ബത്തേരി ∙ പിഎം 2വിനെ തുറന്നുവിടാനുള്ള വനംവകുപ്പ് നീക്കത്തിനെതിരെ കര്‍ഷകര്‍ രംഗത്ത്. നീലഗിരിയിലും വയനാട്ടിലും പ്രശ്നങ്ങൾ സൃഷ്ടിക്കുകയും കഴിഞ്ഞ ജനുവരി 9നു മുത്തങ്ങ ആനപരിശീലന കേന്ദ്രത്തിലെ കൂട്ടിലടയ്ക്കപ്പെടുകയും ചെയ്ത പിഎം2 (പന്തല്ലൂർ മഖ്ന) എന്ന കാട്ടുമോഴയാനയെ വീണ്ടും തുറന്നു വിടുന്നതു സംബന്ധിച്ചു തീരുമാനമെടുക്കാന്‍ 5 അംഗ സമിതിയെ വനംവകുപ്പ് നിയോഗിച്ചതിനെതിരെയാണു പ്രതിഷേധമുയരുന്നത്.
ജനങ്ങളെ ഏറെ പ്രതികൂലമായി ബാധിക്കുന്ന വിഷയത്തില്‍ തീരുമാനമെടുക്കാന്‍ നിയോഗിച്ച സമിതിയില്‍ ഒരു ജനപ്രതിനിധിയെപ്പോലും ഉള്‍പ്പെടുത്തുകയോ കര്‍ഷകസംഘടനകള്‍ക്കു പ്രാതിനിധ്യം നല്‍കുകയോ ചെയ്യാത്തതിലും പ്രതിഷധമുണ്ട്. 3 മാസത്തോളമായി കൂട്ടിൽ കിടക്കുകയും മനുഷ്യൻ നൽകുന്ന ഭക്ഷണം കഴിച്ച് അവന്റെ നിയന്ത്രണത്തിൽ ജീവിക്കുകയും ചെയ്യുന്ന ആനയെ വീണ്ടും കാട്ടാനയാക്കാനുള്ള ശ്രമം കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നു നാട്ടുകാർ പറയുന്നു.
വനംവകുപ്പ് പിടികൂടി രാജ എന്ന പേരിട്ട പിഎം2 വിനെ കാട്ടിലേക്കു വിട്ടാല്‍ വീണ്ടും ജനവാസ കേന്ദ്രങ്ങളിലിറങ്ങുമെന്ന് ഉറപ്പാണ്. ആളുകളുമായി കൂടുതൽ ബന്ധം വന്നതിനാൽ നാട്ടുഭക്ഷണം തേടി വീട്ടുമുറ്റങ്ങളിലേക്കുമെത്തും. വീണ്ടും കാട്ടിലെത്തിയാൽ കാട്ടാനകളുമായി ഏറ്റുമുട്ടാനും ഇടയുണ്ട്. പിഎം 2 വിന്റെ ജീവൻ തന്നെ അപകടത്തിലാകുമെന്നും വാദമുയരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കര്‍ഷവിരുദ്ധ നിലപാട് തിരുത്താന്‍ മന്ത്രിതലത്തില്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യവുമുയരുന്നു. എന്നാല്‍, പരിസ്ഥിതിസംഘടനകളുടെയും മൃഗസ്നേഹികളുടെയും ആവശ്യം നടപ്പാക്കാവുന്നതാണോയെന്നു പരിശോധിക്കുന്നതു മാത്രമേയുള്ളൂവെന്നാണു വനംവകുപ്പ് നിലപാട്.
കഴിഞ്ഞ ജനുവരി ആദ്യ ആഴ്ചയിലാണ് പിഎം 2 വയനാട് വന്യജീവി സങ്കേതത്തോട് അതിർത്തി പങ്കിടുന്ന ജനവാസ മേഖലയിലും തുടർന്ന് ബത്തേരി ടൗണിലും എത്തിയത്. രാത്രിയിൽ ബത്തേരി നഗരമധ്യത്തില്‍ കാൽ നടയാത്രക്കാരനെ ആക്രമിക്കുകയും ബസിനു നേരെ ചിറീയടുക്കുകയും ചെയ്ത ആന ഏറെ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. തമിഴ്നാട്ടിൽ 2 പേരെ കൊന്ന പിഎം2 അവിടെയും ഏറെ പ്രശ്നക്കാരനാണ്.
പിഎം 2 വിന്റെ സ്വന്തം തട്ടകമായ തമിഴ്നാട്ടിലെ ഗൂഡല്ലൂർ, പന്തല്ലൂർ വനമേഖലകളിലാണ് തുറന്നു വിടുന്നതെങ്കിൽ പഴയതു പോലെ 50 ഉം 60 ഉം കിലോമീറ്ററുകൾ പിന്നിട്ട് വീണ്ടും വയനാടൻ കാടുകളിലേക്കെത്തിക്കൂടെന്നില്ല. 2 കിലോമീറ്റർ വനത്തിനകത്തു വച്ചാണ് പിഎം 2 വിനെ പിടികൂടിയതെന്ന പരാതിക്കാരുടെ വാദവും ശരിയല്ല. വയനാട് വന്യജീവി സങ്കേതത്തിലെ ആർആർടി റേഞ്ച് ഓഫിസിൽ നിന്ന് 500 മീറ്റർ മാത്രം മാറിയാണ് ആനയെ പിടികൂടിയത്. പിഎം 2 വിനെ തുറന്നു വിടുന്നത് സംബന്ധിച്ച് 5 അംഗ സമിതിയെ നിയോഗിച്ച് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ തീരുമാനം ഏറെ ചർച്ചകൾക്കു വഴി വയ്ക്കും.
കൂട്ടിൽ പരമസാധു
ബത്തേരി ∙ തമിഴ്നാട്ടിൽ അരി തിന്നും ആളെക്കൊന്നും അലറി വിളിച്ചു നടന്ന പിഎം 2 എന്ന പന്തല്ലൂർ മഖ്ന മുത്തങ്ങയിലെ കൂട്ടിൽ ഇപ്പോൾ പമരമസാധു. കുളിക്കാനും ഭക്ഷണം കഴിക്കാനും പരിചാരകരായ പാപ്പാൻമാരെ കാത്തുകഴിയുന്ന കുറുമ്പില്ലാത്ത മോഴ. ഇണക്കിയെടുക്കുന്നതിനും ചട്ടം പഠിപ്പിക്കുന്നതിനുമായി പിഎം 2 വിനെ പാർപ്പിച്ചിട്ടുള്ള കൂറ്റൻ മരങ്ങൾ കൊണ്ട് ഇഴ തീർത്ത കൂട്ടിനുള്ളിൽ ഇപ്പോൾ പാപ്പാൻമാരും ഇറങ്ങും.
കൂട്ടിനകത്തു നിന്നു തന്നെ പിഎം 2 വിന് ഭക്ഷണവും വെള്ളവും നൽകും. കുളിപ്പിക്കുകയും ചെയ്യും. ഇതെല്ലാം സ്നേഹത്തോടെ ആസ്വദിക്കുകയും ചെയ്യും . അരി റാഗി, ചെറുപയർ എന്നിവ കൊണ്ടുള്ള ഭക്ഷണങ്ങളും കരിമ്പ്, പുല്ല്, വാഴ എന്നിവയുമെല്ലാം നൽകുന്നുണ്ട്. കൂട്ടിനു പുറത്തിറക്കാൻ പാപ്പാൻമാർക്ക് ഇനി പുറത്തു കയറുന്ന ചടങ്ങു കൂടിയേ ബാക്കിയുള്ളു.ഇത്തരത്തിൽ 82 നാൾ കൂട്ടിൽ കഴിഞ്ഞ ‘രാജ’ യെന്നു പേരിട്ടു വിളിച്ച കാട്ടുമോഴയാനയെ ആണ് വീണ്ടും കാട്ടിലേക്ക് തുറന്നു വിടാൻ വനംവകുപ്പ് ആലോചിക്കുന്നത്.
അനസ് എടാലത്ത് പന്തല്ലൂർ തമിഴ്നാട് കോൺഗ്രസ് സെക്രട്ടറി :പന്തല്ലൂർ പ്രദേശത്ത് 80 വീടുകൾ തകർക്കുകയും 2 പേരെ ആക്രമിച്ച് കൊലപ്പെടുത്തുകയും ചെയ്ത കാട്ടാനയാണ് പന്തല്ലൂർ മോഴയാന. ഈ കാട്ടനയെ സ്വതന്ത്രമാക്കാനുള്ള തീരുമാനം അപകടകരമാണ്. പന്തല്ലൂരിൽ ആക്രമണം നടത്തിയ പിഎം 2നെ തമിഴ്നാട് വനം വകുപ്പ് പിടികൂടി റോഡിയോ കോളർ ഘടിപ്പിച്ച് മുതുമലയിലാണു തുറന്നു വിട്ടത്. ഒരുമാസത്തിനു ശേഷം കാട്ടാന ഗൂഡല്ലൂർ ഭാഗത്ത് വനത്തിൽ എത്തിയതോടെ തെപ്പക്കാട് ആനപ്പന്തിയിൽ നിന്നുള്ള 4 താപ്പാനകളെ ഉപയോഗിച്ചു വീണ്ടും വനത്തിലേക്ക് തുരത്തി. രണ്ടാഴ്ചയോളം വനപാലകർ വനത്തിൽ കാട്ടാനയ്ക്ക് കാവൽ നിന്നു. പിന്നീട് പിഎം 2 മൂന്നു സംസ്ഥാനങ്ങളുടെ സംഗമ കേന്ദ്രമായ ട്രെ ജംക്‌ഷൻ വഴി വയനാട് വനത്തിലേക്ക് കടന്നതായി വനപാലകർ സ്ഥിരീകരിച്ചിരുന്നു. വീട് തകർത്ത് അരിയും പലവ്യഞ്ജനങ്ങളും മാത്രം തിന്നു ശീലിച്ച കാട്ടാന വനത്തിൽ തങ്ങില്ല. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയുടെ താൽപര്യ പ്രകാരമാണ് അന്ന് പന്തല്ലൂർ മോഴയാനയെ തുറന്നു വിട്ടത്. മോഴയാനയെ വീണ്ടും സ്വതന്ത്രമാക്കിയാൽ വലിയ ദുരന്തങ്ങൾ സംഭവിക്കും.
ടി.എൽ. സാബു പൊതു പ്രവർത്തകൻ, മുള്ളൻകുന്ന്, ബത്തേരി :ഇണങ്ങിത്തുടങ്ങിയ കാട്ടാനയെ വീണ്ടും കാട്ടിൽ വിടണമെന്ന് പറയുന്നത് ബാലിശമാണ്. അങ്ങിനെയെങ്കിൽ വനംവകുപ്പിന്റെ വിവിധ ആനപന്തികളിലും പരിശീന കേന്ദ്രങ്ങളിലുമുള്ള കുങ്കിയാനകളെയും താപ്പാനകളെയും വീണ്ടും കാട്ടിൽ തുറന്നു വിടാൻ തയാറാകേണ്ടിവരും. സത്യമംഗലം, പന്തല്ലൂർ വനമേഖലകളിൽ നിന്ന് കിലോമീറ്ററുകൾ താണ്ടി ഇവിടെയെത്തി ഭീതി പടർത്തിയ പി.എം 2 ഞങ്ങളുടെ വീടിന്റെ മുറ്റത്തു വരെ എത്തിയിരുന്നു. ജനങ്ങളുടെ ആവശ്യവും നാടിന്റെ നന്മയും കണക്കിലെടുത്താണ് അന്ന് പിഎം 2 വിനെ കൂട്ടിലാക്കിയത്.
കെ.സുകുമാരൻ, കർഷകൻ രത്നഗിരി, കട്ടയാട് ബത്തേരി :ഞങ്ങളുടെ വീടിനു താഴെ വരെയെത്തിയ കാട്ടാനയാണ് പിഎം 2. അതു കഴിഞ്ഞാണ് ബത്തേരി ടൗണിലെത്തി ആളെ ആക്രമിച്ചത്. രണ്ടാളെ കൊന്ന ആനയെ വീണ്ടും കാട്ടിലേക്ക് തുറന്നു വിട്ടാൽ പ്രശ്ന കൂടുതൽ സങ്കീർണമാകും. തുറന്നു വിടുന്നത് ആലോചിക്കുമെന്ന വനംവകുപ്പിന്റെ തീരുമാനം അംഗീകരിക്കാൻ കഴിയില്ല. റെയിൽപാള വേലി ഉണ്ടായിട്ടു പോലും അതിനടിയിലൂടെ നൂഴ്ന്ന് നാട്ടിൻപുറത്തിറങ്ങിയ ആനയാണ് പിഎം2. ഇനിയും പുറത്തു വിട്ടാൽ അത് ജനജീവിതത്തിൽ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും.
ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ : പിഎം 2വിനെ കാട്ടിലേക്കു തുറന്നുവിട്ടാല്‍ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കും. ശല്യക്കാരനായ കാട്ടാനയെ കാട്ടിലേക്കു തുറന്നുവിടുന്നതു ജനജീവിതം കൂടുതൽ ദുസ്സഹമാക്കുമെന്നുറപ്പാണ്. വനംവകുപ്പ് നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനംവകുപ്പ് മന്ത്രിക്കും കത്ത് അയയ്ക്കും.
അലക്സ് ഒഴുകയില്‍ ചെയര്‍മാന്‍ , കിഫ : ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് വനനിയമങ്ങള്‍ അറിയാത്തതിന്റെ കുഴപ്പമാണിത്. വന്യജീവി സംരക്ഷണനിയമപ്രകാരം, മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഏതു ജീവിയെയും വെടിവച്ചുകൊല്ലാനോ പുനരധിവസിപ്പിക്കാനോ ഉള്ള അധികാരം ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന് ഉണ്ട്. അങ്ങനെ ബോധ്യം വന്നതുകൊണ്ടാണല്ലോ പിഎം 2വിനെ മയക്കുവെടിവച്ചു പിടിച്ചത്. ഏതെങ്കിലും ഒരു സംഘടന പരാതിപ്പെട്ടാലുടന്‍ ആ തീരുമാനം പുനഃപരിശോധിക്കേണ്ടിവരുന്നുവെന്നു പറയുന്നത് വനംവകുപ്പ് നടപടി തെറ്റായിപ്പോയെന്നു വനംവകുപ്പ് തന്നെ സമ്മതിക്കുന്നതിനു തുല്യമല്ലേ? ഇതു വനംവകുപ്പിന്റെ പതിവുതന്ത്രമാണ്. ജനങ്ങളുടെ രോഷമകറ്റാന്‍ കണ്ണില്‍പൊടിയിടുന്ന മട്ടില്‍ ചില നടപടികളെടുക്കുകയും പിന്നാലെ, വനംവകുപ്പിന്റെ ഫണ്ട് വാങ്ങുന്ന സംഘടനകളെ ഉപയോഗിച്ച് കോടതി വ്യവഹാരങ്ങളിലൂടെ എതിര്‍വിധി വാങ്ങുന്ന പരിപാടിയാണു നടക്കുന്നത്. കിഫ ഒരുപാട് പരാതി വനംവകുപ്പിനു നല്‍കിയിട്ടും അതു പരിശോധിക്കാന്‍ ഇതുവരെ കമ്മിറ്റി വച്ചിട്ടില്ലല്ലോ?
ടി.കെ. രമേഷ് നഗരസഭാധ്യക്ഷൻ, ബത്തേരി :പിഎം 2 വിനെ വീണ്ടും തുറന്നു വിടാനുള്ള നീക്കമുണ്ടായാൽ നിയമപരമായും ജനകീയമായും എതിർക്കും. കുങ്കിയാന പരിശീലനം നേടിക്കൊണ്ടിരിക്കുന്ന ഒരു ആനയെ വീട്ടിൽ കാട്ടിൽ വിടുമെന്നത് ശരിയായ കാര്യമായി തോന്നുന്നില്ല. ജനപ്രതിനിധികളെയും ജനങ്ങളെയും കേൾക്കാതെ ഉദ്യോഗസ്ഥരെടുക്കുന്ന തീരുമാനങ്ങൾ പൂർണമായി അംഗീകരിക്കാൻ കഴിയുന്നതല്ല.