പനമരം ∙ കമ്യുണിറ്റി ഹെൽത്ത് സെന്ററിൽ (സിഎച്ച്സി) ആവശ്യത്തിനു വെള്ളമില്ലാതായതോടെ കിടത്തിച്ചികിത്സ നിലച്ചിട്ട് ഒരാഴ്ച; അധികൃതർ പരിഹാര നടപടി എടുക്കാത്തത്തിൽ വ്യാപക പ്രതിഷേധം. പ്രതിഷേധം ശക്തമായതോടെ ഇന്നലെ ഒരു ടാങ്കർ ലോറിയിൽവെള്ളം എത്തിച്ചെങ്കിലും കിടത്തിച്ചികിത്സ പുനരാരംഭിക്കാനായില്ല. കോട്ടക്കുന്നിലെ ആശുപത്രി വളപ്പിൽ കുഴൽക്കിണർ അടക്കം 2 കിണറുകളുണ്ടെങ്കിലും രണ്ടെണ്ണത്തിലും ആവശ്യത്തിനു വെള്ളമില്ല. ആശുപത്രിയിലെ കിണറുകളിൽ വെള്ളമില്ലെന്നു മെഡിക്കൽ ഓഫിസർ ബ്ലോക്ക് പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും തുടർനടപടി എടുത്തിട്ടില്ലെന്നു പറയുന്നു.
കിണറിലെ കുറഞ്ഞ വെള്ളം ഉപയോഗിച്ചാണ് ഡയാലിസിസ് യൂണിറ്റ് പ്രവർത്തിക്കുന്നത്. ദിവസം 6 യന്ത്രങ്ങൾ ഉപയോഗിച്ച് 11 രോഗികൾക്ക് വീതം ഇവിടെ ഡയാലിസിസ് നടത്തുന്നുണ്ട്. വെളളം ലഭ്യമാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ ഡയാലിസിസ് നിലയ്ക്കും. പഴയ ആശുപത്രി കെട്ടിടത്തിനു മുൻപിലുള്ള വലിയ കിണറിനു ആഴംകൂട്ടി റിങ് ഇറക്കിയാൽ ആവശ്യമായ വെളളം കിട്ടുമെന്നു നാട്ടുകാർ പറയുന്നു. സിഎച്ച്സിയിൽ 70 പേരെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യങ്ങളും ഡോക്ടർ അടക്കം ജീവനക്കാരും ഉണ്ടെങ്കിലും കിടത്തിച്ചികിത്സ മുടങ്ങുന്നതു സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രോഗികൾക്ക് ഏറെ ബുദ്ധിമുട്ടാകുന്നുണ്ട്. അപകടത്തിൽപ്പെട്ടു വരുന്നവരെ അടക്കം 20 കിലോമീറ്റർ അകലെയുള്ള മറ്റ് ആശുപത്രികളിൽ എത്തിക്കേണ്ട സാഹചര്യമാണ്.
"പനമരം സിഎച്ച്സിയിൽ ജലലഭ്യത ഉറപ്പാക്കാൻ നടപടിയെടുത്തു. നിലവിലുള്ള കിണറിന് ആഴംകൂട്ടി റിങ് ഇറക്കുന്നതിന് എച്ച്എംസി കൂടി തീരുമാനമെടുത്തു. അടുത്തദിവസം ആഴം കൂട്ടുന്ന പ്രവൃത്തി തുടങ്ങും." - അബ്ദുൽ ഗഫൂർ (കാട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്)