ADVERTISEMENT

ബത്തേരി ∙ നഗരസഭ ചുങ്കത്ത് പുതുതായി തുടങ്ങിയ മത്സ്യ, മാംസ മാർക്കറ്റിന്റെ പ്രവർത്തനം മലിനജല സംസ്കരണ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ നിർത്തി വയ്ക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ്. മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്തി ബോർഡിന്റെ സാധുവായ അനുമതി കരസ്ഥമാക്കുന്നതു വരെ മാർക്കറ്റ് പ്രവർത്തിക്കരുതെന്ന് കാണിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് എൻവയൺമെന്റൽ എൻജിനീയർ നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകി. കഴിഞ്ഞ 15നും 29 നും നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ബോർഡിന്റെ ഉത്തരവ്.എന്നാൽ, മലിനീകരണ നിയന്ത്രണ ബോർഡിന്റേത് തെറ്റായ കണ്ടെത്തലുകളാണെന്നും കത്തിനു മറുപടി നൽകുമെന്നും മാർക്കറ്റ് കൃത്യമായി പ്രവർത്തിക്കുമെന്നും സെക്രട്ടറി കെ.എം. സൈനുദ്ദീൻ പറഞ്ഞു. 

മാർച്ച് ആദ്യ വാരമാണ് ചുങ്കം പുതിയ സ്റ്റാൻഡിന് സമീപം നഗരസഭ മത്സ്യമാംസ മാർക്കറ്റ് തുടങ്ങിയത്. അസംപ്ഷൻ ജംക്‌ഷനിൽ വൺവേ റോഡിൽ പ്രവർത്തിച്ചിരുന്ന മാർക്കറ്റാണ് പൊതു മാർക്കറ്റെന്ന രീതിയിൽ ചുങ്കത്തേയ്ക്ക് മാറ്റിയത്. പഴകി ദ്രവിച്ചു തുടങ്ങിയ അസംപ്ഷൻ ‌ജംക്ഷനിലെ മാർക്കറ്റു കെട്ടിടം പൊളിച്ചു നീക്കി ഷോപ്പിങ് കോംപ്ലക്സ് പണിയുകയാണ് നഗരസഭയുടെ ലക്ഷ്യം. അതിനിടെയാണ് മലീനീ‌കരണ നിയന്ത്രണ ബോർഡിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പ്രവർത്തനം നിർത്തി വയ്ക്കണമെന്ന നിർദേശം ഉണ്ടായത്. മാർക്കറ്റ് മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചപ്പോൾ അതിനെതിരെ കച്ചവടക്കാരിൽ ചിലർ ഹൈക്കോടതിയെ സമീപിച്ചതിൽ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്.മലിനീകരണ നിയന്ത്രണ ബോർഡിന്റേത് ഏകപക്ഷീയ നടപടിയാണെന്ന് നഗരസഭ അധികൃതർ പറഞ്ഞു. മാർക്കറ്റിന് സമീപത്തുള്ള ഓവുചാലിലേക്ക് മാർക്കറ്റിൽ നിന്നുള്ള മലി‌നജലം ഒഴുക്കുന്നില്ല. മറ്റേതെങ്കിലും സ്ഥാപനങ്ങൾ ഒഴുക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ നടപടിയെടുക്കും. 

മത്സ്യ, മാംസ അവശിഷ്ടങ്ങൾ ശേഖരിച്ച് സ്വകാര്യ പ്ലാന്റിൽ സംസ്കരിക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. മാർക്കറ്റ് ന‌വീകരണത്തിന് 20 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്. സദുദ്ദേശത്തോടെയാണ് അസംപ്ഷൻ ജം‌ക്‌ഷനിലെ മാർക്കറ്റ് ചുങ്കത്തേക്കു മാറ്റിയത്. മാനുഷിക പരിഗണന നോക്കിയാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. പഴകി ദ്രവിച്ച കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മാർക്കറ്റ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയാണുണ്ടായതെന്നും നഗരസഭാ അധികൃതർ പറഞ്ഞു. 1974 ലെ ജല മലിനീകരണ നിയമനം സെക്‌ഷൻ 33 എ പ്രകാരമാണ് മലിനീകരണ നിയന്ത്രണ ബോർഡ് നടപടി കൈക്കൊണ്ടിട്ടുള്ളത്. മാർക്കറ്റിലേക്കുള്ള വൈദ്യുത ബന്ധം വിഛേദിക്കണമെന്ന് കാണിച്ച് കെഎസ്ഇബിക്കും മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശം നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com