ADVERTISEMENT

വെള്ളമുണ്ട∙ പുറത്തേക്ക് എഴുതിയ മരുന്നു വാങ്ങാൻ കാത്തു നിൽക്കാതെ പിഞ്ചുകുഞ്ഞ് നഷ്ടമായ വേദനയിൽ കാരാട്ട്കുന്ന് ആദിവാസി കോളനിയിലെ ദമ്പതികളായ ബിനീഷും ലീലയും. ആരോഗ്യ സ്ഥിതി മോശമായ 6 മാസം മാത്രം പ്രായമായ കുഞ്ഞിനെയും കൊണ്ട് മാനന്തവാടി മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് എത്തിയപ്പോൾ ഉണ്ടായ ദുരവസ്ഥയിൽ അമർഷവും വേദനയും ഉള്ളിലൊതുക്കി കഴിയുകയാണ് ഇവർ.

കഴിഞ്ഞ 22നാണ് കടുത്ത ചുമയും കഫക്കെട്ടും അനുഭവപ്പെട്ട കുഞ്ഞിനു ചികിത്സ തേടി ഇവർ മെഡിക്കൽ കോളജിൽ എത്തുന്നത്. കുട്ടിയെ അഡ്മിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട ദമ്പതികളോട് അതിന്റെ ആവശ്യമില്ലെന്നു പറഞ്ഞ് ഡോക്ടർ ദേഷ്യപ്പെടുകയും ഒരു മരുന്നു മാത്രം ആശുപത്രിയിൽ നിന്ന് നൽകുകയും ബാക്കിയുള്ളവ പുറത്തു നിന്നു വാങ്ങാൻ പറഞ്ഞു മടക്കി അയയ്ക്കുകയുമായിരുന്നുവെന്ന് ബിനീഷ് പറഞ്ഞു.

കയ്യിൽ പണം ഇല്ലാത്തതിനാൽ വീട്ടിലെത്തി പണം ഏർ‍പ്പാടാക്കി പിറ്റേന്ന് മരുന്ന് വാങ്ങാം എന്നു കരുതിയെങ്കിലും മരുന്നിനു കാത്തു നിൽക്കാതെ രാവിലെ കു‍ഞ്ഞ് മരിക്കുകയുമായിരുന്നുവെന്നും ഇദ്ദേഹം പറയുന്നു. ന്യുമോണിയയും വിളർച്ചയും ആണ് കുഞ്ഞിന്റെ മരണകാരണമായി പറയപ്പെടുന്നത്. കുട്ടി ജനിച്ച് ഒരു മാസം തികഞ്ഞപ്പോൾ മുതൽ തന്നെ ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയിരുന്നതായും ദമ്പതികൾ പറഞ്ഞു.

മോശം ആരോഗ്യ സ്ഥിതിയിൽ തുടർന്ന കുട്ടിക്ക് ആവശ്യമായ ചികിത്സ ഒരുക്കാൻ ആരോഗ്യ പ്രവർത്തകരും നടപടിയെടുത്തില്ലെന്നു സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രം ജീവനക്കാർക്ക് എതിരെയും പരാതി ഉയർന്നിട്ടുണ്ട്. പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഡോക്ടറുടെ ഭാഗത്ത് ചികിത്സാ പിഴവ് കണ്ടെത്തിയിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്നും ഒ.ആർ. കേളു എംഎൽഎ അറിയിച്ചു.

ആരോഗ്യ പ്രവർത്തകരുടെ ഭാഗത്തു നിന്നും അശ്രദ്ധ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വീഴ്ച കണ്ടെത്തിയാൽ സംഭവത്തിന് ഉത്തരവാദികളായ ആരോഗ്യ വകുപ്പ് ജീവനക്കാർ, കുട്ടിയെ പരിശോധിച്ച ഡോക്ടർ എന്നിവർക്ക് എതിരെ കർശന നടപടി ഉണ്ടാകുമെന്ന് ‍ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. പി. ദിനീഷും അറിയിച്ചു.

ഡിഎംഒയെ ഉപരോധിച്ചു

dmo-office-wayanad
മതിയായ ചികിത്സ ലഭിക്കാതെ 6 മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡിഎംഒയെ ഉപരോധിക്കുന്നു.

മാനന്തവാടി ∙  മതിയായ ചികിത്സ ലഭിക്കാതെ 6 മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡിഎംഒയെ ഉപരോധിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ കുറ്റക്കാരായ നഴ്സുമാർക്ക് എതിരെ 17ന്അകം നടപടി ഉണ്ടാകുമെന്നും ഡോക്ടർക്ക് എതിരെ നടപടി ഉണ്ടാകുമെന്നും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഉറപ്പു നൽകിയതായി ഡിഎംഒ ഡോ. പി. ദിനീഷ് പറഞ്ഞതോടെയാണ് സമരം അവസാനിച്ചത്. സമരത്തിന് എ.എം. നിഷാന്ത്, അസീസ് വാളാട്, അജ്മൽ വെള്ളമുണ്ട,  കെ. ബിജി, കെ. എൽബിൻ എന്നിവർ നേതൃത്വം നൽകി.

ആരോഗ്യ വകുപ്പിന്റെ അനാസ്ഥ

മാനന്തവാടി∙ വെള്ളമുണ്ട കാരാട്ട്കുന്ന് ആദിവാസി കോളനിയിലെ കുഞ്ഞ് മരിക്കാനിടയാക്കിയ കാരണം ആരോഗ്യ വകുപ്പിന്റെ അനാസ്ഥയാണെന്നു മുസ്‌ലിം ലീഗ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. ചികിത്സ ലഭിക്കാതെ മരിക്കുന്നവരുടെ എണ്ണം താലൂക്ക് പരിധിയിൽ ഏറി വരികയാണ്. ഇത്തരം സംഭവങ്ങൾക്ക് കാരണക്കാരായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സി.പി. മൊയ്തു ഹാജി, ജന. സെക്രട്ടറി അസീസ് കോറോം, മുഹമ്മദ് കടവത്ത് എന്നിവർ പ്രസംഗിച്ചു.

നരഹത്യയ്ക്ക് കേസെടുക്കണം

വെള്ളമുണ്ട∙ കാരാട്ട്കുന്ന് കോളനിയിലെ കുഞ്ഞിന്റെ മരണത്തിന് ഉത്തരവവാദികളായവർക്കെതിരെ നരഹത്യയ്ക്കു കേസെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പ് ജീവനക്കാരുടെ ഭാഗത്ത് ഗുരുതരമായ അനാസ്ഥയാണ് സംഭവിച്ചിരിക്കുന്നത്. ആദിവാസി വിഭാഗത്തിലെ സ്ത്രീകൾക്ക് പ്രസവാനന്തരം ലഭിക്കേണ്ട ഒരു ആനുകൂല്യവും ഇവർക്ക് ലഭിച്ചിട്ടില്ല. വിഷയത്തിൽ കേന്ദ്ര പട്ടിക വർഗ കമ്മിഷനു പരാതി നൽകുമെന്നും കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം സംസ്ഥാന സമിതി അംഗം സജി ശങ്കർ പറഞ്ഞു. സി. അഖിൽ പ്രേം, കെ.എം. പ്രജീഷ്, കേളു അത്തിക്കൊല്ലി, മനോജ് കാരാട്ട്കുന്ന് എന്നിവർ പ്രസംഗിച്ചു.

ഡോക്ടറെ പിരിച്ചുവിട്ടു

മാനന്തവാടി∙ ആരോപണവിധേയനായ ഡോക്ടറെ പിരിച്ചുവിട്ടതായി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ കെ.കെ. മുബാറക് അറിയിച്ചു

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com