വന്യമൃഗശല്യം: കർഷക പ്രതിരോധ സമിതി പ്രക്ഷോഭത്തിലേക്ക്

HIGHLIGHTS
  • 31നു കലക്ടറേറ്റിനു മുൻപിൽ രാപകൽ സത്യഗ്രഹം
vandikadav-elephant-attack
വണ്ടിക്കടവ് തറയിൽ പാപ്പച്ചന്റെ കൃഷിയിടം കാട്ടാന നശിപ്പിച്ച നിലയിൽ.
SHARE

കൽപറ്റ∙ ജില്ലയിലെ രൂക്ഷമായ വന്യമൃഗശല്യത്തിന് അധികൃതർ ശാശ്വത പരിഹാരമുണ്ടാക്കാത്തതിൽ പ്രതിഷേധിച്ച് വയനാട് ജില്ലാ കർഷക പ്രതിരോധ സമിതി ശക്തമായ പ്രക്ഷോഭത്തിനിറങ്ങുന്നു. ആദ്യപടിയായി 31ന് രാവിലെ 10 മുതൽ ഏപ്രിൽ ഒന്നിന് രാവിലെ 10 വരെ കലക്ടറേറ്റിനു മുന്നിൽ രാപകൽ സത്യഗ്രഹം നടത്തുമെന്ന് ഭാരവാഹികളായ പ്രേംരാജ് ചെറുകര, വി.കെ. ഹംസ എന്നിവർ അറിയിച്ചു. കെ റെയിൽ വിരുദ്ധ ജനകീയ സമിതി ജനറൽ കൺവീനർ എസ്. രാജീവൻ ഉദ്ഘാടനം ചെയ്യും. സമിതി പ്രസിഡന്റ് ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിക്കും. അബ്ദുൽ റഹ്മാൻ കാദരി മുഖ്യപ്രഭാഷണം നടത്തും.

സംരക്ഷിത വനങ്ങൾക്ക് ചുറ്റിലും മെറ്റൽ വലയോടു കൂടിയ റെയിൽപാള വേലി–ക്രാഷ് ഗാർഡ് റോപ്പ് ഫെൻസിങ് സ്ഥാപിക്കുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ വന്യജീവി സംരക്ഷണ നിയമം-1972 ഭേദഗതി ചെയ്യുക, വന്യമൃഗ ആക്രമണം മൂലം മരണപ്പെടുന്നവരുടെ കുടുംബത്തിന് 50 ലക്ഷം രൂപയും സ്ഥിരം സർക്കാർ ജോലിയും നൽകുക, വന്യമൃഗങ്ങൾ നശിപ്പിക്കുന്ന കാർഷിക വിളകൾക്കും വളർത്തു മൃഗങ്ങൾക്കും കമ്പോള വിലയ്ക്കു തുല്യമായ നഷ്ടപരിഹാരം യഥാസമയം നൽകുക തുടങ്ങിയ ആവശ്യങ്ങൾ സമരത്തിൽ ഉന്നയിക്കും. ജില്ലയിൽ കഴിഞ്ഞ 8 വർഷത്തിനിടെ 8 പേരാണു കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നാലു വർഷത്തിനിടെ കാട്ടാനകളുടെ ആക്രമണത്തിൽ 105 പേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്.

ആയിരക്കണക്കിന് ആളുകൾക്ക് പരുക്കേറ്റു.  വടക്കനാട് ഗ്രാമവാസികളുടെ 2018ലെ  സമരത്തെത്തുടർന്നു സർക്കാർ നൽകിയ ഉറപ്പുകൾ  5 വർഷം പിന്നിട്ടിട്ടും നടപ്പാക്കിയില്ലെന്നും സമിതി  ആരോപിച്ചു. വടക്കനാട്, കരിപ്പൂർ, വള്ളുവാടി മേഖലയിൽ നിലവിൽ കാട്ടാന ശല്യം രൂക്ഷമാണ്. വടക്കനാട് കൊമ്പനൊപ്പം ഉണ്ടായിരുന്ന മുട്ടിക്കൊമ്പൻ മേഖലയിൽ ഭീതി പരത്താൻ തുടങ്ങിയിട്ട് നാളുകളേറെയായി. വടക്കനാട് മേഖലയിൽ 4.400 കിലോമീറ്റർ റെയിൽ ഫെൻസിങ്ങും 30 കിലോമീറ്റർ ആനപ്രതിരോധ മതിലും നിർമിക്കാൻ 54.88 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയത് ഇപ്പോഴും കടലാസിലുറങ്ങുകയാണെന്നും സമിതി ഭാരവാഹികൾ പറഞ്ഞു. പിന്നീട്, ക്രാഷ് ഗാർഡ് റോപ് ഫെൻസിങ് മതിയെന്ന് അധികൃതർ തീരുമാനിക്കുകയും ഇതിന് 22.73 കോടി രൂപ നിശ്ചയിച്ച് ഡിപിആർ പരിഷ്കരിക്കുകയും ചെയ്തു. എന്നാൽ, ഉറപ്പിച്ച ടെൻഡർ പോലും സർക്കാർ റദ്ദാക്കിയെന്നും സമിതി ആരോപിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മോദി മോടി പിടിപ്പിച്ച പുതിയ പാർലമെന്റിൽ

MORE VIDEOS
FROM ONMANORAMA