മാനന്തവാടി ∙ ജില്ലാ ജയിൽ റോഡിന് സമീപം പുലമൊട്ടം കുന്നിൽ 6 ആടുകളെ അജ്ഞാത മൃഗം കടിച്ചു കൊന്നു. ഒരാടിനെ കാണാതാവുകയും ചെയ്തിട്ടുണ്ട്. മുരുകൻ എന്നയാളുടെ വീട്ടുമുറ്റത്ത് കെട്ടിയിട്ട ആടുകളെയാണ് കൊന്നത്. പ്രസവിച്ച 2 ആടുകളും ഗർഭിണിയായ 2 ആടുകളും 2 ആട്ടിൻകുട്ടികളുമാണ് ചത്തത്.
ഒരു ആട്ടിൻകുട്ടിയെ കാണാതായി. ഞായറാഴ്ച രാത്രി വള്ളിയൂർക്കാവ് ഉത്സവത്തിന് പോയി തിരിച്ചെത്തിയപ്പോഴാണ് ആടുകളെ ചത്ത നിലയിൽ കണ്ടത്. അടുത്തിടെ തൊട്ടടുത്ത പ്രദേശത്ത് 3 പശുക്കളെ തെരുവുനായ്ക്കൾ കടിച്ച് കൊന്നിരുന്നു. അതു കൊണ്ടു തന്നെ തെരുവ് നായ്ക്കളുടെ ആക്രമണമാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. രൂക്ഷമായ തെരുവ് നായ ശല്യത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.