ADVERTISEMENT

പൊഴുതന∙ നാട്ടിൽ ഇറങ്ങി ആക്രമണം പതിവാക്കിയ പുലിയെ പിടിക്കാൻ കൂട് വയ്ക്കണമെന്ന ആവശ്യം ചെവിക്കൊള്ളാതെ അധികൃതർ. അച്ചൂരിലെ ജനവാസ കേന്ദ്രമായ നാലാം നമ്പർ പ്രദേശത്ത് പുലി സാന്നിധ്യം പതിവായതോടെ ഭീതിയിലായ നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും കൂട് വയ്ക്കാൻ അധികൃതർ നടപടിയെടുക്കുന്നില്ല. നാലാം നമ്പർ ലക്ഷം വീട് കോളനി അടക്കം 110 വീടുകൾ സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. ഈ ഭാഗത്തു നിന്ന് ദിവസങ്ങൾക്കകം 2 പശുക്കളെ പുലി കൊന്നു തിന്നിട്ടുണ്ട്. ഇവിടേക്കുള്ള റോഡിൽ വച്ച് മത്സ്യ വിൽപനക്കാരന്റെ ബൈക്കിനു കുറുകെ പുലി ചാടിയതായും നാട്ടുകാർ പറയുന്നു സമീപ പ്രദേശങ്ങളായ അഞ്ചാം നമ്പർ, പത്താം നമ്പർ, കമ്മാടംകുന്ന് ഭാഗങ്ങളിലും വളർത്തു മൃഗങ്ങളെ പുലി കൊന്നിട്ടുണ്ട്. 

2
പുലി സാന്നിധ്യം പതിവായ അച്ചൂർ നാലാം നമ്പർ പ്രദേശത്ത് തേയില തോട്ടത്തിനു നടുവിലെ സ്ഥലത്ത് കളിക്കുന്ന കുട്ടികൾ.

പ്രദേശത്ത് പല ഭാഗങ്ങളിലായി തെരുവു നായകളുടെ അടക്കം വളർത്തു മൃഗങ്ങളുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത് ഭീതി പരത്തുകയാണ്. തോട്ടം തൊഴിലാളികളായ സ്ത്രീകൾ‍ അടക്കമുള്ള നാട്ടുകാർ ഏറെ ഭീതിയോടെയാണു ജോലിക്കു പോകൂന്നത്. വേനൽ കനത്തതോടെ തൊഴിൽ സമയം ക്രമീകരിച്ചതു കാരണം നേരത്തെ ജോലിക്ക് ഇറങ്ങേണ്ട അവസ്ഥ കൂടി ആയതോടെ എന്തു ചെയ്യണമെന്ന് അറിയാതെ കുഴങ്ങുകയാണു ഇവർ. തേയില ചെടികൾക്കിടയിൽ നിന്ന് ചപ്പ് നുള്ളുന്നത് അടക്കമുള്ള ജോലികൾ എങ്ങനെ ചെയ്യും എന്നാണ്       ഇവർ ചോദിക്കുന്നത്. വനത്തിൽ നിന്ന് പൈപ്പ് വഴി വെള്ളം എത്തിച്ചാണ് പ്രദേശത്ത് കുടിവെള്ളം വിതരണം ചെയ്യുന്നത്. 

3
പുലി കടിച്ചു കൊന്ന പശുക്കളുടെ ഉടമ മുസ്തഫ സംഭവം നടന്ന സ്ഥലം ചൂണ്ടി കാണിക്കുന്നു.

ഇവിടേക്ക് വെള്ളം എത്തിക്കുന്ന പൈപ്പ് ആനയും മറ്റ് കാട്ടു മൃഗങ്ങളും നശിപ്പിക്കുന്നത് പതിവാണ്. ജല വിതരണം നിലയ്ക്കുമ്പോൾ വനാതിർത്തിയിലെ ടാങ്ക് വരെ നടന്നെത്തി അത് നന്നാക്കിയാണ് ജല വിതരണം പുനഃസ്ഥാപിക്കുന്നത്.  എന്നാൽ പുലിയെ പേടിച്ച് ഇത്തരം ജോലിക്ക് പോകാൻ ആളുകൾ കൂട്ടാക്കാതെ ആയതോടെ പ്രദേശത്തെ കുടിവെള്ളവും ഉടൻ നിലയ്ക്കും എന്ന ആശങ്കയും ഉണ്ട്. കൂട് സ്ഥാപിച്ച് ഇതിനെ പിടികൂടാൻ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. പരാതികൾ നൽകിയിട്ടും പരിഹരിക്കാൻ നടപടി ഇല്ലാത്തതിനാൽ പ്രദേശത്ത് പ്രതിഷേധം ശക്തമാകുകയാണ്. പുലിയുടെ ആക്രമണത്തിൽ വളർത്തു മൃഗങ്ങൾ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഉടമകൾ പറയുന്നു.

4
പുലിഭീതിയിൽ കഴിയുന്ന അച്ചൂർ നാലാം നമ്പർ പ്രദേശത്തെ കുടിവെള്ള വിതരണ ടാങ്ക്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com