കൽപറ്റ ∙ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി വയനാട്ടുകാരോടുള്ള വെല്ലുവിളിയാണെന്നു കെ.സി. വേണുഗോപാൽ എംപി. വയനാട്ടിലെ ജനങ്ങളോട് പറയാനുള്ള കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് രാഹുൽഗാന്ധിയുടെ കത്ത് പാർലമെന്റ് മണ്ഡലത്തിലെ മുഴുവൻ വീടുകളിലുമെത്തിക്കും. ജനങ്ങളെ നേരിൽ കാണാൻ രാഹുൽഗാന്ധി 11നു വയനാട്ടിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ യുഡിഎഫ് കമ്മിറ്റിയുടെ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.സി. വേണുഗോപാൽ. സത്യം വിളിച്ചുപറഞ്ഞതിനാണ് രാഹുൽഗാന്ധിയെ അയോഗ്യനാക്കിയത്. രാഹുൽഗാന്ധി നേരിട്ട അനീതിക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. കക്ഷിരാഷ്ട്രീയ ഭേദമെന്യേ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന മുഴുവൻ ആളുകളും ഫാഷിസ്റ്റ് നടപടിക്കെതിരായ പോരാട്ടമുഖത്താണ്. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ പണക്കാരനായി ആറേഴു വർഷങ്ങൾക്കുള്ളിൽ അദാനി വളരാനിടയായ സാഹചര്യങ്ങളെക്കുറിച്ചാണ് രാഹുൽഗാന്ധി പാർലമെന്റിൽ ചോദിച്ചത്.
രാഹുൽഗാന്ധി പ്രസംഗിച്ച് മൂന്നു ദിവസത്തിനകം അപകീർത്തി കേസിൽ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ പിൻവലിച്ചു. കേസിന്റെ വിചാരണ 26 ദിവസംകൊണ്ട് പൂർത്തിയാക്കി സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി വിധി പ്രസ്താവിച്ചതും ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയർമാൻ കെ.കെ. അഹമ്മദ്ഹാജി അധ്യക്ഷനായിരുന്നു.
ഡിസിസി പ്രസിഡന്റുമാരായ എൻ.ഡി. അപ്പച്ചൻ, പ്രവീൺകുമാർ, വി.എസ്. ജോയി, എംഎൽഎമാരായ ടി. സിദ്ദീഖ്, എ.പി അനിൽകുമാർ, ഐ.സി ബാലകൃഷ്ണൻ, കെപിസിസി ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം, ആര്യാടൻ ഷൗക്കത്ത്, എം.സി. സെബാസ്റ്റ്യൻ, ആന്റണി, പി.കെ. ജയലക്ഷ്മി, കെ.എൽ. പൗലോസ്, കെ.കെ. വിശ്വനാഥൻ, പി.പി. ആലി, എം.എ. ജോസഫ്, പ്രവീൺ തങ്കപ്പൻ, ദാമോദരൻ, ടി. മുഹമ്മദ്, വി.എ. മജീദ്, റസാഖ് കൽപറ്റ തുടങ്ങിയവർ പ്രസംഗിച്ചു.