ജീവനക്കാരില്ല, ഹോർട്ടികോർപ് ജില്ലാ കേന്ദ്രം നോക്കുകുത്തി

HIGHLIGHTS
  • ചരക്കുവണ്ടികൾ കട്ടപ്പുറത്ത്, ഒപ്പം ഇന്ധന കുടിശികയും; പച്ചക്കറി സംഭരണം പേരിനു മാത്രം
ജീവനക്കാരില്ലാത്തതിനാൽ ഭാഗികമായി പ്രവർത്തനം നിലച്ച ഹോർട്ടികോർപ് ജില്ലാ സംഭരണ കേന്ദ്രവും ഓടാതെ കിടക്കുന്ന വണ്ടികളും.
ജീവനക്കാരില്ലാത്തതിനാൽ ഭാഗികമായി പ്രവർത്തനം നിലച്ച ഹോർട്ടികോർപ് ജില്ലാ സംഭരണ കേന്ദ്രവും ഓടാതെ കിടക്കുന്ന വണ്ടികളും.
SHARE

ബത്തേരി∙ കാർഷിക വിളകളും പച്ചക്കറികളും സംഭരിച്ച് കർഷകർക്ക് താങ്ങാകേണ്ട ഹോർട്ടികോർപ്പിന്റെ ജില്ലാ ഓഫിസ് കർഷകർക്കു ബാധ്യതയാകുന്നു. അമ്മായിപ്പാലം കാർഷിക മൊത്തവിപണി വളപ്പിലുള്ള ഹോർട്ടികോർപ് ജില്ലാ കേന്ദ്രത്തിലേക്ക് ചെന്നാൽ മരണവീട്ടിൽ ചെല്ലുന്ന പ്രതീതിയാണ്. പച്ചക്കറികളും കാർഷികോൽപന്നങ്ങളുമായി കർഷകരെത്തുന്നത് കാണാനേയില്ല.

സംഭരിച്ചാൽ കൊണ്ടു പോകാൻ വണ്ടികളും ഡ്രൈവർമാരുമില്ലാതായതോടെ പ്രവർത്തനം മരവിച്ചതാണ് പ്രധാന കാരണം. ജീവനക്കാർ പലരും മറ്റു ജോലികൾ തേടിപ്പോയി. വേതനക്കുറവും അമിത ജോലിഭാരവുമാണവർ ചൂണ്ടിക്കാട്ടുന്നത്. 7 ജീവക്കാരുണ്ടായിരുന്നിടത്ത് ഇപ്പോൾ രണ്ടു പേർ മാത്രം. പച്ചക്കറികളും കാർഷികവിളകളും മറ്റു ജില്ലകളിലെ മാർക്കറ്റുകളിലെത്തിച്ചിരുന്ന രണ്ടു ചരക്കു വണ്ടികളും ഡ്രൈവർമാരില്ലാത്തതിനാൽ ഓടുന്നില്ല.

ഓഫിസിൽ ആകെയുള്ളത് ഒരു അസിസ്റ്റന്റ് മാനേജരും വർക്കറും മാത്രം. കർഷകർ വല്ലപ്പോഴും എന്തെങ്കിലും കൊണ്ടുവന്നാലായി. പുറത്തു നിന്ന് ഡ്രൈവറെ എത്തിച്ച് കയറ്റി അയച്ചാലായി. ഡ്രൈവർമാർ രണ്ടു പേരും മാസങ്ങൾക്കു മുൻപ് രാജി വച്ച് പോയി. ജോലിഭാരത്തിനനുസൃതമായി കൂലിയില്ലെന്നതായിരുന്നു കാരണം. ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ഇവർക്ക്, തിരുവനന്തപുരം ആനയറ മാർക്കറ്റിലേക്ക് ചരക്കു കൊണ്ടുപോയി തിരികെ എത്തിച്ചാൽ 600 രൂപ മാത്രമാണ് ലഭിച്ചിരുന്നത്.

30 മണിക്കൂറിലധികം തുടർച്ചയായി ജോലി ചെയ്തിട്ട് കിട്ടുന്ന വേതനമായിരുന്നു ഇത്. രണ്ട് വർക്കർമാരും ഒരു സൂപ്പർവൈസറും മറ്റു ജോലികൾ തേടിപ്പോയി. ആദ്യമൊക്കെ ആഴ്ചയിൽ നാലും അഞ്ചും ലോഡ് പച്ചക്കറി മറ്റു ജില്ലകളിലേക്ക് കയറ്റി അയച്ചിരുന്നത് പിന്നീട് ആഴ്ചയിൽ ഒരു ലോഡായി കുറഞ്ഞിരുന്നു. ഇപ്പോഴത് വല്ലപ്പോഴുമെന്ന അവസ്ഥയിലായി.

അമ്മായിപ്പാലം മാർക്കറ്റിലെ ചരക്കു വണ്ടികൾ ഓടാതായതോടെ ത‌ിരുവനന്തപുരം ആനയറ മാർക്കറ്റിൽ നിന്ന് വണ്ടിയെത്തി ഒന്നോ രണ്ടോ തവണ ചരക്കു കയറ്റിപ്പോയിരുന്നു. ഒരു ജീവനക്കാരന് 500 കിലോ പച്ചക്കറി എന്ന തോതിൽ കൈകാര്യം ചെയ്യാനുണ്ടാകണം എന്നാണ് ഹോർട്ടികോർപ്പിലെ വ്യവസ്ഥ. 500 പോയിട്ട് തൂക്കി നോക്കാൻ പോലും സാധനമില്ലാത്ത അവസ്ഥയാണിപ്പോൾ. മാനേജർ തസ്തിക മാത്രമാണ് സ്ഥിര നിയമനം. ബാക്കിയുള്ളവ കരാർ അടിസ്ഥാനത്തിലും ദിവസ വേതനാടിസ്ഥാനത്തിലുമാണ്.

ചരക്കു വാഹനങ്ങളിൽ ഇന്ധനം നിറച്ച വകയിൽ ഏറെ കുടിശിക നിലവിലുണ്ട്. ജീവനക്കാരുടെ കുറവ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അമ്മായിപ്പാലം കാർഷിക വിപണിയിലെ ഹോർട്ടികോർപ് മാത്രമല്ല മറ്റു ഓഫിസുകളിലും കാര്യമായ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. കോടികൾ മുടക്കി നിർമിച്ച ശീതീകരണ പ്ലാന്റ് ഇന്നും പ്രവർത്തനരഹിതമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മോദി മോടി പിടിപ്പിച്ച പുതിയ പാർലമെന്റിൽ

MORE VIDEOS
FROM ONMANORAMA