൂടുന്നതിനു ഹൈക്കോടതി ഇടക്കാല വിലക്ക് ഏർപ്പെടുത്തിയത്. കോടതിയുടെ പുതിയ ഉത്തരവ് വന്നതോടെ ഇനി 29ന് ശേഷമേ ദൗത്യം സംബന്ധിച്ച് അന്തിമ തീരുമാനം ആവുകയുള്ളു.