വളർത്തു മൃഗങ്ങളെ കൊന്ന പുലിയെ പിടിക്കാൻ കൂട് സ്ഥാപിച്ചു

Mail This Article
പൊഴുതന∙ അച്ചൂർ നാലാം നമ്പർ പ്രദേശത്തെ വളർത്തു മൃഗങ്ങളെ കൊന്ന പുലിയെ പിടിക്കാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു. ഒട്ടേറെ വളർത്തു മൃഗങ്ങളെ കൊന്നു തിന്നുകയും പകൽ സമയങ്ങളിൽ പോലും പ്രദേശത്ത് എത്തുകയും ചെയ്ത പുലിയെ പിടികൂടാൻ നടപടി ഇല്ലാത്തതിനെ കുറിച്ച് മനോരമ വാർത്ത നൽകിയിരുന്നു.
ഒട്ടേറെ കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെ പുലി എത്തി വളർത്തു മൃഗങ്ങളെ പിടികൂടുന്നത് പതിവായത് പ്രദേശവാസികളെ ഏറെ ഭീതിയിലാഴ്ത്തിയിരുന്നു.പുലി സാന്നിധ്യം പതിവായതോടെ വനം വകുപ്പ് ക്യാമറ സ്ഥാപിക്കുകയും അതിൽ പുലിയുടെ ചിത്രം പതിയുകയും ചെയ്തു. അതോടെ പ്രദേശവാസികൾ കൂടുതൽ ഭീതിയിലാവുകയും കൂട് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാക്കുകയുമുണ്ടായി.
തകരാറിലാകുന്ന കുടിവെള്ള വിതരണ പൈപ്പ് നന്നാക്കാൻ പോലും പുലി ഭീതി കാരണം ആളുകൾ തയാറാകാതെ വന്നതോടെ പ്രദേശത്തെ കുടിവെള്ളം നിലയ്ക്കുമെന്ന അവസ്ഥയും ഉണ്ടായി. ഇന്നലെ രാത്രിയോടെ ബത്തേരിയിൽ നിന്ന് എത്തിച്ച കൂട് കഴിഞ്ഞ ദിവസം പശുക്കുട്ടിയെ പിടികൂടിയ സ്ഥലത്തിനു സമീപമാണ് സ്ഥാപിച്ചത്.